ബെംഗളൂരു: ഇന്ത്യയും വെസ്റ്റ് ഇന്ഡീസും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും ടി20 പോരാട്ടം 9.15ന് ആരംഭിക്കും. ഇരു ടീമുകളും രണ്ട് മത്സരങ്ങള് വീതം ജയിച്ചതിനാല് ഇന്നത്തെ പോരാട്ടം കിരീട ജേതാവിനെ നിര്ണയിക്കുന്നതാണ്. ബെംഗളൂരുവിൽ ടോസ് നേടിയ സന്ദർശകർ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇതോടെ ഇന്ത്യയ്ക്കായി സഞ്ജു സാംസണും അഭിഷേക് ശർമയും ബാറ്റിങ്ങിനിറങ്ങും.
മഴ മാറിയതോടെഅമ്പയർമാരും മാച്ച് റഫറിയും ഗ്രൗണ്ടിലെ വെള്ളക്കെട്ട് പരിശോധിച്ചു. പിന്നാലെ ഗ്രൗണ്ട് കവറുകൾ നീക്കി. ഒപ്പം താരങ്ങൾ വാം അപ്പിനായി ഗ്രൗണ്ടിലിറങ്ങിയിരുന്നു. ബെംഗളൂരുവിൽ 9 ഓവർ മാച്ചാണ് നടക്കുക. 9.15ന് പരമ്പരയുടെ ഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന മത്സരം ആരംഭിക്കും.
ഇന്ത്യയിലെ ഏറ്റവും മികച്ച ഡ്രെയ്നിങ് സൗകര്യങ്ങളുള്ള ഗ്രൗണ്ടാണ് ബെംഗളൂരുവിലേത് എന്നതിനാൽ മഴ മാറിയതോടെ അതിവേഗം മത്സരം ആരംഭിക്കാനായി. പരമ്പര 2-2ന് സമനിലയിൽ ആയതിനാൽ ഇന്നത്തെ മത്സരഫലം നിർണായകമാണ്.
ഹൈദരാബാദില് നടന്ന കഴിഞ്ഞ മത്സരത്തില് 247 റണ്സടിച്ചു കൂട്ടിയ വിന്ഡീസ് ബാറ്റിങ് നിര മികച്ച ഫോമിലാണ്. മറുഭാഗത്ത് ഇന്ത്യന് ബൗളര്മാര് സ്ഥിരത പുലര്ത്താനാകാതെ വിഷമിക്കുകയാണ്. കഴിഞ്ഞ കളിയില് മായങ്ക് യാദവും അര്ഷ്ദീപ് സിങ്ങും നാലോവറില് 52 റണ്സ് വീതമാണ് വഴങ്ങിയത്.
പരിക്കേറ്റ അര്ഷ്ദീപ് സിങ്ങിന് പകരക്കാരനായി ഭുവനേശ്വര് കുമാര് ടീമിലെത്തുന്നത് ഇന്ത്യന് പേസ് ആക്രമണത്തിന് കരുത്തേകും. ന്യൂ ബോളിൽ പന്ത് സ്വിങ് ചെയ്യിക്കാനും ഡെത്ത് ഓവറുകളില് കൃത്യതയോടെ പന്തറിയാനുമുള്ള ഭുവിയുടെ കഴിവ് വെസ്റ്റ് ഇന്ഡീസിൻ്റെ ശക്തമായ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാന് ഇന്ത്യയെ സഹായിച്ചേക്കും.