രോഹിത് ശർമ Image: X
CRICKET

അറിയാതെ സത്യം പറഞ്ഞുപോയോ? ടെസ്റ്റില്‍ നിന്നും വിരമിച്ചതിനെ കുറിച്ച് രോഹിത് ശര്‍മയുടെ തുറന്നു പറച്ചില്‍

രോഹിത് നടത്തിയ തുറന്നു പറച്ചിലുകള്‍ ചില സൂചനകള്‍ നല്‍കുന്നുണ്ടെന്നാണ് ആരാധകർ വിശ്വസിക്കുന്നത്

Author : നസീബ ജബീൻ

രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത് എന്തിനായിരിക്കും? ഇതുവരെ ആര്‍ക്കും അതിനെ കുറിച്ച് വ്യക്തമായ ഉത്തരമില്ല. ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തി മൂന്ന് മാസങ്ങള്‍ക്കു ശേഷം രോഹിത് നടത്തിയ തുറന്നു പറച്ചിലുകള്‍ ചില സൂചനകള്‍ നല്‍കുന്നുണ്ടെന്നാണ് ആരാധകരും ക്രിക്കറ്റ് ലോകവും വിശ്വസിക്കുന്നത്.

തിങ്കളാഴ്ച നടന്ന സിയറ്റ് പരിപാടിയില്‍ നടന്ന പാനല്‍ ചര്‍ച്ചയ്ക്കിടെയാണ് റെഡ്-ബോള്‍ ക്രിക്കറ്റിലെ തന്റെ യാത്രയെക്കുറിച്ച് രോഹിത് പറഞ്ഞത്. 67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 40.58 ആവറേജില്‍ 4301 റണ്‍സായിരുന്നു രോഹിത് നേടിയിരുന്നത്. ഈ വര്‍ഷം മെയില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു വിരമിക്കുന്നതായുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം വരുന്നത്.

ദീര്‍ഘമായ ഫോര്‍മാറ്റില്‍ കളിക്കാന്‍ കൂടുതല്‍ സമയം വേണം, മാനസികമായും ഇത് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നാണ് രോഹിത് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ,

'ടെസ്റ്റ് ക്രിക്കറ്റ് ദിവസങ്ങളെടുക്കുന്നതാണ്, അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന മത്സരം കടുത്ത മാനസിക വെല്ലുവിളിയുണ്ടാക്കുന്നതും ക്ഷീണിപ്പിക്കുന്നതുമാണ്'.

പ്രതിസന്ധികളെ തരണം ചെയ്യാന്‍ താന്‍ പഠിച്ചത് ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റാണെന്നും രോഹിത് പറഞ്ഞു. പ്രത്യേകിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്. മുംബൈയില്‍ ക്ലബ്ബ് മത്സരങ്ങള്‍ പോലും രണ്ടോ മൂന്നോ ദിവസം നീണ്ടു നില്‍ക്കും. ആ രീതിയിലുള്ള പരിശീലനം ലഭിച്ചാണ് ഞങ്ങള്‍ വരുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ ദീര്‍ഘ ഫോര്‍മാറ്റില്‍ കളിക്കേണ്ടതും വെല്ലുവിളി നേരിടേണ്ടതും എങ്ങനെയാണെന്ന് പഠിക്കാന്‍ ഇതുകൊണ്ട് കഴിയും.

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് ഒരു മാസം മുമ്പായിരുന്നു രോഹിത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം വരുന്നത്. പെട്ടെന്നുള്ള വിരമിക്കല്‍ പല അഭ്യൂഹങ്ങള്‍ക്കും കാരണമായിരുന്നു. മറ്റൊരാളെ ക്യാപ്റ്റന്‍ ആക്കാനുള്ള ബിസിസിഐ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് വിരമിക്കല്‍ എന്നായിരുന്നു പ്രധാന പ്രചരണം.

ഇപ്പോള്‍ ആദ്യമായി രോഹിത്തിന്റെ പ്രതികരണം വന്നതോടെ, ഇതാണോ കാരണം എന്ന സംശയത്തിലാണ് ആരാധകര്‍.

SCROLL FOR NEXT