ഇൻഡോർ: ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ അർഷ്ദീപ് സിങ്ങിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. മത്സരത്തിലെ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്തി പഞ്ചാബി പേസർ മികവ് കാട്ടി. അർഷ്ദീപ് സിങ് എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തിലാണ് കീവീസ് ഓപ്പണർ ഹെൻറി നിക്കോൾസ് പ്ലേയ്ഡ് ഓൺ ആയത്. പന്ത് ബാറ്റിലുരസി സ്റ്റംപിലേക്ക് വീണത്. ഫ്രണ്ട് ഫൂട്ടിലാണോ അതോ ബാക്ക് ഫൂട്ടിലാണോ കളിക്കേണ്ടതെന്ന ഹെൻറിയുടെ ആശയക്കുഴപ്പമാണ് വിക്കറ്റ് വീഴ്ചയിൽ കലാശിച്ചത്.
ഈ വിക്കറ്റ് വീണതിന് പിന്നാലെ കോച്ച് ഗൗതം ഗംഭീറിനേയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനേയും വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ആദ്യ രണ്ട് ഏകദിനങ്ങളിൽ അർഷ്‌ദീപിനെ ഉൾപ്പെടുത്തിയിരുന്നില്ല. ആദ്യ ഓവറുകളിൽ വിക്കറ്റെടുക്കാനും പന്ത് സ്വിങ് ചെയ്യിക്കാനും ബൗൺസ് കണ്ടെത്താനും അർഷ്‌ദീപിനുള്ള മിടുക്ക് ഇന്ത്യൻ ടീമിൻ്റെ കോച്ചും ക്യാപ്റ്റനും കാണാതെ പോയെന്നും അതുകൊണ്ടാണ് രണ്ടാം ഏകദിനം തോൽക്കേണ്ടി വന്നതെന്നും ആരാധകരിൽ ചിലർ ചൂണ്ടിക്കാട്ടി.
ആദ്യ ഓവറിലെ രണ്ടാം പന്തിൽ ഡെവോൺ കോൺവേ അർഷ്ദീപിനെ ബൗണ്ടറിയടിച്ചിരുന്നു. എന്നാൽ നാലാം പന്തിൽ ഹെൻറി നിക്കോൾസിനെ മടക്കി അർഷ്ദീപ് തിരിച്ചടിച്ചു. പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരമാണ് താരത്തെ ടീമിലെടുത്തത്. നേരത്തെ അർഷ്ദീപിനെ ടീമിലെടുക്കണമെന്ന് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിനും ആവശ്യപ്പെട്ടിരുന്നു. പ്രസിദ്ധ് കൃഷ്ണയ്ക്കും ഹർഷ്ദീപ് സിങ്ങിനും ആവശ്യത്തിന് മത്സര പരിചയം ഇല്ലെന്നും അശ്വിൻ ചൂണ്ടിക്കാട്ടി.