രാജ്കോട്ട്: രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിനോട് ഏഴ് വിക്കറ്റിൻ്റെ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിൻ്റെ പ്രകടനത്തിൽ ആരാധകർ നിരാശരായിരുന്നു. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളുടെ മോശം പ്രകടനങ്ങൾക്കെതിരെ രൂക്ഷവിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിൻ്റെ ചില മണ്ടൻ തീരുമാനങ്ങളാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്നും വിമർശനം ഉയരുന്നുണ്ട്. ഇന്ത്യ ഫീൽഡ് ചെയ്യുമ്പോൾ ഗില്ലിൻ്റെ ക്യാപ്റ്റൻസിക്ക് മൂർച്ച കുറഞ്ഞുപോയെന്നാണ് ചിലരുടെ വിലയിരുത്തൽ. സ്പിന്നിന് എതിരെ നന്നായി കളിക്കുന്ന ഡാരിൽ മിച്ചലും വിൽ യങ്ങും ക്രീസിലുള്ളപ്പോൾ കുൽദീപിനേയും ജഡേജയേയും മാറി മാറി പരീക്ഷിച്ച ഗില്ലിൻ്റെ പരീക്ഷണം വേണ്ടത്ര ഗുണം ചെയ്തില്ലെന്നാണ് പോരായ്മയായി ചിലർ ചൂണ്ടിക്കാട്ടുന്നത്. കുൽദീപ് യാദവ് പത്തോവറിൽ 82 റൺസ് വഴങ്ങി ഒരു വിക്കറ്റാണ് നേടിയത്.
രവീന്ദ്ര ജഡേജയുടെ ബൗളിങ്ങിനെ വിമർശിച്ച് സെലക്ടറും മുൻ ഇന്ത്യൻ താരവുമായ എസ്. ശ്രീകാന്ത് രംഗത്തെത്തി. "രവീന്ദ്ര ജഡേജ എനിക്കു ഏറെ ഇഷ്ടമുള്ള താരങ്ങളിലൊരാളാണ്. പക്ഷേ ഈ മത്സരത്തില്‍ എന്താണ് താന്‍ ചെയ്യേണ്ടത് എന്നു പോലുമറിയാത്ത തരത്തിലാണ് താരം കാണപ്പെട്ടത്. അറ്റാക്ക് ചെയ്യണോ, അതോ ഫ്‌ളൈറ്റ് ചെയ്യണോ എന്ന മട്ടിൽ രണ്ട് മനസ്സിലായിരുന്നു ജഡേജ. മത്സരത്തിൽ എന്തു വേണമെന്ന് ജഡേജയ്ക്കും അറിയില്ലായിരുന്നു. അക്ഷര്‍ പട്ടേലിനെ ടീമിലേക്കു തിരികെ കൊണ്ടുവരണമെന്നത് പരസ്യമായ രഹസ്യമാണ്. എന്തുകൊണ്ട് മൂന്നു വീതം സ്പിന്നര്‍മാരെയും പേസര്‍മാരെയും കളിപ്പിക്കുന്നില്ല? ബൗളിങ് ഓള്‍റൗണ്ടറായി ടീമില്‍ വേണ്ടയാള്‍ മീഡിയം പേസറാവണമെന്നു നിയമമുണ്ടോ?," യൂട്യൂബ് പേജിലൂടെ ശ്രീകാന്ത് ചോദിച്ചു.
ആദ്യത്തെ അഞ്ച് ഓവറിൽ 15 റൺസ് മാത്രം വഴങ്ങിയ പേസർ മുഹമ്മദ് സിറാജിന് മധ്യ ഓവറുകളിൽ അവസരം നൽകാമായിരുന്നു എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ആദ്യ സ്പല്ലില്‍ ഹര്‍ഷിത് റാണയുടെയും മുഹമ്മദ് സിറാജിന്റെയും പ്രകടനം മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ ബൗളിങ് വളരെ ശരാശരി മാത്രമായിരുന്നു. ആറാം ബൗളറായ നിതീഷ് കുമാര്‍ റെഡ്ഡിയെ കൊണ്ട് വെറും രണ്ടോവർ മാത്രം എറിയിച്ചതിനെയും ചിലർ വിമർശിക്കുന്നുണ്ട്. സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ കാര്യമായി ഉപയോഗിച്ചില്ലെന്നും ആരാധകർ വിമർശിക്കുന്നു.
37ാം ഓവറിലാണ് രണ്ടാമത്തെ സ്‌പെൽ എറിയാന്‍ സിറാജിനെ ക്യാപ്റ്റന്‍ തിരികെ കൊണ്ടുന്നത്. അപ്പോഴേക്കും മത്സരം ഏറെക്കുറെ കൈവിട്ടു പോയിരുന്നു. രണ്ട് വിക്കറ്റിന് 200 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്നു അപ്പോള്‍ ന്യൂസിലൻഡ്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്താൻ ബൗളർമാർ പരാജയപ്പെട്ടതും മത്സരം ഇന്ത്യയിൽ നിന്ന് തട്ടിയകറ്റി.