ഡൽഹി: തുടർച്ചയായ അഞ്ച് പരാജയങ്ങൾക്കൊടുവിൽ വിജയവഴിയിൽ തിരിച്ചെത്തി ഡൽഹി ക്യാപിറ്റൽസ്. പ്ലേ ഓഫിനായുള്ള വടംവലി തുടരുന്നതിനിടെ രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിനാണ് ഡൽഹി തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. എന്നാൽ ഡൽഹി നാല് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 197 റൺസെടുത്ത് ലക്ഷ്യം മറികടന്നു.
രാജസ്ഥാനായി വൈഭവ് സൂര്യവൻഷി (21 പന്തിൽ 46), ധ്രുവ് ജുറേൽ (40 പന്തിൽ 53), റിയാൻ പരാഗ് (26 പന്തിൽ 51) എന്നിവർ തിളങ്ങിയെങ്കിലും മറ്റാർക്കും ബാറ്റിങ്ങിൽ തിളങ്ങാനായില്ല. ഡൽഹിക്കായി മിച്ചെൽ സ്റ്റാർക്ക് നാലും ലുങ്കി എങ്കിടിയും മാധവ് തിവാരിയും രണ്ട് വീതം വിക്കറ്റെടുത്തു.
ഡൽഹിക്ക് വേണ്ടി അഭിഷേക് പോറൽ (31 പന്തിൽ 51), കെ.എൽ. രാഹുൽ (42 പന്തിൽ 56), അക്സർ പട്ടേൽ (18 പന്തിൽ 34), അശുതോഷ് ശർമ (5 പന്തിൽ 18) എന്നിവർ തിളങ്ങി. ജോഫ്ര ആർച്ചറും ബ്രിജേഷ് ശർമയും രാജസ്ഥാനായി രണ്ട് വീതം വിക്കറ്റെടുത്തു.
പഞ്ചാബ് കിങ്സിന് പിന്നാലെ രാജസ്ഥാൻ റോയൽസും ഞായറാഴ്ച തോറ്റതോടെ സഞ്ജു സാംസണിൻ്റെ ചെന്നൈ സൂപ്പർ കിങ്സിന് പ്ലേ ഓഫിലേക്ക് സ്ഥാനമുറപ്പിക്കാൻ ഇനിയും അവസരങ്ങളുണ്ട്. അടുത്ത രണ്ട് മത്സരവും മികച്ച മാർജിനിൽ ജയിച്ചാൽ ചെന്നൈയ്ക്ക് പ്ലേ ഓഫിൽ കയറിക്കൂടാനാകും.