Source: X/ BCCI
CRICKET

പരീക്ഷണങ്ങൾ പാളി; തുടർച്ചയായി മൂന്നാം സീസണിലും പ്ലേ ഓഫ് കാണാതെ മടങ്ങി യെല്ലോ ആർമി

14 മത്സരങ്ങളിൽ നിന്ന് സിഎസ്കെ ആകെ ആറ് മത്സരങ്ങൾ മാത്രമാണ് ജയിച്ചത്.

Author : Chandana Vinod

ചെന്നൈ: അഞ്ച് തവണ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സിന് ഇത് നിരാശയുടെ കാലമാണ്. 2023ൽ കിരീടം നേടിയ ശേഷം ചെന്നൈയ്ക്ക് ഒരു തവണ പോലും പ്ലേ ഓഫ് ഘട്ടത്തിലേക്ക് കടക്കാൻ സാധിച്ചിട്ടില്ല. ഈ സീസണിലും മികച്ച പ്രകടനം പുറത്തെടുക്കാതെ വന്നതോടെ ടീം ലീഗ് ഘട്ടത്തിൽ തന്നെ പുറത്തായി. 14 മത്സരങ്ങളിൽ നിന്ന് സിഎസ്കെ ആകെ ആറ് മത്സരങ്ങൾ മാത്രമാണ് ജയിച്ചത്. വ്യാഴാഴ്ച അഹമ്മദാബാദിൽ വച്ച് നടന്ന ഗുജറാത്തിനെതിരായ മത്സരത്തിൽ ചെന്നൈ 89 റൺസിൻ്റെ ദയനീയമായ തോൽവിയാണ് ഏറ്റുവാങ്ങിയത്. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ചെന്നൈയ്ക്ക് അവസാന മാച്ചിൽ ജയം അനിവാര്യമായിരുന്നു.

2023ൽ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി കിരീടം നേടിയ ചെന്നൈ പിന്നീട് ഒരു സീസണിൽ പോലും തൃപ്തികരമെന്ന് പറയാവുന്നൊരു പ്രകടനം കാഴ്ചവച്ചിട്ടില്ല. 2024ൽ അഞ്ചാം സ്ഥാനവും 2025ൽ പത്താം സ്ഥാനവുമായിരുന്നു ചെന്നൈയുടേത്. 2026 സീസണിൽ നിലവിൽ ഏഴാം സ്ഥാനത്തുമാണ് അവർ നിൽക്കുന്നത്. ഒരുകാലത്ത്‌ കൺസിസ്റ്റൻസിയുടെ പേരിൽ അറിയപ്പെട്ടിരുന്ന സിഎസ്കെ, ഇപ്പോൾ ഏറ്റവും ദയനീയ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്.

ചെന്നൈയുടെ ഈ പതനത്തിനു പിന്നിൽ ഗ്രൗണ്ടിലെ പാളിച്ചകൾ മാത്രമല്ല മാനേജ്മെൻ്റിൻ്റെ തെറ്റായ തീരുമാനങ്ങളുമുണ്ട്. 2027 സീസണിന് മുന്നോടിയായി ചെന്നൈ മാനേജ്‌മെൻ്റ് ടീമിൽ ഇനിയും ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. എം.എസ്. ധോണിയെ പോലൊരു പരിചയസമ്പന്നനായ താരത്തിൻ്റെ അഭാവം സീസണിലാകെ ടീമിനെ നന്നായി ബാധിക്കുന്നുണ്ടായിരുന്നു. 2023ൽ ചെന്നൈയെ കിരീടത്തിലേക്ക് നയിച്ച ശേഷമാണ് ധോണി നായകസ്ഥാനത്ത്‌ നിന്ന് പടിയിറങ്ങിയത്. ശേഷം യുവനായകനായി റുതുരാജ് ഗെയ്ക്ക്‌വാദ് സ്ഥാനമേറ്റു. നായക സ്ഥാനത്ത് നിന്നും ധോണി പടിയിറങ്ങിപ്പോഴും ഫീൽഡിലെ അദ്ദേഹത്തിൻ്റെ സാന്നിധ്യം റുതുരാജിന് ഒരുപാട് സഹായകരമായിരുന്നു.

പരിക്കുകൾ മൂലം ധോണി ഈ സീസണിൽ ഒറ്റ മത്സരം പോലും കളിച്ചിട്ടില്ല. ഇത് നായകൻ റുതുരാജിനെയും ടീമിൻ്റേയും നെഗറ്റീവായി ബാധിച്ചു. പ്രതിസന്ധി ഘട്ടത്തിൽ ബൗളർമാർക്ക് മാർഗനിർദേശം നൽകിയും വിക്കറ്റിന് പിന്നിൽ നിന്ന് കളി നിയന്ത്രിക്കുകയും ചെയ്തിരുന്ന ധോണിയുടെ അഭാവം ടീമംഗങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കി.

