തിരുവനന്തപുരം: വിഴിഞ്ഞത്തെ പഴയ ജീവിതവും അവിടുത്തെ ആളുകൾ തനിക്ക് നൽകിയ സ്നേഹവും പിന്തുണയ്ക്കുമെല്ലാം നന്ദി പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റർ സഞ്ജു സാംസൺ. തന്നെ ചേർത്ത് നിർത്തുന്ന എല്ലാ ഹൃദയങ്ങളേയും താനും നെഞ്ചോട് ചേർത്ത് നിർത്തുന്നുവെന്നും സഞ്ജു പറഞ്ഞു. വിഴിഞ്ഞത്ത് ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.
"സ്വന്തം നാട്ടുകാർക്ക് മുന്നിൽ സംസാരിക്കുകയെന്നത് ഒട്ടും എളുപ്പമല്ല. അതിന്റെ സമ്മർദ്ദം എനിക്കുണ്ട്. പണ്ട് ഇവിടെയെല്ലാം കടൽപ്പുറമായിരുന്നല്ലോ ഇപ്പോഴല്ലേ ഗ്രൗണ്ടും ഹാർബറുമെല്ലാം വന്നത്. ചെറിയ വയസിൽ അച്ഛനും അമ്മയും എന്നേയും ചേട്ടനേയും കളിപ്പിക്കാൻ കൊണ്ടുവന്നിരുന്ന സ്ഥലമായിരുന്നു ഇത്. അതെല്ലാം ഇപ്പോഴും ഓർമയിലുണ്ട്. എല്ലാവരോടുമുള്ള നന്ദി മനസിലുണ്ട്. വിഴിഞ്ഞം മുതൽ മെഡിക്കൽ കോളേജ് ഗ്രൗണ്ട് വരെ അച്ഛനും അമ്മയും ഞങ്ങളെ കൊണ്ടുപോകുമായിരുന്നു. ചില ദിവസങ്ങളിൽ കോട്ടപ്പുറത്തെ വീട്ടിൽ നിന്ന് വിഴിഞ്ഞം ബസ് സ്റ്റാൻഡ് വരെ ഞാനും ചേട്ടനും വലിയ ബാഗെല്ലാം തൂക്കി നടന്ന് പോകാറുണ്ടായിരുന്നു," സഞ്ജു പറഞ്ഞു.
"അപ്പോൾ ഞാൻ വഴിയിൽ കണ്ടിരുന്ന പല ചേട്ടന്മാരുടെ മുഖം എനിക്കിവിടെ കാണാനായി. 'അന്ന് നിന്നെക്കൊണ്ട് പറ്റുമെടാ.. ഒരിക്കൽ ഇന്ത്യക്കായി കളിക്കും' എന്ന് പറഞ്ഞവർ ഏറെയാണ്. അവരോടെല്ലാം നന്ദി പറയുന്നു. എടുത്തു പറയേണ്ടത് ഇവിടുത്തെ ഓട്ടോ ചേട്ടന്മാരെക്കുറിച്ചാണ്. വലിയ കിറ്റും തൂക്കി നടന്നു പോയിരുന്ന സമയത്ത് പല തവണ അവർ ഓട്ടോയിൽ കയറ്റി ബസ് സ്റ്റാൻഡിൽ കൊണ്ടുപോയി ആക്കിയിട്ടുണ്ട്," സഞ്ജു പറഞ്ഞു.
"കഴിഞ്ഞ ദിവസം അച്ഛൻ വിളിച്ചിരുന്നു. ഇന്ത്യൻ ക്യാംപ് അല്ല എന്ത് തിരക്കാണെങ്കിലും ഒരു ദിവസം നീ വിഴിഞ്ഞംകാർക്കായി മാറ്റിവയ്ക്കണം എന്നാണ് അച്ഛൻ എന്നോട് പറഞ്ഞത്. ഇത്രയും സ്നേഹവും പിന്തുണയും എനിക്കും എൻ്റെ കുടുംബത്തിനും നൽകുന്ന എല്ലാവരോടും നന്ദി പറയുന്നു," സഞ്ജു പറഞ്ഞു.
ഇവിടെ നിരവധി കുട്ടികളെ എനിക്ക് കാണാനാവും. ഇവരോട് എനിക്ക് ഒരു കാര്യമാണ് പറയാനുള്ളത്. നമ്മുടെ മനസിൽ നമുക്കൊരു ആഗ്രഹമുണ്ട്, സ്വപ്നമുണ്ട്, അത് നേടിയെടുക്കാനുള്ള ആത്മവിശ്വാസവും അച്ചടക്കവും കാട്ടാൻ നിങ്ങൾക്ക് മനസുണ്ടെങ്കിൽ എന്തും നമുക്ക് നേടാൻ സാധിക്കും. വിഴിഞ്ഞത്തുകാർക്ക് പ്രത്യേകമായൊരു കരുത്തുണ്ട്. ലോകം അറിയുന്ന ഒരുപാട് ആളുകൾ ഇവിടെ നിന്ന് വളർന്നുവരട്ടെ," സഞ്ജു ആശംസിച്ചു.