CRICKET

"മത്സരത്തിന്റെ ചൂടില്‍ ഗ്രൗണ്ടില്‍ പലതും സംഭവിക്കാം, പക്ഷെ..."; ഹാന്‍ഡ് ഷേക്ക് വിവാദത്തില്‍ ഇര്‍ഫാന്‍ പത്താന്‍

ഓസീസ് താരവും ഹൈദരാബാദ് ഓപ്പണറുമായ ട്രാവിസ് ഹെഡിന് മത്സര ശേഷം കോഹ്‌ലി ഹാൻഡ് ഷേക്ക് കൊടുക്കാൻ വിസമ്മതിക്കുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

ഹൈദരാബാദ്: 2026 ഐപിഎലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിൽ നടന്ന തീ പാറുന്ന പോരാട്ടത്തിന് ശേഷമുള്ള വിരാട് കോഹ്‌ലിയുടെ പെരുമാറ്റമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തിലെ ചർച്ച. മത്സര ശേഷം ഓസീസ് താരവും ഹൈദരാബാദ് ഓപ്പണറുമായ ട്രാവിസ് ഹെഡിന് കോഹ്‌ലി കൈ കൊടുക്കാൻ വിസമ്മതിച്ചു. നിമിഷ നേരം കൊണ്ട് ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാൽ ഇവരുവരും തമ്മിൽ ഗ്രൗണ്ടിൽ വെച്ചുണ്ടായ വാക്ക് തർക്കമാണ് ഇതിന്പിന്നിലെന്ന് മുൻ താരവും കമന്റേറ്ററുമായ ഇർഫാൻ പത്താൻ വ്യക്തമാക്കി.

സാധാരണഗതിയിൽ ഗ്രൗണ്ടിലെ കാര്യങ്ങൾ ഗ്രൗണ്ടിൽ തന്നെ ഉപേക്ഷിക്കുന്നയാളാണ് വിരാട് കോഹ്‌ലി. പക്ഷെ അന്ന് നടന്ന ഈ സംഭവം പതിവിലും വിപരീതമായി. ബാറ്റിങിനിടെ ട്രാവിസ് ഹെഡും കോഹ്ലിയും തമ്മിൽ വാക് തർക്കമുണ്ടായിരുന്നു. ഇതിനിടെ ഇംപാക്ട് സബ് എന്ന് കളിയാക്കുന്ന തരത്തിൽ കൈകൊണ്ട് ഹെഡിനെ കോഹ്ലി കളിയാക്കുകയും ചെയ്തു.

ഈ സീസണിൽ പലപ്പോഴും ഇംപാക്ട് പ്ലെയറായി ഇറങ്ങുകയും പിന്നീട് ഫീൽഡ് ചെയ്യാതെ പിൻവലിക്കപ്പെടുകയും ചെയ്യുന്ന ഹെഡിനെ കളിയാക്കുന്ന രീതിയിലായിരുന്നു കോഹ്‌ലിയുടെ പ്രതികരണം. കൈകൾ കൊണ്ട് ഇംപാക്ട് പ്ലെയർ ആംഗ്യം കാണിച്ച കോഹ്‌ലി, ഹെഡിനോട് വന്ന് പന്ത് എറിയാൻ ആവശ്യപ്പെടുകയായിരുന്നു. വെങ്കിടേഷ് അയ്യര്‍ ബാറ്റ് ചെയ്യവെയാണ് ഹെഡിനോട് വന്ന് പന്തെറിയാന്‍ കോഹ്‌ലി വെല്ലുവിളിച്ചത്. എന്നാല്‍ ഹെഡ് പ്രതികരിച്ചില്ല. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ കോഹ്‌ലിക്ക് 11 പന്തിൽ 15 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളു. ഇതോടെയാണ് ഹെഡിന്റെ മറുപടി വന്നത്. "ഞാൻ പന്തെറിയാൻ വരുന്നതിന് മുൻപ് നീ ഔട്ട് ആയി പോയല്ലോ സുഹൃത്തേ" എന്നായിരുന്നു ട്രാവിസ് ഹെഡിന്റെ പരിഹാസം.

ഹൈദരാബാദ് 55 റൺസിന്‌ വിജയിച്ചതിന് ശേഷം താരങ്ങൾ പരസ്പരം കൈ കൊടുക്കുന്ന സമയത്ത്‌ ഹെഡ് കോഹ്‌ലിക്ക് നേരെ കൈ നീട്ടിയെങ്കിലും കോഹ്‌ലി അത് പൂർണ്ണമായും അവഗണിച്ച് മുന്നോട്ട് നടന്ന്പോവുകയായിരുന്നു. പാറ്റ് കമ്മിൻസിനും മറ്റു ഹൈദരാബാദ് താരങ്ങൾക്കെല്ലാം കോഹ്‌ലി ഷേക്ക് ഹാൻഡ് നൽകിയിരുന്നു.

"മത്സരത്തിന്റെ ചൂടിൽ ഗ്രൗണ്ടിൽ പലതും സംഭവിക്കാം, അത് സ്വാഭാവികമാണ്. എന്നാൽ മത്സരം കഴിഞ്ഞതിന് ശേഷം നടന്നത് ശരിയായ നടപടിയല്ല." എന്ന് സംഭവത്തിൽ പ്രതികരിച്ച് പത്താൻ കൂട്ടിച്ചേർത്തു.

ഇരു ടീമുകളും ഇതിനോടകം പ്ലേ ഓഫിൽ യോഗ്യത നേടിയവരാണ്. എസ്ആർഎച്ചും ആർസിബിയും തമ്മിൽ പ്ലേ ഓഫിൽ ഒരു പോരാട്ടം വരാൻ സാധ്യത ഏറെയാണ്. അങ്ങനെയെങ്കിൽ വെള്ളിയാഴ്‌ച നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോഹ്‌ലി കൂടുതൽ വാശിയോടെയാകും കളത്തിലിറങ്ങുക. തന്റെ മോശം ബാറ്റിംഗ് പ്രകടനത്തിനും, ഹെഡിന്റെ പരിഹാസത്തിനും ബാറ്റുകൊണ്ട് കോഹ്‌ലി മറുപടി നൽകുമെന്നാണ് ആരാധകരുടെ വിശ്വാസം.

SCROLL FOR NEXT