ഇൻഡോർ: ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ നിർണായകമായ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തിൽ ന്യൂസിലൻഡ് ശക്തമായ നിലയിൽ. ഡാരിൽ മിച്ചലിൻ്റെ സീരീസിലെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയും (127) ഗ്ലെൻ ഫിലിപ്സിൻ്റെ (101) ആദ്യ സെഞ്ച്വറി പ്രകടനവുമാണ് ന്യൂസിലൻഡ് ഇന്നിങ്സിന് കരുത്തേകിയത്.
നാലാം വിക്കറ്റിൽ 210 റൺസിൻ്റെ കൂട്ടുകെട്ടുമായി ഇരുവരും ബാറ്റിങ് തുടരുകയാണ്. നേരത്തെ ടോസ് നേടിയ ഇന്ത്യ ആദ്യം ബൗളിങ് തെരഞ്ഞെടുത്തിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ന്യൂസിലൻഡ് 42.4 ഓവറിൽ 272/3 എന്ന നിലയിൽ ബാറ്റിങ് തുടരുകയാണ്.
സ്കോർ ബോർഡിൽ അഞ്ച് റൺസ് എത്തുമ്പോഴേക്കും ന്യൂസിലൻഡിൻ്റെ ഓപ്പണർമാർ ഇരുവരെയും പവലിയനിൽ തിരിച്ചെത്തിച്ച് ഇന്ത്യൻ പേസർമാർ ഞെട്ടിച്ചു. ഒരു ഘട്ടത്തിൽ 5/2 എന്ന നിലയിലായ കീവീസിനെ 58 വരെയെത്തിച്ചാണ് വിൽ യങ്-ഡാരിൽ മിച്ചൽ സഖ്യം പിരിഞ്ഞത്. രവീന്ദ്ര ജഡേജയുടെ തകർപ്പൻ ക്യാച്ചാണ് ന്യൂസിലൻഡിന് ഹാർട്ട് ബ്രേക്ക് സമ്മാനിച്ചത്.
ഡെവോൺ കോൺവേയെ (5) ഹർഷിത് റാണയും ഹെൻറി നിക്കോൾസിനെ (0) അർഷ്ദീപ് സിങ്ങും പുറത്താക്കി. അർഷ്ദീപ് സിങ് എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തിലാണ് ഹെൻറി നിക്കോൾസ് പ്ലേയ്ഡ് ഓൺ ആയത്. പന്ത് ബാറ്റിലുരസി സ്റ്റംപിലേക്ക് വീണത്.
ഹർഷിത് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ കോൺവേയുടെ എഡ്ജ് രോഹിത് ശർമയുടെ കൈകളിലെത്തി. വിൽ യങ്ങിനെ (30) ഹർഷിത് റാണ രവീന്ദ്ര ജഡേജയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.