CRICKET

കലാശപ്പോരില്‍ ശ്രീലങ്കയെ എറിഞ്ഞിട്ട് പെണ്‍പട; ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

ശ്രീലങ്കയെ 147 റണ്‍സിന് തകര്‍ത്താണ് ഇന്ത്യന്‍ പെണ്‍പട സ്വര്‍ണമണിഞ്ഞത്

Author : ന്യൂസ് ഡെസ്ക്

ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. വനിതാ ക്രിക്കറ്റിന്റെ കലാശപ്പോരില്‍ ശ്രീലങ്കയെ 147 റണ്‍സിന് തകര്‍ത്താണ് ഇന്ത്യന്‍ പെണ്‍പട സ്വര്‍ണമണിഞ്ഞത്. ദിവസങ്ങള്‍ക്കിടെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ രണ്ടാം നേട്ടവും ശ്രീലങ്കയുടെ രണ്ടാം ഫൈനല്‍ പരാജയവുമാണ്. ഏഷ്യാ കപ്പ് ഫൈനലിലും ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍ കിരീടം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റിന് 216 റണ്‍സെടുത്തു. സ്മൃതി മന്ദാനയുടെ അര്‍ധ സെഞ്ച്വറിയും, ഷഫാലി വര്‍മയുടെയും റിച്ചാ ഘോഷിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങുമാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ശ്രീലങ്കയുടെ മറുപടി 15.4 ഓവറില്‍ 69 റണ്‍സിന് അവസാനിച്ചു.

ഷഫാലിയും സ്മൃതി മന്ദാനയും ചേര്‍ന്നാണ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്. 29 പന്തില്‍ മൂന്ന് ഫോറും സിക്സും ഉള്‍പ്പെടെ 48 റണ്‍സാണ് ഷഫാലി അടിച്ചെടുത്തത്. പത്താം ഓവറില്‍ ടീ സ്കോര്‍ 99ല്‍ എത്തിനില്‍ക്കുമ്പോഴാണ് ഷഫാലി പുറത്താകുന്നത്. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 17 പന്തില്‍ 19 റണ്‍സെടുത്ത് പുറത്തായി. പിന്നാലെയെത്തിയ റിച്ചാ ഘോഷുമായി ചേര്‍ന്ന് സ്മൃതി മന്ദാന സ്കോറിങ്ങിന് വേഗം കൂട്ടി. പതിനേഴാം ഓവറില്‍ ടീം സ്കോര്‍ 163 റണ്‍സില്‍ എത്തിനില്‍ക്കെയാണ് സ്മൃതി മന്ദാന പുറത്തായത്. 45 പന്തില്‍ അഞ്ച് ഫോറും ഏഴ് സിക്സും ഉള്‍പ്പെടെ 79 റണ്‍സാണ് സ്മൃതി മന്ദാന അടിച്ചെടുത്തത്. 22 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 49 റണ്‍സുമായി റിച്ചയും, ഏഴ് പന്തില്‍ ഏഴ് റണ്‍സുമായി ഭാരതി ഫുല്‍മാലിയും പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കായി സുഗന്ധിക കുമാരി, കവിഷ ദില്‍ഹരി, ചാമുഡി പ്രബോദ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

വന്‍ വിജയത്തിലേക്ക് ബാറ്റെടുത്ത ശ്രീലങ്കയ്ക്ക് മികച്ച ഇന്നിങ്സ് കണ്ടെത്താനായില്ല. ഇന്ത്യന്‍ വനിതകളുടെ ബൗളിങ്ങിനു മുന്നില്‍ മൂന്ന് താരങ്ങള്‍ പൂജ്യരായി മടങ്ങി. നാലു പേര്‍ക്ക് രണ്ടക്കം കടക്കാനായില്ല. 21 പന്തിൽ നിന്ന് 29 റൺസെടുത്ത ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവിനൊപ്പം, കവിഷ ദില്‍ഹരി (11), കൗശനി നുത്യംഗന (14) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ഇന്ത്യക്കായി ദീപ്തി ശർമ നാല് ഓവറിൽ ആറു റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ശ്രീചരണി, ഷഫാലി വർമ, ശ്രേയങ്ക പാട്ടീൽ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

SCROLL FOR NEXT