മുംബൈ: 2026 ഐപിഎൽ സീസൺ മുംബൈ ഇന്ത്യൻസിനും ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയ്ക്കും അത്ര മികച്ചതായിരുന്നില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഹാർദിക്ക് ബെയ്‌ൽസ് തട്ടി തെറിപ്പിച്ച സംഭവത്തിൽ ഇപ്പോൾ മൗനം വെടിഞ്ഞിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് മുഖ്യ പരിശീലകൻ മഹേല ജയവർധന.
തുടർച്ചയായ തോൽവികളും പരിക്കുകളും ഹാർദിക്കിനെ മാനസികമായി തളർത്തിയിരുന്നതായി ജയവർധനെ ചൂണ്ടിക്കാട്ടി. കൊൽക്കത്തയ്ക്ക് എതിരായ മത്സരത്തിൽ റോബിൻ മിൻസും ദീപക് ചാഹറും ചേർന്ന് ഒരു ക്യാച്ച് കൈവിട്ടതാണ് ഹാർദിക്കിനെ പ്രകോപിപ്പിച്ചത്. തുടർച്ചയായ തോൽവികൾ കാരണം ടീം നേരിടുന്ന കടുത്ത സമ്മർദത്തിൻ്റെ ഭാഗമായാണ് ഹാർദിക്ക് ഇങ്ങനെ പെരുമാറിയതെന്നാണ് ജയവർധനെയുടെ വാദം.
മത്സരത്തിലെ രണ്ടാം ഇന്നിങ്സിലെ 10ാം ഓവറിലെ നാലാം പന്തിലായിരുന്നു ഈ സംഭവം അരങ്ങേറിയത്. ക്യാച്ച് നഷ്ടപ്പെട്ടതിന് പിന്നാലെ ബൗളിംഗ് മാർക്കിലേക്ക് മടങ്ങിയ പാണ്ഡ്യ കടുത്ത നിരാശയോടെ ബെയ്‌ൽസ് തട്ടി തെറിപ്പിക്കുകയായിരുന്നു. എന്നാൽ ഈ പ്രതികരണത്തെ അനാവശ്യമായി വ്യാഖ്യാനിക്കേണ്ടതില്ല എന്ന് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിന് മുന്നോടിയായി വാംഖഡെ സ്റ്റേഡിയത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ കോച്ച് വ്യക്തമാക്കി.
"ഹാർദിക്ക് പരിക്കിൻ്റെ പിടിയിലായിരുന്നു. അതോടൊപ്പം ടീമിൻ്റെ തുടർച്ചയായ തോൽവികളും.. കഴിഞ്ഞ കളിയിൽ റോബിൻ മിൻസിനും ദീപക് ചാഹറിനും ഇടയിൽ ആ ക്യാച്ച് നിലത്തുവീണത് നമ്മൾ കണ്ടതാണ്. അവൻ വല്ലാതെ നിരാശനാവുകയും ആ ദേഷ്യത്തിൽ ബെയ്ൽസ് തെറിപ്പിക്കുകയും ചെയ്തു. അത്തരം സാഹചര്യത്തിൽ ഏത് ബൗളർക്കും നിരാശയുണ്ടാകും. അതിൽ കൂടുതലൊന്നും നമ്മൾ കരുതേണ്ടതില്ല. ഗ്രൗണ്ടിൽ അവനുണ്ടായ അതേ നിരാശ തന്നെയാണ് ടീമിനുമുള്ളത്. മികച്ച പ്രതിഭകളും കരുത്തുറ്റ സ്ക്വാഡും ഉണ്ടായിട്ടും ഞങ്ങൾക്ക് അത് കളത്തിൽ പുറത്തെടുക്കാൻ കഴിഞ്ഞില്ലെന്നത് ഹാർദിക്കിന് മാത്രമല്ല, ഞങ്ങൾക്ക് എല്ലാവർക്കും ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്," ജയവർധനെ മാധ്യമങ്ങളോട് പറഞ്ഞു.
ബുധനാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വച്ച് നടന്ന മത്സരത്തിലെ ഈ മോശം പെരുമാറ്റത്തിന് ഹാർദിക്കിന് അച്ചടക്ക നടപടി നേരിടേണ്ടി വന്നു. ഐപിഎൽ പെരുമാറ്റച്ചട്ടം ലെവൽ വൺ ലംഘിച്ച പാണ്ഡ്യക്ക് മാച്ച് ഫീയുടെ 10 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിൻ്റും ശിക്ഷയായി ലഭിച്ചു. ടൂർണമെൻ്റിൽ നിന്ന് പുറത്തായെങ്കിലും മുംബൈ അഭിമാന മത്സരമായിയാണ് ഹോം ഗ്രൗണ്ടിലെ തങ്ങളുടെ അവസാന പോരാട്ടത്തിനറങ്ങുക . എന്നാൽ രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാൻ വിജയം അനിവാര്യമാണ്.