ക്യാപ്റ്റൻ റുതുരാജിൻ്റെ ബാറ്റിങ്ങിലെ ഫോമില്ലായ്മ ഈ സീസണിലെ സിഎസ്കെയുടെ വലിയൊരു പ്രശ്നമായിരുന്നു. 123 സ്ട്രൈക്ക് റേറ്റിൽ 337 റൺസാണ് റുതുരാജിൻ്റെ ഈ സീസണിലെ സമ്പാദ്യം. സീസണിൻ്റെ തുടക്കത്തിൽ റുതുരാജ് ബാറ്റിങ്ങിൽ തന്റെ താളം കണ്ടെത്തുവാൻ ബുദ്ധിമുട്ടിയെങ്കിലും, പിന്നീട് അദ്ദേഹം കയറിവരാൻ ശ്രമിച്ചു. എന്നിരുന്നാലും ഗെയ്ക്‌വാദിൻ്റെ ഈ ഫോമില്ലായ്മ ടീമിനെയും വല്ലാതെ ബാധിച്ചു. മുൻ സീസണുകളിൽ റുതുരാജ് തൻ്റെ "സ്പാർക്ക്" എത്രത്തോളമാണെന്ന് തെളിയിച്ചതാണ്. എന്നാൽ ഈ സീസണിലെ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന് ടീമിന് ഉപകാരത്തേക്കാൾ ദോഷമാണുണ്ടാക്കിയത്. ഇങ്ങനെയെങ്കിൽ ഓപ്പണിങ് ബാറ്ററെന്ന സ്ഥാനം അദ്ദേഹം മറ്റൊരാൾക്ക് വിട്ടുകൊടുക്കുകയും, മിഡിൽ ഓർഡറിലേക്ക് ഇറങ്ങുകയും ചെയ്യുന്നതാണ് ടീമിന് നല്ലത്.

2026ലെ ലേലത്തിന് മുന്നോടിയായി രവീന്ദ്ര ജഡേജയേയും സാം കറനേയും രാജസ്ഥാൻ റോയൽസിന് നൽകി, പകരം സഞ്ജു സാംസണിനെ ടീമിലെത്തിച്ച സിഎസ്കെയുടെ തീരുമാനം വലിയ ചർച്ചയായിരുന്നു. ജഡേജയെ പോലെയുള്ള പരിചയ സമ്പന്നനായ സ്പിന്നറെ വിട്ട് കൊടുത്തപ്പോൾ ബൗളിങ് നിരയുടെ സന്തുലിതാവസ്ഥയെ അത് നന്നായി ബാധിച്ചു. ചെപ്പോക്കിലെ സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചിൽ ജഡേജയ്ക്ക് പകരക്കാരനെ കൊണ്ട് വരാൻ മാനേജ്മെന്റിന് സാധിച്ചില്ല. പ്രശാന്ത് വീർ വന്നിരുന്നെങ്കിലും പരിചയസമ്പത്ത് കുറവായതിനാൽ ഈ 20കാരൻ ചെന്നൈയ്ക്ക് പ്രതീക്ഷിച്ച പോലെ തുണയായില്ല. ശിവം ദുബെയാണ് ടീമിൽ ഈ അഭാവം നികത്താൻ ശ്രമിച്ചത്. പക്ഷെ അദ്ദേഹത്തെ ഇത് കൂടുതൽ സമ്മർദ്ദത്തിലോട്ട് നയിച്ചു.

സീസണിലാകെ പരിക്കുകൾ കൊണ്ട് വലഞ്ഞൊരു ടീമായിരുന്നു ചെന്നൈ. സീസൺ തുടങ്ങുന്നതിന് മുൻപ് തൊട്ട് മുതൽ ഈ അവസാന മത്സരം വരെയും പരിക്കുകളാണ് ടീമിനെ നിയന്ത്രിച്ചത്. എന്നാൽ എം.എസ്. ധോണിയെയും, ജാമി ഓവർട്ടണെ പോലെ പരിക്കേറ്റ താരങ്ങൾക്ക് പകരക്കാരെ കണ്ടെത്താൻ ടീം മാനേജ്മെൻ്റ് കൂട്ടാക്കിയില്ല. ഇതെല്ലം ടീമിന് ദോഷകരമായി മാറി. സിഎസ്കെ ക്യാമ്പിൽ മാത്രം എങ്ങനെയാണ് ഇത്രയധികം പരിക്കുകൾ വരുന്നതെന്ന് മനസിലാകുന്നില്ലെന്ന് മുൻ സിഎസ്കെ താരം ആർ. അശ്വിൻ പറഞ്ഞു. മറ്റു ടീമുകൾ പരിക്കുകളെ ഇതിലും നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിഎസ്കെയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി മറ്റു പല സീനിയർ താരങ്ങളും രംഗത്തെത്തിയിരുന്നു.

