2026 ഐപിഎല്‍ താര ലേലം ഡിസംബറില്‍ നടക്കാനിരിക്കേ എല്ലാ ഫ്രാഞ്ചൈസികളും അരയും തലയും മുറുക്കി തയ്യാറാവുകയാണ്. ഫ്രാഞ്ചൈസികളെല്ലാം പല പ്രമുഖരേയും ഒഴിവാക്കിയതിനാല്‍ ഇത്തവണത്തെ താരലേലം പൊടിപൊടിക്കും.
ആൻഡ്രേ റസല്‍, ഗ്ലെന്‍ മാക്‌സ് വെല്‍ അടക്കമുള്ള താരങ്ങളാണ് ലേലത്തിന് എത്തുന്നത്. ഓള്‍റൗണ്ടര്‍മാര്‍ക്കായിരിക്കും ഡിമാന്‍ഡ് കൂടുക എന്ന് ഉറപ്പാണ്. അതില്‍ തന്നെ ആന്‍േ്രഡ റസലിനും മാക്‌സ് വെല്ലിനുമാകും ഏറ്റവും കൂടുതല്‍ മൂല്യമുണ്ടാകുക. 12 കോടി രൂപ മുതല്‍ 18 കോടി രൂപ വരെ താരങ്ങള്‍ക്കു വേണ്ടി മുടക്കാന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറാകും എന്നാണ് വിലയിരുത്തല്‍.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാന്‍ കഴിവുള്ള ലോകോത്തര താരമാണ് ആന്‍ഡ്രേ റസല്‍. പവര്‍ ഹിറ്റിംഗും ഡെത്ത് ഓവറുകളിലെ വിക്കറ്റുകളും അദ്ദേഹത്തെ വളരെ മൂല്യവത്തായ താരമാക്കുന്നു.
സമ്പൂര്‍ണ ടി20 പാക്കേജായ ഗ്ലെന്‍ മാക്‌സ് വെല്ലും ലേലത്തിലെ താരമാകും. തകര്‍പ്പന്‍ ബാറ്റിംഗ്, ഉപയോഗപ്രദമായ ഓഫ്-സ്പിന്‍, മികച്ച ഫീല്‍ഡിംഗ് എന്നിവയാണ് മാക്‌സ് വെല്ലിനെ പൊന്നും താരമാക്കുക. ഒരു മിഡില്‍ ഓര്‍ഡര്‍ തീപ്പൊരി എന്ന നിലയില്‍ ഇദ്ദേഹത്തിനായി ടീമുകള്‍ പണം വാരിയെറിയാന്‍ സാധ്യതയുണ്ട്.
ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ ശേഷിയുള്ള ലിയാം ലിവിങ്സ്റ്റണും ലേലത്തില്‍ തിളങ്ങും. സ്പിന്‍, ഫാസ്റ്റ് ബൗളിംഗ് എറിയാനുള്ള കഴിവ്, കൂറ്റന്‍ സിക്‌സറുകള്‍ അടിക്കാനുള്ള പവര്‍ എന്നിവയാണ് ലിവിങ്സ്റ്റണിനെ പ്രിയങ്കരനാക്കുന്നത്.
മികച്ച ഫോമിലുള്ള രചിന്‍ രവീന്ദ്രയ്ക്കു വേണ്ടിയും വലിയ ഏറ്റുമുട്ടലുണ്ടാകും. യുവ താരമെന്ന മുന്‍തൂക്കവും ഭാവിയിലെ സാധ്യകളുമാണ് ഈ ഇടംകൈയ്യന്‍ സ്പിന്നറെ നോട്ടമിടാന്‍ കാരണം.
ജയസൂര്യയുടെ ആക്ഷന്‍ ഉള്ള പേസര്‍ മതീശ പതിരണയും ലേലത്തില്‍ തിളങ്ങും. ഡെത്ത് ഓവറുകളില്‍ വിക്കറ്റ് നേടാനുള്ള വൈദഗ്ധ്യവും പതിരണയെ നോട്ടമിടാന്‍ കാരണമാകും.
അനുഭവ സമ്പത്തും സ്ഥിരതയുമുള്ള ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഫാഫ് ഡു പ്ലെസിക്കും ഡിമാന്‍ഡ് കൂടും. പല ടീമുകള്‍ക്കും അദ്ദേഹത്തെ ഓപ്പണിംഗ് സ്ഥാനത്തേക്കും ക്യാപ്റ്റന്‍ സ്ഥാനത്തേക്കും പരിഗണിക്കാന്‍ സാധ്യതയുണ്ട്.
ഓപ്പണിങ്ങില്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമെന്ന നിലയില്‍ ദേവോണ്‍ കോണ്‍വേയുടെ ഡിമാന്‍ഡ് കൂടും. വിക്കറ്റ് കീപ്പര്‍ റോളും ഉള്ളതിനാല്‍ താരത്തെ സ്വന്തമാക്കാനും ടീമുകള്‍ ശ്രമിക്കും.