ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര ഞായറാഴ്ച ആരംഭിക്കാനിരിക്കേ ചര്‍ച്ചയാകുന്നത് വിരാട് കോഹ്‌ലിയുടെ സോഷ്യല്‍മീഡിയ പോസ്റ്റാണ്. വലിയൊരു ഇടവേളയ്ക്കു ശേഷം വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയാണ് ഈ ഇന്ത്യന്‍ ടീമിനുള്ളത്.
ഈ വര്‍ഷം ചാമ്പ്യന്‍സ് ട്രോഫിയിലാണ് വിരാട് കോഹ്‌ലി ഇന്ത്യക്കു വേണ്ടി അവസമാനമായി കളിച്ചത്. ടെസ്റ്റില്‍ നിന്നും ടി20 യില്‍ നിന്നും വിരമിച്ച താരം ഐപിഎല്ലിനു ശേഷം ഒരു ഔദ്യോഗിക ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുത്തിട്ടില്ല. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചാമ്പ്യന്‍സ് ട്രോഫിയിലാണ് അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് രോഹിത്തും കളിക്കുന്നത്.
അതിനാല്‍ തന്നെ ഇരുവരുടേയും വരവ് ഗംഭീരമായി ആഘോഷിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഇതിനിടയിലാണ് കോഹ്‌ലിയുടെ പോസ്റ്റും ചര്‍ച്ചയാകുന്നത്. 'തോല്‍ക്കാന്‍ സ്വയം തീരുമാനിക്കുമ്പോള്‍ മാത്രമാണ് നിങ്ങള്‍ യഥാര്‍ഥത്തില്‍ പരാജയപ്പെടുന്നത്'. എന്നാണ് പരമ്പരയ്ക്കായി പെര്‍ത്തില്‍ എത്തിയതിനു പിന്നാലെയുള്ള കോഹ്‌ലിയുടെ പോസ്റ്റ്.
2027 ലെ ഏകദിന ലോകകപ്പില്‍ വിരാട് കോഹ്‌ലി ഉണ്ടാകുമോ അതിനു മുമ്പ് ഏകദിനത്തില്‍ നിന്നും വിരമിക്കുമോ എന്ന ചര്‍ച്ചകള്‍ക്കും ഊഹാപോഹങ്ങള്‍ക്കുമിടയിലാണ് കോഹ്‌ളിയുടെ പോസ്റ്റ്. എന്നാല്‍, ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം വിരാട് കോഹ്‌ലി ഉറപ്പായും ഉണ്ടാകുമെന്ന് മുന്‍ ഇന്ത്യന്‍ താരവും ആര്‍സിബി മെന്ററുമായ ദിനേഷ് കാര്‍ത്തിക് ഉറപ്പിച്ച് പറഞ്ഞിരുന്നു.
ഇടവേളയ്ക്കു ശേഷം കോഹ്‌ലി പരിശീലനം ആരംഭിച്ചുവെന്നും ദിനേഷ് കാര്‍ത്തിക് പറഞ്ഞിരുന്നു.
ഒക്ടോബര്‍ 16 നാണ് ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര ആരംഭിക്കുന്നത്. മത്സരത്തിനായി കോഹ്‌ലി, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍ എന്നീ താരങ്ങള്‍ ഇതിനകം പെര്‍ത്തില്‍ എത്തിക്കഴിഞ്ഞു. പ്രിയതാരങ്ങള്‍ ടീമില്‍ തിരിച്ചെത്തിയതിന്റെ ദൃശ്യങ്ങള്‍ ബിസിസിഐ ഔദ്യോഗിക സോഷ്യല്‍മീഡിയ പേജില്‍ പങ്കുവെച്ചിരുന്നു.