CRICKET

ധാക്കയില്‍ നടക്കാനിരിക്കുന്ന എസിസി യോഗം ബിസിസിഐ ബഹിഷ്‌കരിക്കും; ഏഷ്യാകപ്പ് അനിശ്ചിതത്വത്തില്‍?

ബിസിസിഐ നിലപാട് വ്യക്തമാക്കിയതോടെ, ഏഷ്യ കപ്പും അനിശ്ചിതത്വത്തിലായി

Author : ന്യൂസ് ഡെസ്ക്

ജൂലൈ 24 ന് ബംഗ്ലാദേശിലെ ധാക്കയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) യോഗം ബിസിസിഐ അടക്കമുള്ള ക്രിക്കറ്റ് ബോര്‍ഡുകള്‍ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചതോടെ 2025 ഏഷ്യാ കപ്പ് അനിശ്ചിതത്വത്തില്‍. ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധം സുഖകരമല്ലാത്ത സാഹചര്യത്തില്‍ ധാക്കയില്‍ നടക്കുന്ന ഐസിസി യോഗത്തില്‍ പങ്കെടുക്കാനാകില്ലെന്ന നിലപാടിലാണ് ബിസിസിഐ എന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിസിസിഐയ്ക്ക് പിന്തുണയുമായി ശ്രീലങ്ക, ഒമാന്‍, അഫ്ഗാനിസ്ഥാന്‍ ബോര്‍ഡുകള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ധാക്കയില്‍ വെച്ച് യോഗം നടത്തണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് എസിസി പ്രസിഡന്റും പിസിബി മേധാവിയുമായ പാക് ആഭ്യന്തരമന്ത്രി മുഹ്‌സിന്‍ നഖ്വി.

ബിസിസിഐ നിലപാട് വ്യക്തമാക്കിയതോടെ, ഏഷ്യ കപ്പും അനിശ്ചിതത്വത്തിലായി. ഇന്ത്യയാണ് ഏഷ്യ കപ്പിന്റെ ആതിഥേയര്‍. നിലവില്‍ ടൂര്‍ണമെന്റിന്റെ വേദികളും ഷെഡ്യൂളും തീരുമാനിച്ചിട്ടില്ല. സെപ്റ്റംബറില്‍ ടൂര്‍ണമെന്റ് നടക്കുമെന്നാണ് നേരത്തേ സൂചനയുണ്ടായിരുന്നത്.

എസിസിയുടെ വാര്‍ഷിക യോഗം ധാക്കയില്‍ ജുലൈ 24 നാണ് നിശ്ചയിച്ചിരിക്കുന്നത്. അടുത്തിടെ, 2025 ഓഗസ്റ്റ് മുതല്‍ 2026 സെപ്റ്റംബര്‍ വരെ ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം മാറ്റിവയ്ക്കാന്‍ ബിസിസിഐയും ബിസിബിയും തീരുമാനിച്ചിരുന്നു. ധാക്കയില്‍ നടക്കുന്ന യോഗം മറ്റിവെക്കാന്‍ ബിസിസിഐ നേരിട്ട് ആവശ്യപ്പെട്ടിട്ടും നഖ് വി നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന ആക്ഷേപവുമുണ്ട്. മാത്രമല്ല, ഇന്ത്യയുടെ ആവശ്യത്തോട് പ്രതികരിക്കാനും എസിസി പ്രസിഡന്റ് തയ്യാറായിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

SCROLL FOR NEXT