CRICKET

പെര്‍ഫോമന്‍സ് നോക്കിയാണെങ്കില്‍ ചിലര്‍ 22 വയസില്‍ വിരമിക്കേണ്ടി വരും: എം.എസ്. ധോണി

തന്റെ റിട്ടയര്‍മെന്റിന് പലര്‍ക്കും ധൃതി കാണും, എന്നാല്‍ തനിക്ക് യാതൊരു തിരക്കുമില്ലെന്നാണ് ധോണിയുടെ നയം

Author : ന്യൂസ് ഡെസ്ക്

ഈ സീസണോടെ എംഎസ് ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമോ? ധോണി വിരമിക്കണമെന്നും വേണ്ടെന്നും ഒക്കെ വലിയ ചര്‍ച്ചകളാണ് സീസണ്‍ ആരംഭിച്ചതു മുതല്‍ നടക്കുന്നത്. എന്നാല്‍ ഇതിനോടൊന്നും പ്രതികരിക്കാതിരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് സീസണിലെ അവസാന മത്സരത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ് തല. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള തന്റെ ഭാവിയെന്താകുമെന്നതിന് കൃത്യമായ മറുപടിയാണ് ധോണി നല്‍കിയത്.

തന്റെ റിട്ടയര്‍മെന്റിന് പലര്‍ക്കും ധൃതി കാണും, എന്നാല്‍ തനിക്ക് യാതൊരു തിരക്കുമില്ലെന്നാണ് ധോണിയുടെ നയം. ഈ സീസണ്‍ ചെന്നൈയ്ക്ക് സമ്പൂര്‍ണ നിരാശയാണെങ്കിലും അവസാന മത്സരത്തിലെ വിജയത്തില്‍ സന്തോഷവനാണെന്നും ധോണി പറഞ്ഞു.

അടുത്ത സീസണില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതയുണ്ടെന്നായിരുന്നു ധോണിയുടെ പ്രതികരണം. തീരുമാനമെടുക്കാന്‍ 4-5 മാസമുണ്ട്. ഒരു തിരക്കുമില്ല. ആദ്യം ശരീരത്തെ ഫിറ്റായി നിര്‍ത്തുകയാണ് വേണ്ടത്. നമ്മുടെ ഏറ്റവും മികച്ചത് നല്‍കുകയാണ് വേണ്ടത്. പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തില്‍ ക്രിക്കറ്റ് താരങ്ങള്‍ വിരമിക്കാന്‍ തുടങ്ങിയാല്‍, ചിലര്‍ 22 വയസ്സില്‍ തന്നെ വിരമിക്കേണ്ടി വരുമല്ലോ എന്നും ധോണി തമാശയായി ചോദിച്ചു.

റാഞ്ചിയില്‍ തിരിച്ചു പോകണം. കുറച്ച് ബൈക്ക് യാത്രകള്‍ നടത്തണം. അവസാനിപ്പിക്കുകയാണെന്ന് ഞാന്‍ പറയുന്നില്ല, തിരിച്ചു വരുമെന്നും പറയുന്നില്ല. ഇഷ്ടം പോലെ സമയം മുന്നിലുണ്ട്. ചിന്തിച്ച് ഒരു തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സീസണിലെ അവസാന മത്സരത്തില്‍ ഗുജറാത്തിനെതിരെ ചെന്നൈ 83 റണ്‍സിന് വിജയിച്ചിരുന്നു. 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് 147 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

SCROLL FOR NEXT