Image: Instagram
CRICKET

ഇന്ത്യ-ന്യൂസിലന്‍ഡ് അവസാന മത്സരം ഇന്ന്; ആവേശം കൂട്ടാന്‍ സഞ്ജു ഉണ്ടാകുമോ?

ഫോമിലല്ലെങ്കിലും സഞ്ജു സാംസണ്‍ ടീമിലുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

Author : ന്യൂസ് ഡെസ്ക്

ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. വൈകിട്ട് 7 മണിക്ക് കാര്യവട്ടം സ്റ്റേഡിയത്തിലാണ് മത്സരം. ഫോമിലല്ലെങ്കിലും സഞ്ജു സാംസണ്‍ ടീമിലുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയുടെ അവസാന മത്സരമാണ് ഇന്ന് കാര്യവട്ടത്ത് നടക്കുന്നത്. ലോകകപ്പിലെ അവസാന ഇലവനെ കണ്ടെത്താന്‍ ഇന്നത്തെ മത്സരവും നിര്‍ണായകം. ബാറ്റിങ്ങിലും ബൗളിംഗിലും സന്തുലിതമായ ഇന്ത്യക്ക് ചില ആശങ്കകള്‍ ഇപ്പോഴും ബാക്കിയാണ്. ഓപ്പണര്‍ സഞ്ജുവിന്റെ ഫോമാണ് അതില്‍ ഏറ്റവും പ്രധാനം.

ഓപ്പണിങ്ങില്‍ സഞ്ജു കൂടി കത്തിക്കയറിയാല്‍ ഇന്ത്യക്ക് ബാറ്റിങ്ങില്‍ തിരിഞ്ഞ് നോക്കേണ്ടതില്ല. പരിശീലനത്തിനിറങ്ങിയ സഞ്ജു സ്പിന്നര്‍മാരെ നേരിടുന്നതിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. സൂക്ഷ്മതയോടെ ബാറ്റ് ചെയ്ത സഞ്ജു ഇടക്ക് കൂറ്റനടികളും നടത്തി.

സഞ്ജുവിന്റെ ഫോമില്‍ ആശങ്കയില്ലെന്ന് ബാറ്റിംഗ് കോച്ച് സീതാംശു കോട്ടക്കും പറഞ്ഞു. പരിക്ക് മൂലം കഴിഞ്ഞ മത്സരം നഷ്ടപ്പെട്ട ഇഷാന്‍ കിഷനും ഇന്നലെ പരിശീലനത്തിന് എത്തിയിരുന്നു. പരിക്ക് ഭേദമായ കിഷന്‍ ടീമില്‍ തിരിച്ചെത്തിയേക്കും. കാര്യവട്ടത്തെ പരിശീലനത്തിലും തകര്‍ത്തടിക്കുകയായിരുന്നു ഇഷാന്‍ കിഷന്‍.

ലോകകപ്പിന് മുമ്പുള്ള അവസാന മത്സരമായതിനാല്‍ ഇന്ത്യ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നേക്കില്ല. അങ്ങനെയെങ്കില്‍ ശ്രേയസ് അയ്യര്‍ ഇന്നും പുറത്തിരിക്കേണ്ടി വരും. പരമ്പര നഷ്ടപ്പെട്ടെങ്കിലും അവസാന മത്സരത്തില്‍ ഇന്ത്യയെ 50 റണ്‍സിന് തോല്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ന്യൂസിലന്‍ഡ്. കാര്യവട്ടത്ത് ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. വില്‍പ്പന തുടങ്ങി 24 മണിക്കൂറിന് മുമ്പ് ടിക്കറ്റ് മുഴുവന്‍ വിറ്റ് പോയത് മത്സരത്തിന്റെ ആവേശം വര്‍ധിപ്പിക്കുന്നു.

SCROLL FOR NEXT