കൊളംബോ: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് 248 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് ഏഴ് വിക്കറ്റുകൾ നഷ്ടമായി. 50 ഓവറിൽ 248 റൺസാണ് ഇന്ത്യ നേടിയത്. നിശ്ചിത ഇടവേളകളിൽ വിക്കറ്റ് തുലച്ചതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
നേരത്തെ രണ്ട് റൺസെടുത്ത് നിൽക്കെ നോ ബോളിൻ്റെ ബലത്തിൽ പുറത്താകലിൽ നിന്ന് ജെമീമ റോഡ്രിഗസ് രക്ഷപ്പെട്ടിരുന്നു. വിക്കറ്റ് കീപ്പർ ക്യാച്ചെടുത്ത ഉടനെ അമ്പയർ ഔട്ട് വിധിച്ചെങ്കിലും പന്ത് നോ ബോൾ ആണെന്ന് കണ്ടതോടെ തീരുമാനം പിൻവലിക്കുകയായിരുന്നു.
ഓപ്പണർമാരായ പ്രതീക റാവൽ (31) സ്മൃതി മന്ദാന (23) എന്നിവർക്ക് പുറമെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (19), ഹർലീൻ ഡിയോളും (46), ജെമീമ റോഡ്രിഗസും (32) പുറത്തായി. ദീപ്തി ശർമ (25), സ്നേഹ് റാണ (20) എന്നിവർ വാലറ്റത്ത് സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പാകിസ്ഥാനായി ക്യാപ്റ്റൻ ഫാത്തിമ സനയും ഡയാന ബെയ്ഗും രണ്ട് വീതം വിക്കറ്റെടുത്തു. സാദിയ ഇഖ്ബാൽ, റമീൻ ഷമിം, നഷ്റ സന്ധു എന്നിവർ ഓരോ വിക്കറ്റെടുത്തു.