മൂന്ന് വർഷമായി ചെന്നൈയുടെ ഏറ്റവും വലിയ ബലഹീനത അവരുടെ സ്‌ക്വാഡ് തന്നെയാണ്. യുവതാരങ്ങൾ അവരുടെ താളം കണ്ടെത്താൻ സമയം എടുക്കുന്നതൊരു വലിയ പ്രശ്നമാണ്. ഈ സീസണിൽ ചെന്നൈയ്ക്ക് ഒരു ആശ്വാസം സഞ്ജു സാംസണാണ്. 18 കോടിക്ക് ടീമിലെത്തിയ മലയാളി താരം ചെന്നൈയുടെ പ്രതീക്ഷകൾക്കൊത്തുയർന്നു. ഈ സീസണിൽ 500 റൻസിനടുത്ത്‌ നേടിയ സഞ്ജു, ഡൽഹി ക്യാപിറ്റൽസിനെതിരെ പുറത്താകാതെ 115 റൺസും, മറ്റൊരു മത്സരത്തിൽ 101 റൺസും നേടി മികച്ച പ്രകടനം കാഴ്ചവച്ചു. സഞ്ജു കളിച്ചെങ്കിൽ മാത്രമേ സിഎസ്കെ ജയിക്കൂ എന്ന രീതിയിലായിരുന്നു സീസണിലുടനീളം ചെന്നൈയുടെ പ്രകടനം.

എം.എസ്. ധോണി നയിച്ചിരുന്ന കാലത്തും ചെന്നൈയ്ക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അദ്ദേഹം സംയമനത്തോടെ ഓരോ പ്രശ്നങ്ങൾക്കും പ്രതിവിധി കണ്ടെത്തി. എല്ലാവരും ധോണിയെ പോലെ ആകില്ലല്ലോ! എന്നാൽ ധോണിയെ പോലെ പരിചയസമ്പത്ത്‌ ഇല്ലാത്തെ റുതുരാജിന് മാനേജ്മെന്റ് കൂടുതൽ പിന്തുണ നൽകേണ്ടതുണ്ട്. ഇത് അദ്ദേഹത്തിന്റെ ഫോം വീണ്ടെടുക്കാനും സമ്മർദ്ദം കുറക്കാനും സഹായിക്കും.

വരും സീസണിലെങ്കിലും പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തണമെങ്കിൽ ചെന്നൈ ഒരുപാട് അഴിച്ചുപണികൾ നടത്തേണ്ടതുണ്ട്. ചെപ്പോക്കിലെ പിച്ചിൽ തിളങ്ങാൻ സാധിക്കുന്ന സ്പിന്നർമാരെ സ്‌ക്വാഡിലെത്തിക്കണം. മധ്യനിരയിൽ വിശ്വസ്തരായ ബാറ്റർമാരെ എത്തിക്കണം. പരിചയ സമ്പത്തുള്ള താരങ്ങളുടെയും ആവശ്യം ടീമിലുണ്ട്. റുതുരാജിന് പകരം ക്യാപ്റ്റൻസി പരിചയവും അനുഭവസമ്പത്തുമുള്ള സഞ്ജുവിനെ നായകസ്ഥാനത്ത്‌ കൊണ്ടുവരണം എന്നാണ് ആരാധകരുടെയും ക്രിക്കറ്റ് വിദഗ്ധരുടെയും ആവശ്യം.

ഇതിനോടൊപ്പം ധോണിയുടെ ക്രിക്കറ്റ് ഭാവിയെ പറ്റി അറിയാൻ ക്രിക്കറ്റ് ലോകം ആകാംഷയിലാണ്. യുവതാരങ്ങൾക്ക് അവസരം കൊടുക്കാനാണ് അദ്ദേഹം ഇത്തവണ കളത്തിൽ ഇറങ്ങാത്തതെന്ന് പല അഭ്യൂഹങ്ങളും ഇതിനിടയിൽ വന്നിരുന്നു. സിഎസ്കെയുടെ അതുല്യ നായകനെ ഇനി കളിക്കളത്തിൽ കാണാൻ സാധിക്കുമോ എന്ന ചോദ്യത്തിന് ഇതുവരെ മാനേജ്മെൻ്റോ.. ധോണി സ്വയമോ ഉത്തരം നൽകിയിട്ടില്ല. അടുത്ത സീസണിലെങ്കിലും സിഎസ്കെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മികച്ച ഫോമിൽ തിരികെ വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

SCROLL FOR NEXT