ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ എഷ്യ കപ്പ് മത്സരവേദിയിൽ കടുത്ത നിയന്ത്രണങ്ങൾ. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു. അതേസമയം, പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കാനുള്ള ബിസിസിഐയുടേയും ഇന്ത്യൻ സർക്കാരിൻ്റെയും തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
അതേസമയം, ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ കളി കാണാനെത്തുന്നവർക്കുള്ള സുരക്ഷാ പ്രോട്ടോക്കോളുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. കൊടികൾ, ബാനറുകൾ, കുടകൾ, വലിയ ക്യാമറകൾ, സെൽഫി സ്റ്റിക്കുകൾ, കത്തുന്ന വസ്തുക്കൾ, മൂർച്ചയുള്ള വസ്തുക്കൾ എന്നിവ സ്റ്റേഡിയത്തിൽ അനുവദനീയമല്ല. ഇവയിൽ ഏതെങ്കിലും കൈവശം വച്ചാൽ ഒരു ലക്ഷം മുതൽ ഏഴ് ലക്ഷം രൂപ വരെ പിഴ ഈടാക്കാം.
ഇന്ത്യ-പാകിസ്ഥാൻ എഷ്യ കപ്പ് മത്സരത്തിന് മുന്നോടിയായി ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയം കനത്ത സുരക്ഷയിൽ. സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ടെന്ന് ദുബായ് പൊലീസിലെ ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്രൂയി പറഞ്ഞു. സ്റ്റേഡിയത്തിലോ പരിസരത്തോ അക്രമത്തിൽ ഏർപ്പെടുകയോ, വസ്തുക്കൾ പരസ്പരം എറിയുകയോ, വംശീയ വിദ്വേഷം ജനിപ്പിക്കുന്നതോ അധിക്ഷേപകരമോ ആയ ഭാഷ ഉപയോഗിക്കുകയോ ചെയ്താൽ, 30,000 ദിർഹം (ഏഴ് ലക്ഷത്തിൽ കൂടുതൽ) പിഴയും തടവും ലഭിക്കാൻ സാധ്യതയുണ്ട്.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് നടന്ന ഏഷ്യ കപ്പ് ടി20യിലാണ് പാകിസ്ഥാൻ ഇന്ത്യക്കെതിരെ അവസാനമായി വിജയം നേടിയത്. 2022ലെ ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തി. അന്ന് പാകിസ്ഥാനായി മുഹമ്മദ് നവാസ് 42 റൺസും ഒരു വിക്കറ്റും നേടി. കൂടാതെ നിർണായകമായ മൂന്ന് ക്യാച്ചുകളും കൈപ്പിടിയിലൊതുക്കി. ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ 60 റൺസുമായി തിളങ്ങിയെങ്കിലും തോൽവിയായിരുന്നു ഫലം.
സാധ്യതാ ഇലവൻ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.
ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഏഷ്യ കപ്പ് റെക്കോർഡിന് വളരെ അടുത്താണ്. ഇന്ന് 17 റൺസ് നേടിയാൽ, ഏഷ്യ കപ്പ് ടി20 ഫോർമാറ്റിൻ്റെ ചരിത്രത്തിൽ 100+ റൺസും 10+ വിക്കറ്റും നേടുന്ന ആദ്യ കളിക്കാരനാകാൻ അദ്ദേഹത്തിന് കഴിയും. എന്നാൽ ആ നേട്ടത്തിനായി മത്സരിക്കുന്ന ഒരേയൊരു വ്യക്തി പാണ്ഡ്യ മാത്രമല്ല. പാകിസ്ഥാൻ ഓൾറൗണ്ടർ മുഹമ്മദ് നവാസും ഈ നേട്ടത്തിന് വളരെ അടുത്താണ്.
ഹാർദിക് പാണ്ഡ്യ: 83 റൺസ്, 11 വിക്കറ്റ്
മുഹമ്മദ് നവാസ്: 98 റൺസ്, 9 വിക്കറ്റ്
ആരാണ് ആദ്യം റെക്കോർഡ് നേടുക?
