CRICKET

സൂപ്പര്‍ ഓവറില്‍ സൂപ്പര്‍ വിന്‍; എല്‍എസ്ജിയെ തകര്‍ത്ത് കൊല്‍ക്കത്ത

മുഹമ്മദ് ഷമി സിക്‌സര്‍ പറത്തി മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിക്കുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

സൂപ്പര്‍ ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ അവസാന ജയം കൊല്‍ക്കത്തയ്‌ക്കൊപ്പം. ഐപിഎല്ലിലെ ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയം.

ലഖ്നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവസാന പന്തില്‍ ലഖ്നൗവിന് ജയിക്കാന്‍ 7 റണ്‍സ് വേണമെന്നിരിക്കെ, മുഹമ്മദ് ഷമി ലോങ് ഓവറിന് മുകളിലൂടെ സിക്‌സര്‍ പറത്തി മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിക്കുകയായിരുന്നു.

വീറും വാശിയും നിറഞ്ഞ മത്സരമാണ് ഏകാന സ്റ്റേഡിയത്തില്‍ നടന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. റിങ്കു സിങ്ങിന്റെ പ്രകടനമാണ് ടീമിനെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. 51 പന്തില്‍ അഞ്ച് സിക്‌സുകളും ഏഴ് ഫോറുകളുമടക്കം 83 റണ്‍സാണ് താരം നേടിയത്. ടി20 യില്‍ റിങ്കുവിന്റെ മികച്ച സ്‌കോറാണിത്.

മുന്‍നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോഴാണ് റിങ്കുവിന്റെ ഒറ്റയാള്‍ പോരാട്ടം. അജിങ്ക്യ രഹാനെ (10), ടിം സീഫെര്‍ട്ട് (0), അങ്കൃഷ് രഘുവംശി (9), അങ്കുല്‍ റോയ് (0), രമണ്‍ദീപ് സിങ് (6), റോവ്മാന്‍ പൗവല്‍ (1) എന്നിവരെല്ലാം നിരാശപ്പെടുത്തി. കാമറൂണ്‍ ഗ്രീന്‍ 21 പന്തില്‍ 34 റണ്‍സ് നേടി.

മുഹ്‌സിന്‍ ഖാനാണ് കൊല്‍ക്കത്തയുടെ ബാറ്റര്‍മാരെ വിറപ്പിച്ചത്. അജിങ്ക്യ രഹാനെ, ടിം സിഫര്‍ട്ട്, കാമറോണ്‍ ഗ്രീന്‍, റോവ്മാന്‍ പവല്‍, അങ്കുല്‍ റോയ് എന്നിവരുടെയെല്ലാം വിക്കറ്റുകള്‍ നേടിയത് മുഹ്‌സിന്‍ ഖാനാണ്. നാല് ഓവറില്‍ ഒരു മെയ്ഡനടക്കം 23 റണ്‍സ് വഴങ്ങി 5 വിക്കറ്റുകളാണ് താരം നേടിയത്.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ഒരു റണ്ണാണ് നേടിയത്. നരൈന്‍ എറിഞ്ഞ ഓഫ് സ്പിന്നില്‍ നിക്കോളാസ് പുരാന്‍ വലിയ ഷോട്ടിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ലഖ്നൗവിന് ആദ്യ വിക്കറ്റ് നഷ്ടമായി.

രണ്ടാം പന്തില്‍ ഋഷഭ് പന്ത് ഒരു റണ്ണെടുത്തു. മൂന്നാം പന്തില്‍ എയ്ഡന്‍ മാര്‍ക്രവും പുറത്തായി. ലോങ് ഓഫില്‍ റോവ്മാന്‍ പവല്‍ എടുത്തത് അതിമനോഹരമായ ഒരു ബൗണ്ടറി ലൈന്‍ ക്യാച്ചാണ്. ഇതോടെ കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ വേണ്ടത് രണ്ട് റണ്‍. മറുപടി ബാറ്റിങ്ങില്‍ റിങ്കു സിങ് ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചു.

SCROLL FOR NEXT