CRICKET

ചെന്നൈ എന്നാ സുമ്മാവാ..... രണ്ടാം പോരിലും ജയം; മുംബൈയെ തകർത്തത് 8 വിക്കറ്റിന്

നായകന്‍ ഋതുരാജ് ഗെയ്ക്വാദും ഇംപാക്റ്റ് പ്ലെയര്‍ കാര്‍ത്തിക് ശര്‍മയുമാണ് ചെന്നൈയുടെ വിജയശില്‍പ്പികള്‍

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: ഐപിഎല്ലിലെ ക്ലാസിക്ക് പോരാട്ടത്തിൽ മുംബൈക്കെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് തകർപ്പൻ ജയം. ചെപ്പോക്കിൽ മുംബൈ ഇന്ത്യൻസിനെ 8 വിക്കറ്റിനാണ് തോൽപ്പിച്ചത്. നായകന്‍ ഋതുരാജ് ഗെയ്ക്വാദും ഇംപാക്റ്റ് പ്ലെയര്‍ കാര്‍ത്തിക് ശര്‍മയുമാണ് ചെന്നൈയുടെ വിജയശില്‍പ്പികള്‍. ഗെയ്ക്വാദ് 67 റണ്‍സെടുത്തു. കാര്‍ത്തിക് ശര്‍മ 54 റണ്‍സ് നേടി.

സഞ്ജു സാംസണിന് (11) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഫോമിലേക്കെത്താനായില്ല. ഉര്‍വില്‍ പട്ടേല്‍ 24 റണ്‍സെടുത്തു. എം. എ. ചിദംബരം സ്റ്റേഡിയത്തില്‍ മുംബൈ ഉയർത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ  18.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അത്ര നല്ല ഫോമിലായിരുന്നില്ല മുംബൈയുടെ തുടക്കം. ആദ്യ റണ്ണോടെ വില്‍ ജാക്‌സിന്റെ വിക്കറ്റ് നഷ്ടമായി.

പിന്നീട് റിക്കിള്‍ട്ടണ്‍ - ധിര്‍ സഖ്യം 58 റണ്‍സ് നേടി. റിക്കിള്‍ട്ടൺ പുറത്തായതോടെ വന്ന സൂര്യകുമാർ (21) പക്ഷെ നിരാശയാണ് സമ്മാനിച്ചത്. തിലക് വര്‍മയും (5) വന്നത് പോലെ മടങ്ങി. തൊട്ടുപിന്നാലെ ധിറും പവലിയനിലെത്തി. ഹാര്‍ദിക് പാണ്ഡ്യക്ക് (23 പന്തില്‍ 18) വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ സാധിച്ചതുമില്ല. റോബിന്‍ മിന്‍സാണ് (5) പുറത്തായ മറ്റൊരു താരം. കൃഷ് ഭഗത് (3), ട്രന്റ് ബോള്‍ട്ട് (7) പുറത്താവാതെ നിന്നു.

ചെന്നൈക്ക് വേണ്ടി അന്‍ഷൂല്‍ കാംബോജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നൂര്‍ അഹമ്മദിന് രണ്ട് വിക്കറ്റുണ്ട്.രാമകൃഷ്ണ ഘോഷ്, ജാമി ഓവര്‍ട്ടണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഒമ്പത് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് ചെന്നൈക്കുള്ളത്. മുംബൈ നാല് പോയിന്റമായി ഒമ്പതാം സ്ഥാനത്ത് തുടരുന്നു.

SCROLL FOR NEXT