ഏഷ്യ കപ്പിൽ ഇന്ത്യൻ ടീം പാകിസ്ഥാനെതിരെ കളിക്കുന്നത് നിർഭാഗ്യകരമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരിയുടെ വിമർശനം. "കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ അത് തടയണമായിരുന്നു. പക്ഷേ അവർ അത് വേണ്ടെന്ന് വച്ചു," തൃണമൂൽ നേതാവ് കൂടിയായ മനോജ് തിവാരി പറഞ്ഞു.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.
പാകിസ്ഥാൻ (പ്ലേയിംഗ് ഇലവൻ): സാഹിബ്സാദ ഫർഹാൻ, സയിം അയൂബ്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ), ഫഖർ സമാൻ, സൽമാൻ ആഗ (ക്യാപ്റ്റൻ), ഹസൻ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, സുഫിയാൻ മുഖീം, അബ്രാർ അഹമ്മദ്.
സൂര്യകുമാർ യാദവ്: "ആദ്യം പന്തെറിയാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. ആദ്യം ബൗളിങ് ലഭിച്ചതിൽ സന്തോഷമുണ്ട്. യുഎഇക്കെതിരെ തൊട്ടടുത്ത പിച്ചിലാണ് ഞങ്ങൾ കളിച്ചത്. നല്ലൊരു വിക്കറ്റ് ആയിരുന്നു. രാത്രിയിൽ ബാറ്റ് ചെയ്യുന്നതാണ് നല്ലത്. ഈർപ്പം കൂടുതലായതിനാൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീം തുടരും"
സൽമാൻ ആഘ: "ആദ്യം ബാറ്റ് ചെയ്യാൻ പോകുന്നു. ഞങ്ങൾ നല്ല ക്രിക്കറ്റ് കളിക്കുന്നുണ്ട്, വളരെ ആവേശത്തിലാണ്. സ്ലോ വിക്കറ്റ് പോലെ തോന്നുന്നു. ആദ്യം ബാറ്റ് ചെയ്ത് ബോർഡിൽ റൺസ് ഇടണം. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീം തുടരും. 20 ദിവസമായി ഞങ്ങൾ ഇവിടെയുണ്ട്, സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നു"
ഹാർദിക് പാണ്ഡ്യയുടെ ബാക്ക് ഓഫ് ലെങ്ത്ത് പന്തിൽ സയീം അയൂബ് സ്ക്വയറിൽ ബുംറയ്ക്ക് ക്യാച്ച് നൽകി പുറത്ത്. ബോർഡിൽ റൺസ് എത്തും മുമ്പേ പാകിസ്ഥാൻ കനത്ത ആഘാതം.
പാകിസ്താന് മൂന്നാം വിക്കറ്റ് നഷ്ടം. ഫഖർ സമാനെ പുറത്താക്കി അക്സർ പട്ടേൽ. നേരത്തെ മുഹമ്മദ് ഹാരിസിനെ ബുംറയുടെ പന്തിൽ ഹാർദിക് പാണ്ഡ്യ ക്യാച്ചെടുത്ത് പുറത്താക്കിയിരുന്നു.
പാകിസ്ഥാൻ ക്യാപ്ടൻ സൽമാൻ അലി ആഗയെ പുറത്താക്കി അക്സർ പട്ടേൽ. മൂന്ന് റൺസെടുത്ത സൽമാൻ അഭിഷേക് ശർമയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. അക്സർ നേടുന്ന രണ്ടാം വിക്കറ്റാണിത്.
