Source: Screengrab/AFP
CRICKET

IPL 2026 | ഡൽഹിക്കെതിരെ പഞ്ചാബിൻ്റെ സംഹാരതാണ്ഡവം; ഡൽഹിയെ തകർത്തത് ടി20 ചരിത്രത്തിലെ റെക്കോർഡ് റൺവേട്ടയിൽ

റെക്കോഡുകൾ പെയ്തിറങ്ങിയ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ചരിത്രം കുറിച്ച് പഞ്ചാബ് കിങ്സിന്റെ പടയോട്ടം...

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് വിജയക്കുതിപ്പ് തുടർന്ന് പഞ്ചാബ് കിങ്സ്. ഡൽഹിയെ ആറ് വിക്കറ്റിന് തകർത്ത് ട്വൻ്റി 20 ക്രിക്കറ്റിൽ ചേസിങ്ങിലൂടെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി പഞ്ചാബ്. റെക്കോഡുകൾ പെയ്തിറങ്ങിയ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ചരിത്രം കുറിച്ച് പഞ്ചാബ് കിങ്സിന്റെ പടയോട്ടം. കുട്ടി ക്രിക്കറ്റിലെ ഏറ്റവും വലിയ റൺ ചേസിങ്ങിനൊടുവിൽ വിജയക്കൊടി പാറിച്ച് ശ്രേയസും സംഘവും.

സംഭവബഹുലമായിരുന്നു ഡൽഹി - പഞ്ചാബ് മത്സരം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയെ കെ.എൽ. രാഹുൽ മുന്നിൽ നിന്ന് നയിച്ചു. പഞ്ചാബിന് മേൽ ബൗണ്ടറികളുടെ പെരുമഴ തീർത്ത രാഹുൽ 67 പന്തുകളിൽ 152 റൺസ് അടിച്ചുകൂട്ടി. ഐപിഎൽ ചരിത്രത്തിൽ ഒരിന്ത്യൻ താരം കുറിക്കുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. പക്ഷെ രാഹുലിന്റെ ഇന്നിങ്സിന്റെ ഹാങ്ങോവർ അധികനേരം നീണ്ടില്ല. മറുപടി ബാറ്റിംഗിൽ പഞ്ചാബിന്റെ സംഹാരതാണ്ഡവം.

ട്വൻ്റി 20 ക്രിക്കറ്റിലെ ഏറ്റവും വലിയ ചേസിങ്ങിന് തിരികൊളുത്തി പ്രിയാൻഷ് ആര്യയും പ്രഭ്‌സിമ്രാൻ സിങ്ങും. ഡൽഹിയുടെ തട്ടകത്തിൽ 265 റൺസ് പിന്തുടർന്ന പഞ്ചാബ് ഏഴ് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു. പ്രഭ്‌ സിമ്രാനിൻ്റെയും ക്യാപ്റ്റൻ ശ്രേയസിൻ്റെയും അർധ സെഞ്ച്വറികളാണ് പഞ്ചാബിന് മിന്നും ജയം സമ്മാനിച്ചത്. 2024ൽ കൊൽക്കത്തയ്ക്കെതിരെ നടത്തിയ 262 റൺസ് ചേസിങ് പഴങ്കഥയാക്കിയാണ് ശ്രേയസും സംഘവും റെക്കോർഡിട്ടത്. സീസണിൽ ഏഴാം മത്സരത്തിലും പഞ്ചാബിന് വിജയത്തിന്റെ ലസ്സി മധുരം.

നിതീഷ് റാണയ്ക്ക് ഒൻപത് റൺസ് അകലെ സെഞ്ച്വറി നഷ്ടമായതും, ഫീൽഡിങ്ങിനിടെ ലുംഗി എന്ഗിടിക്ക് പരിക്കേറ്റതും ഈ മത്സരത്തിന്റെ ദുഃഖമായി തുടരും. ഹോം ഗ്രൗണ്ടിൽ കൂറ്റൻ സ്കോർ ഉയർത്തി ഡൽഹി വെല്ലുവിളിച്ചെങ്കിലും പഞ്ചാബ് കരുത്തിനെ നേരിടാൻ അത് മതിയാകുമായിരുന്നില്ല. ബൗണ്ടറികളിൽ പന്തുരഞ്ഞ് തീപാറിയ മത്സരത്തിൽ ഗ്യാലറി ആവേശക്കടലായി. രാജസ്ഥാനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. ഏപ്രിൽ 27ന് ഡൽഹി ബെംഗളൂരുവിനെ നേരിടും.

SCROLL FOR NEXT