ഗോൾഡ് കോസ്റ്റ്: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ മുന്നിലെത്താൻ ഇന്ത്യ. നാലാം മത്സരം ഇന്ന് ക്വീൻസ്‌ലൻഡിലെ ഗോൾഡ് കോസ്റ്റ് സ്റ്റേഡിയത്തിൽ ആണ് നടക്കുന്നത്. ടോസ് നേടിയ ഓസീസ് നായകൻ മിച്ചെൽ മാർഷ് ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയച്ചു.
ഇന്ത്യ 8.2 ഓവറിൽ 67/1 റൺസെടുത്തിട്ടുണ്ട്. ശിവം ദുബെയും ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ. അഭിഷേക് ശർമയെ (28) ആദം സാംപ ടിം ഡേവിഡിൻ്റെ കൈകളിലെത്തിച്ചു. നിലവിൽ അഞ്ച് മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലവില്‍ സമനിലയിലാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ, രണ്ടാം മത്സരം ഓസീസും മൂന്നാം മത്സരം ഇന്ത്യയും ജയിച്ചിരുന്നു.
അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും നിർണായകമാകും. കഴിഞ്ഞ മത്സരം ജയിച്ച ടീമിൽ മാറ്റങ്ങളില്ല. അതിനാൽ സഞ്ജു സാംസണ് പകരം ജിതേഷ് ശർമ തന്നെ ടീമിൽ കളിക്കും. മൂന്നാം മത്സരത്തില്‍ ശരിയായ ടീം കോംബിനേഷനുമായാണ് ഇറങ്ങിയതെന്ന് മത്സര ശേഷം ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു.
ഇതോടെ പകരക്കാരായി ടീമിലെത്തിയ അര്‍ഷ്‌ദീപ് സിങ്ങിനും വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മക്കും വാഷിംഗ്ടണ്‍ സുന്ദറിനും വരും മത്സരങ്ങളിലും അവസരം കിട്ടുമെന്നുറപ്പാണ്. ഇതോടെ മലയാളി താരം സഞ്ജു സാംസണും സ്പിന്നര്‍ കുല്‍ദീപ് യാദവും പേസര്‍ ഹര്‍ഷിത് റാണയും ഇനിയുള്ള കളികളിലും പുറത്തിരിക്കേണ്ടി വരും.
ഗോൾഡ് കോസ്റ്റിലേത് ചെറിയ ഗ്രൗണ്ടാണ്. പരമാവധി 20,000 പേർക്ക് മാത്രമെ ഈ സ്റ്റേഡിയത്തിൽ കളി കാണാനാകൂ. വ്യാഴാഴ്ച മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ 200ന് മുകളിൽ ഉയർന്ന സ്കോറുകൾ ഉണ്ടാകുമെന്നാണ് ക്യൂറേറ്റർമാരുടെ പ്രവചനം.
മിച്ചൽ മാർഷ് (ക്യാപ്റ്റൻ), മിച്ച് ഓവൻ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), ഗ്ലെൻ മാക്സ്‌വെൽ, ടിം ഡേവിഡ്, മാർക്കസ് സ്റ്റോയിനിസ്, മാത്യു ഷോർട്ട്, നഥാൻ എല്ലിസ്, സേവ്യർ ബാർട്ട്ലെറ്റ്, മാത്യു കുഹ്നെമാൻ, മഹ്‌ലി ബേർഡ്മാൻ/ ബെൻ ഡ്വാർഷ്യസ്.
അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ) / സഞ്ജു സാംസൺ, ശിവം ദുബെ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.