ചെന്നൈ: ടി20 ലോകകപ്പിൽ സിംബാബ്‌വേക്കെതിരായ മത്സരത്തിൽ ഓപ്പണറായി തിരിച്ചെത്തി 24 റൺസെടുത്ത് പുറത്തായിരുന്നു മലയാളി താരം സഞ്ജു സാംസൺ. എന്നാൽ സഞ്ജു ഈ മാച്ചിൽ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് ആയിരുന്നു മുൻ ഇന്ത്യൻ താരമായ ഇർഫാൻ പത്താൻ്റെ പ്രതികരണം. സഞ്ജു ഈ മാച്ചിൽ കൊണ്ടുവന്ന പോസിറ്റീവ് ഇംപാക്ട് കണക്കുനിരത്തി വ്യക്തമാക്കിയാണ് ഇർഫാൻ അഭിനന്ദിച്ചത്.
"ഈ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ വിക്കറ്റിലെ ശരാശരി സ്കോർ ഏകദേശം ഏഴ് റൺസായിരുന്നു. ലോകകപ്പിൽ എല്ലാ ടീമുകളേക്കാളും ഏറ്റവും താഴ്ന്നതായിരുന്നു ഈ കണക്ക്. ഇന്ന് സഞ്ജു സാംസൺ ടീമിന് ആവശ്യമായ രീതിയിൽ കൃത്യമായി കളിച്ചു. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് സൃഷ്ടിക്കാൻ അദ്ദേഹം സഹായിച്ചു. സഞ്ജു ചെയ്യേണ്ട ജോലി വെടിപ്പായി ചെയ്തു," ഇർഫാൻ എക്സിൽ കുറിച്ചു.
സഞ്ജുവിന് സഹതാരങ്ങളും പവലിയനിൽ അഭിനന്ദിക്കുന്നത് കാണാമായിരുന്നു. ഗൗതം ഗംഭീർ ഉൾപ്പെടെ സഞ്ജുവിനെ വിളിച്ചുനിർത്തി സംസാരിക്കുന്നുണ്ടായിരുന്നു. സഞ്ജുവിൻ്റെ സിക്സറുകൾക്കും ഫോറിനും ഒപ്പം ക്യാപ്റ്റൻ സൂര്യയും കയ്യടിക്കുന്നത് കാണാമായിരുന്നു.
ടീം ഇന്ത്യക്ക് മിന്നൽപ്പിണർ തുടക്കം സമ്മാനിച്ചാണ് സഞ്ജു സാംസൺ മടങ്ങിയത്. 15 പന്തിൽ നിന്ന് 24 റൺസെടുത്ത് ടീമിന് മികച്ച തുടക്കം സമ്മാനിച്ചാണ് സഞ്ജു പുറത്തായത്. രണ്ട് സിക്സറും ഒരു ഫോറും അടങ്ങുന്നതായിരുന്നു ഈ ഇന്നിങ്സ്. മുസറബാനി എറിഞ്ഞ നാലാം ഓവറിലെ നാലാം പന്തിലാണ് സഞ്ജു സ്ലോ ബോൾ തൂക്കിയടിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടത്. മികച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാൻ സഞ്ജു വീണ്ടും പരാജയപ്പെട്ടത് ചെപ്പോക്കിലെ ആരാധകർക്ക് നിരാശ സമ്മാനിച്ചു.
നേരത്തെ റിച്ചാർഡ് എൻഗാരവ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്ത് തന്നെ ഓഫ് സൈഡിലേക്ക് സിക്സർ പറത്തിയാണ് സഞ്ജു തുടങ്ങിയത്. ആദ്യ സിക്സർ ബാക്ക് ഫൂട്ടിലാണെങ്കിൽ രണ്ടാം സിക്സർ ഫ്രണ്ട് ഫൂട്ടിൽ നിന്നാണ് പിറന്നത്. ആദ്യ ഓവറിൽ സഞ്ജുവിൻ്റെ ബാറ്റിൽ നിന്ന് 13 റൺസാണ് പിറന്നത്. മുസറബാനി എറിഞ്ഞ രണ്ടാം ഓവറിൽ 10 റൺസും പിറന്നു. ടിനോടെൻഡ മപോസ എറിഞ്ഞ മൂന്നാം ഓവറിൽ ഇന്ത്യ 23 റൺസ് വാരി.