അഞ്ച് റൺസെടുത്ത ഹസൻ നവാസിനെ അക്സർ പട്ടേലിൻ്റെ കൈകളിലെത്തിച്ച് കുൽദീപ് യാദവിൻ്റെ പ്രായശ്ചിത്തം. തൊട്ടു പിന്നാലെ ക്രീസിലെത്തിയ മൊഹമ്മദ് നവാസിനെ ലെഗ് ബിഫോറാക്കി കുൽദീപ് പാകിസ്ഥാനെ ഞെട്ടിച്ചു. 66/6 (13.1 Ov)
40 റൺസെടുത്ത ഷാഹിബ്‌സാദ ഫർഹാനെ പുറത്താക്കി കുൽദീപ് യാദവ്. ബൗണ്ടറി ലൈനിൽ റണ്ണിങ് ക്യാച്ചിലൂടെ താരം ഹാർദിക് പാണ്ഡ്യ പാകിസ്ഥാൻ്റെ ഓപ്പണറെ പുറത്താക്കുകയായിരുന്നു. തകർപ്പൻ ക്യാച്ചായിരുന്നു ഇത്. കുൽദീപിൻ്റെ മൂന്നാമത്തെ വിക്കറ്റായിരുന്നു ഇത്. 96-7 (17.2 Ov)
ഫഹീം അഷ്റഫിനെ ലെഗ് ബിഫോറാക്കി ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി.
പാകിസ്ഥാൻ്റെ ഒൻപതാം വിക്കറ്റും നഷ്ടമായി. സുഫിയാൻ മുഖീമിനെ ബുംറ ക്ലീൻ ബൗൾ ചെയ്തു.
ഹാർദിക് പാണ്ഡ്യയുടെ അവസാന ഓവറിൽ തകർത്തടിച്ച് ഷഹീൻ അഫ്രീദി (33). 20ാം ഓവറിൽ ഷഹീൻ രണ്ട് സിക്സറുകൾ പറത്തി.
ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാൻ നായകന് പിഴച്ചു. ഇന്ത്യൻ ബൗളർമാർ കണിശതയോടെ പന്തെറിഞ്ഞപ്പോൾ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുക്കാനെ എതിരാളികൾക്ക് സാധിച്ചുള്ളൂ. സ്കോർ, 127-9 (20 Ov).
ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നും ജസ്പ്രീത് ബുംറയും അക്സർ പട്ടേലും രണ്ട് വീതം വിക്കറ്റെടുത്തു. ഹാർദിക്കും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റുമെടുത്തു.
ശുഭ്മാൻ ഗില്ലിനെ (10) സയീം അയൂബിൻ്റെ പന്തിൽ സ്റ്റംപ് ചെയ്തു വിക്കറ്റ് കീപ്പർ മുഹമ്മദ് ഹാരിസ്. 26-1 (2.2 Ov)
ഇന്ത്യയുടെ രണ്ടാം വിക്കറ്റും വീഴ്ത്തി പാകിസ്ഥാൻ സ്പിന്നർ സയീം അയൂബ്. 42-2 (4 Ov)
12ാം ഓവറിലെ നാലാമത്തെ പന്തിലാണ് മൊഹമ്മദ് നവാസ് തിലക് വർമയുടെ അനായാസ റിട്ടേൺ ക്യാച്ച് കൈവിട്ടത്. ഈ സമയം 30 റൺസെടുത്ത് നിൽക്കുകയായിരുന്നു തിലക് വർമ.
സയീം അയൂബിൻ്റെ ഓഫ്-ബ്രേക്ക് തിലക് ബാക്ക് ഫൂട്ടിൽ കളിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതോടെ ഓഫ് സ്റ്റംപ് തെറിക്കുന്നു. അതിവേഗം കറങ്ങിത്തിരിഞ്ഞെത്തിയ സയിം അയൂബിൻ്റെ മൂന്നാമത്തെ പന്തിലാണ് തിലക് വർമ ഞെട്ടിയത്. പുറത്തായത് എങ്ങനെയെന്ന് വിശ്വസിക്കാനാകാതെ തിലക് മടങ്ങുന്നു.
ഏഷ്യ കപ്പിൽ പാകിസ്ഥാനെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിൽ കടന്നു. പാകിസ്ഥാൻ ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം ഇന്ത്യ 15.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സൂര്യകുമാർ യാദവ് (47), തിലക് വർമ (31), അഭിഷേക് ശർമ (31) എന്നിവർ ബാറ്റിങ്ങിൽ തിളങ്ങി.