CRICKET

ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ഗില്‍ നയിക്കും; പന്ത് വൈസ് ക്യാപ്റ്റന്‍, കരുണ്‍ നായർ സ്ക്വാഡില്‍

വിരാട് കോഹ്‌ലിയും രോഹിത് ശർമയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് പിന്നാലെയൂള്ള ആദ്യ ടെസ്റ്റ് ടൂർണമെന്‍റ് സ്ക്വാഡാണ് പ്രഖ്യാപിച്ചത്

Author : ന്യൂസ് ഡെസ്ക്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശുഭ്മാൻ ​ഗില്ലാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ടീം നായകൻ. ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ. വിരാട് കോഹ്‌ലിയും രോഹിത് ശർമയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് പിന്നാലെയുള്ള ആദ്യ ടെസ്റ്റ് ടൂർണമെന്‍റ് സ്ക്വാഡാണ് പ്രഖ്യാപിച്ചത്. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് ചേര്‍ന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ടീമിനെ പ്രഖ്യാപിച്ചത്.

18 അംഗ സ്ക്വാഡിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. പേസർ മുഹമ്മദ് ഷമിയും ബാറ്റർ ശ്രേയസ് അയ്യരും ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിൽ ഇടംപിടിച്ചില്ല. ഷമി ഫിറ്റല്ലെന്നും താരത്തിന് ജോലി ഭാരം അധികമാണെന്നുമാണ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയതിന് കാരണമായി ചീഫ് സെലക്ടർ അജിത് അഗാർക്കർ പറഞ്ഞത്. അതേസമയം, ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച 33 വയസുകാരനായ കരുൺ നായരുടെ തിരിച്ചുവരവുമാകും ഇം​ഗ്ലണ്ട് ടൂർ. എട്ട് വർഷത്തിനു ശേഷമാണ് കരുൺ ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തുന്നത്. 2017 മാർച്ചിലാണ് കരുൺ അവസാനമായി ടെസ്റ്റ് കളിച്ചത്.

ഇന്ത്യൻ സ്ക്വാഡ്: ശുഭ്മാൻ ഗിൽ (സി), ഋഷഭ് പന്ത് (വിസി), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, ബി. സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ്ദീപ്, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്.

SCROLL FOR NEXT