Source: Screengrab
CRICKET

ഐപിഎല്ലിൽ ഇന്ന് ഡൽഹിയും കൊൽക്കത്തയും നേർക്കുനേർ; പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ ഇരുടീമുകളും

ഡൽഹിയുടെ തട്ടകമായ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ആവേശ പോരാട്ടം...

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. രാത്രി ഏഴരയ്ക്ക് ഡൽഹിയുടെ തട്ടകമായ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ആവേശ പോരാട്ടം. പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ ഇരുടീമുകൾക്കും ഇന്ന് ജയം അനിവാര്യം.

തുടർതോൽവികളിൽ വലയുന്ന ഡൽഹി ക്യാപിറ്റൽസ് ഏഴാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയോട് ഏറ്റുവാങ്ങിയ കനത്ത തോൽവി ടീമിന് വലിയ തിരിച്ചടിയായി. അക്ഷർ പട്ടേൽ നയിക്കുന്ന ഡൽഹി നിരയിൽ കെ.എൽ. രാഹുൽ, പതും നിസങ്ക, നിതീഷ് റാണ എന്നിവർ ഫോമിലേക്കെതിയത് ബാറ്റിങ്ങിൽ കരുത്താകും. മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ് എന്നിവർ നയിക്കുന്ന ബൗളിങ് നിര മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ ഡൽഹിക്ക് കൊൽക്കത്തയെ പിടിച്ചുകെട്ടാനാവൂ. സീസണിൽ കളിച്ച പത്ത് മത്സരങ്ങളിൽ ആറിലും തോറ്റ ഡൽഹിക്ക് ഇന്ന് ജീവൻമരണ പോരാട്ടമാണ്.

അവസാന മൂന്ന് മത്സരങ്ങളും ജയിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മികച്ച ഫോമിലാണ്. അജിങ്ക്യ രഹാനെയുടെ ക്യാപ്റ്റൻസിയിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് കെകെആർ വരുന്നത്. ഫിൻ അലൻ്റെ വെടിക്കെട്ടും റിങ്കു സിങ്ങിൻ്റെ ഫിനിഷിങ് മികവുമാണ് ടീമിൻ്റെ ഊർജം. ഒപ്പം അംഗ്രീഷ് രഘുവൻഷിയുടെ സ്ഥിരതയാർന്ന പ്രകടനം ടീമിൻ്റെ പ്ലസ് പോയിൻ്റാണ്. സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി എന്നീ സ്പിന്നർമാരുടെ ലക്ഷ്യം ഡൽഹി ബാറ്റർമാരെ വട്ടം കറക്കലാണ്. ലീഗിൽ എട്ടാം സ്ഥാനത്താണെങ്കിലും ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ പോയിൻ്റ് പട്ടികയിൽ കൊൽക്കത്തയ്ക്ക് മുന്നേറാം.

നേർക്കുനേർ കണക്കുകളിൽ മുൻതൂക്കം കൊൽക്കത്തയ്ക്കാണ്. ഇതുവരെ ഏറ്റുമുട്ടിയ 35 മത്സരങ്ങളിൽ 19 തവണയും ജയം നൈറ്റ്സിനൊപ്പം. ഡൽഹിക്ക് ജയിക്കാനായത് 15ൽ മാത്രം. സീസണിൽ പതറുന്ന ഇരു ടീമുകളിൽ അരുൺ ജയ്റ്റ്ലിയിൽ ആര് വെന്നിക്കൊടി പാറിക്കുമെന്ന് കാത്തിരുന്ന് കാണാം.

SCROLL FOR NEXT