CRICKET

IND vs NZ T20WC Final Live | സഞ്ജു ബ്ലാസ്റ്റിൽ ലോകകിരീടം; നീലപ്പടയ്ക്ക് മൂന്നാം ലോക കിരീടം, ഫൈനലിൽ കീവീസിന് കിളിപാറി!

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യക്ക് സ്വപ്നസമാനമായ വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമാർ സമ്മാനിച്ചത്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

അഹമ്മദാബാദ്: കരുത്തരായ കീവീസ് നിരയെ കീഴടക്കി ടി20 ലോകകപ്പിൽ ചരിത്രമെഴുതി ടീം ഇന്ത്യ. ടി20 ഫോർമാറ്റിൻ്റെ ചരിത്രത്തിലാദ്യമായാണ് ഒരു ടീം മൂന്ന് ലോകകപ്പുകൾ നേടുന്നത്. 2024ൽ രോഹിത് ശർമയ്ക്ക് കീഴിൽ നേടിയ ലോക കിരീടം, 2026ലും നിലനിർത്താൻ സൂര്യകുമാർ യാദവിനും കൂട്ടർക്കുമായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മലയാളിയായ സഞ്ജു സാംസണിൻ്റെ ചിറകിലേറി കൂറ്റൻ സ്കോറിലേക്ക് കുതിച്ചിരുന്നു. കീവീസിന് 256 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. ടി20 ലോകകപ്പ് ഫൈനലിലെ മൂന്നാമത്തെ ഉയർന്ന സ്കോറാണ് ഇന്ത്യ ഇന്ന് അടിച്ചെടുത്തത്. സ്കോർ - ഇന്ത്യ 255/ 5 (20 ഓവർ), ന്യൂസിലൻഡ് 159/10 (19 ഓവർ).

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് 19 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായി. കലാശപ്പോരിൽ ഇന്ത്യൻ ബൗളർമാരിൽ നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയും, മൂന്ന് വിക്കറ്റെടുത്ത അക്സർ പട്ടേലും തിളങ്ങി. അർധസെഞ്ച്വറി നേടി പുറത്തായ ഓപ്പണർ ടിം സൈഫർട്ട് (26 പന്തിൽ 52), ക്യാപ്റ്റൻ മിച്ചൽ സാൻ്റ്നർ (43) എന്നിവർ മാത്രമേ കീവീസ് ബാറ്റിങ് നിരയിൽ തിളങ്ങാനായുള്ളൂ.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ കഴിഞ്ഞ സെമി ഫൈനലിൽ 33 പന്തിൽ സെഞ്ച്വറിയുമായി തിളങ്ങിയ ഫിൻ അലൻ ഇന്ന് പാടെ നിരാശപ്പെടുത്തി. 9 റൺസെടുത്ത അലനെ ഇടങ്കയ്യൻ സ്പിന്നർ അക്സർ പട്ടേലിൻ്റെ പന്തിൽ തിലക് വർമ ക്യാച്ചെടുത്ത് പുറത്താക്കി.

രചിൻ രവീന്ദ്രയെ (1) ജസ്പ്രീത് ബുമ്രയുടെ പന്തിൽ ഇഷാൻ കിഷൻ ക്യാച്ചെടുത്ത് പുറത്താക്കി. ഗ്ലെൻ ഫിലിപ്സിനെ (5) അക്സർ പട്ടേലും മാർക്ക് ചാപ്മാനെ (3) ഹാർദിക് പാണ്ഡ്യയും ക്ലീൻ ബൗൾ ചെയ്തു. ടിം സൈഫർട്ടിനെ വരുൺ ചക്രവർത്തിയുടെ പന്തിൽ ഇഷാൻ കിഷൻ തകർപ്പനൊരു ക്യാച്ചിലൂടെ പുറത്താക്കി.

നേരത്തെ സഞ്ജു സാംസണും (46 പന്തിൽ 89) അഭിഷേക് ശർമയും (21 പന്തിൽ 52) ഇന്ത്യക്ക് വെടിക്കെട്ട് തുടക്കമാണ് സമ്മാനിച്ചത്. ഇഷാൻ കിഷൻ (25 പന്തിൽ 54), ശിവം ദുബെ (8 പന്തിൽ 26), ഹാർദിക് പാണ്ഡ്യ (13 പന്തിൽ 18) എന്നിവർ ഇന്ത്യക്കായി തിളങ്ങി. ന്യൂസിലൻഡ് ബൗളർമാരിൽ ജെയിംസ് നീഷാം മൂന്ന് വിക്കറ്റുമായി തിളങ്ങി. മാറ്റ് ഹെൻറിയും രചിൻ രവീന്ദ്രയും ഓരോ വിക്കറ്റുമെടുത്തു.

ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന ലോക റെക്കോർഡുമായി, സഞ്ജു സാംസൺ തകർത്തടിച്ച മത്സരത്തിൽ ഇന്ത്യ അനായാസം റൺമല കയറി. 15.1 ഓവറിൽ ഇന്ത്യൻ സ്കോർ 203ൽ വച്ചാണ് മലയാളി സൂപ്പർ താരം മടങ്ങിയത്. ജെയിംസ് നീഷാമിൻ്റെ പന്തിൽ കോൾ മക്കോഞ്ചിയാണ് സഞ്ജുവിനെ ബൗണ്ടറി ലൈനിൽ വച്ച് ക്യാച്ചെടുത്ത് പുറത്താക്കിയത്. 193.48 സ്ട്രൈക്ക് റേറ്റിൽ എട്ട് സിക്സറുകളും അഞ്ച് ഫോറുകളും പറത്തിയാണ് സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായത്.

ആദ്യ വിക്കറ്റിൽ സഞ്ജു-അഭിഷേക് സഖ്യം 98 റൺസാണ് വാരിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യക്ക് സ്വപ്നസമാനമായ വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമാർ സമ്മാനിച്ചത്. പിന്നീട് സഞ്ജു സാംസണും (46 പന്തിൽ 89), ഇഷാൻ കിഷനും (25 പന്തിൽ 54) ചേർന്ന് രണ്ടാം വിക്കറ്റിൽ 48 പന്തിൽ 105 റൺസാണ് വാരിക്കൂട്ടിയത്.

പവർപ്ലേയിലെ ആറോവറിൽ ഇന്ത്യൻ ഓപ്പണർമാർ വാരിയത് 92 റൺസാണ്. 19 പന്തിൽ ഫിഫ്റ്റിയടിച്ച് അഭിഷേകും കീവീസ് ബൗളർമാരെ ഞെട്ടിച്ചു. അഭിഷേക് ശർമയെ (21 പന്തിൽ 52) രചിൻ രവീന്ദ്രയാണ് പുറത്താക്കിയത്. കലാശപ്പോരിൽ കരുതലോടെ തുടങ്ങിയ ഇന്ത്യൻ ഓപ്പണർമാർ പിന്നീട് തകർത്തടിക്കാൻ തുടങ്ങി. ആദ്യ ഓവറിൽ തന്നെ സിക്സറടിച്ച് സഞ്ജു സാംസൺ ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. ഇതോടെ അഭിഷേകിനും സമ്മർദ്ദമില്ലാതെ ബാറ്റ് വീശാൻ അവസരം ലഭിച്ചു. നാലോവറിൽ ഇന്ത്യൻ സ്കോർ 50 കടന്നു. 7.2 ഓവറിൽ ഇന്ത്യൻ സ്കോർ 100 കടന്നു.

ഫൈനലിൽ ടോസ് ഭാഗ്യം ന്യൂസിലൻഡിനെ തുണയ്ക്കുകയായിരുന്നു. ഒരു ലക്ഷത്തോളം വരുന്ന കാണികളെ സാക്ഷിയാക്കി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് ഫൈനലിൽ ടോസിട്ടത്. ടോസ് നേടിയ ന്യൂസിലൻഡ് നായകൻ മിച്ചൽ സാൻ്റ്‌നർ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയച്ചു.

ഫൈനലിൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങളൊന്നുമില്ല. വാംഖഡെയിലെ സെമി ഫൈനലിൽ കളിച്ച അതേ സ്ക്വാഡ് തന്നെയാണ് അഹമ്മദാബാദിലും കളിക്കുന്നത്. എന്നാൽ ന്യൂസിലൻഡ് നിരയിൽ മികച്ച ഫോമിലുള്ള സ്പിന്നറായ കോൾ മക്കോഞ്ചിയെ ഫൈനലിൽ ഉൾപ്പെടുത്തിയിട്ടില്ല. പക്കരം ജേക്കബ് ഡഫി ടീമിൽ ഇടംപിടിച്ചു.

സഞ്ജു സാംസൺ

ഇന്ത്യൻ സ്ക്വാഡ്:

സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, ഇഷാൻ കിഷൻ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര,

ന്യൂസിലൻഡ് സ്ക്വാഡ്:

ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), മിച്ചൽ സാൻ്റ്നർ (ക്യാപ്റ്റൻ), ഫിൻ അലൻ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, ജേക്കബ് ഡഫി, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ.

SCROLL FOR NEXT