CRICKET

IPL 2026 | വാംഖഡെയിൽ രോഹിത്ത്-റിക്കെൽട്ടൻ ഷോ! ജയിച്ചു തുടങ്ങി ദൈവത്തിൻ്റെ പോരാളികൾ!

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കെകെആര്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് അടിച്ചെടുത്തിരുന്നു.

Author : ന്യൂസ് ഡെസ്ക്

മുംബൈ: ജയിച്ചു തുടങ്ങി ദൈവത്തിൻ്റെ പോരാളികൾ... ഐപിഎല്ലിൻ്റെ 19ാം സീസണിലെ രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് ആറ് വിക്കറ്റിൻ്റെ തകർപ്പൻ ജയം. രോഹിത് ശർമ-റിയാൻ റിക്കെൽട്ടൻ സഖ്യത്തിൻ്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് മുംബൈയ്ക്ക് സീസണിൽ വിജയത്തുടക്കം സമ്മാനിച്ചത്. 13 വർഷങ്ങൾക്ക് ശേഷമാണ് മുംബൈ ഐപിഎല്ലിൽ ആദ്യ മത്സരം വിജയിക്കുന്നത്.

രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 221 റൺസിൻ്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. 19.1 ഓവറിൽ മുംബൈ ഈ ലക്ഷ്യം മറികടന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കെകെആര്‍, അജിങ്ക്യ രഹാനെ, അങ്ക്രിഷ് രഘുവംശി എന്നിവരുടെ അർധ സെഞ്ച്വറികളുടെ കരുത്തിൽ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് അടിച്ചെടുത്തിരുന്നു.

മറുപടി ബാറ്റിങ് ആരംഭിച്ച മുംബൈ ഓപ്പണർമാർ ഇരുവരും ടീമിന് മികച്ച കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഒന്നാം വിക്കറ്റിൽ 71 പന്തിൽ നിന്ന് ഇരുവരും ചേർന്ന് 148 റൺസിൻ്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. രോഹിത്തിനെ (38 പന്തിൽ 78) വൈഭവ് അറോറയുടെ പന്തിൽ അനുകുൽ റോയി ക്യാച്ചെടുത്ത് പുറത്താക്കി. റിയാൻ റിക്കെൽട്ടനെ (43 പന്തിൽ 81) അനുകുൽ റോയ് റണ്ണൗട്ടാക്കി. സൂര്യകുമാർ യാദവിനെ (16) കാർത്തിക് ത്യാഗി റിങ്കുവിൻ്റെ കൈകളിലെത്തിച്ചു. തിലക് വർമ (19), ഹാർദിക് പാണ്ഡ്യ (12) എന്നിവർ ടീമിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.

23 പന്തിലാണ് രോഹിത്ത് അർധസെഞ്ച്വറി തികച്ചത്. ഐപിഎൽ കരിയറിൽ ഇത് അമ്പതാം തവണയാണ് 50+ സ്കോറുകൾ താരം നേടുന്നത്. ഐപിഎല്ലിൽ ഇതുവരെ 48 ഫിഫ്റ്റികളും രണ്ട് സെഞ്ച്വറികളും രോഹിത് സ്വന്തം പേരിൽ ചേർത്തിട്ടുണ്ട്. ആറ് സിക്സറും ആറ് ഫോറുകളും ഹിറ്റ്മാൻ വാംഖഡെയിൽ പറത്തി. മറുവശത്ത് 24 പന്തിൽ നിന്ന് തന്നെയാണ് റിക്കെൽട്ടനും അർധസെഞ്ച്വറി പൂർത്തിയാക്കിയത്.

കൊല്‍ക്കത്തയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, അങ്ക്രിഷ് രഘുവംശി എന്നിവര്‍ അർധ സെഞ്ച്വറി നേടിത്തിളങ്ങി. രഹാനെ (40 പന്തിൽ 67), അങ്ക്രിഷ് രഘുവംശി (29 പന്തിൽ 51), ഫിൻ അലൻ (17 പന്തിൽ 37), റിങ്കു സിങ് (21 പന്തിൽ 33), കാമറൂൺ ഗ്രീൻ (18) എന്നിവർ ബാറ്റിങ്ങിൽ മികച്ച സംഭാവനകൾ നൽകി. മുംബൈയ്ക്കായി ഷർദുൽ താക്കൂർ മൂന്നും ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.

മുംബൈ ഇന്ത്യൻസ് പ്ലേയിംഗ് ഇലവൻ: 

രോഹിത് ശർമ, റയാൻ റിക്കിൾടൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഷെർഫാൻ റൂഥർഫോർഡ്, നമാൻ ധിർ, ഷാർദുൽ താക്കൂർ, മായങ്ക് മാർക്കണ്ഡെ, എഎം ഗസൻഫർ, ട്രെൻ്റ് ബോൾട്ട്, ജസ്പ്രീത് ബുംറ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേയിംഗ് ഇലവൻ: 

ഫിൻ അലൻ, അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), കാമറൂൺ ഗ്രീൻ, അങ്ക്‌കൃഷ് രഘുവംശി (വിക്കറ്റ് കീപ്പർ), റിങ്കു സിംഗ്, രമൺദീപ് സിംഗ്, അനുകുൽ റോയ്, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി, വൈഭവ് അറോറ, ബ്ലെസിംഗ് മുസറബാനി

SCROLL FOR NEXT