ഏകദിന റാങ്കിങ്ങില്‍ നിന്ന് വിരാട് കോഹ്ലിയും രോഹിത് ശര്‍മയും പുറത്തായതില്‍ വിശദീകരണവുമായി ഐസിസി. പുതിയ റാങ്കിങ് പട്ടികയില്‍ ആദ്യ നൂറില്‍ പോലും ഇരുവരുടേയും പേരുണ്ടായിരുന്നില്ല. കഴിഞ്ഞ ആഴ്ച ആദ്യ പത്തില്‍ ഉണ്ടായിരുന്ന സൂപ്പര്‍ താരങ്ങളെയാണ് ഈ ആഴ്ച പുറത്തായത്.
ഇതോടെ, രോഹിതും കോഹ്ലിയും ഏകദിനത്തില്‍ നിന്നും വിരമിച്ചതാണോ എന്നുവരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ടി20 യില്‍ നിന്നും ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിരമിച്ച ഇരു താരങ്ങളും നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് കളിക്കുന്നത്.
ഇതോടെയാണ് പറ്റിപ്പോയ അബദ്ധത്തില്‍ വിശദീകരണവുമായി ഐസിസി തന്നെ രംഗത്തെത്തിയത്. കോഹ്ലിയേയും രോഹിത്തിനേയും പട്ടികയില്‍ നിന്ന് പുറത്താക്കിയതല്ല, സാങ്കേതിക തകരാര്‍ മാത്രമാണെന്നാണ് ഐസിസിയുടെ വിശദീകരണം. പുതുക്കിയ പട്ടികയില്‍ രോഹിത്തിനേയും ക്ലോഹ്ലിയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റാങ്കിങ്ങില്‍ രോഹിത് രണ്ടാം സ്ഥാനത്തും കോഹ്ലി നാലാം സ്ഥാനത്തുമാണ്.
ഏകദിന റാങ്കിങ് പട്ടികയില്‍ ശുഭ്മാന്‍ ഗില്‍ ആണ് ഒന്നാമതുള്ളത്. രണ്ടാം സ്ഥാനത്ത് രോഹിത് ശര്‍മയും നാലാം സ്ഥാനത്ത് വിരാട് കോഹ്ലിയുമാണുള്ളത്. ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഈ മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് ഇടംപിടിച്ചത്. ശ്രേയസ് അയ്യരും (8) ആദ്യ പത്തില്‍ ഇടംനേടിയിട്ടുണ്ട്.
പാക് താരം ബാബര്‍ അസം ആണ് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ളത്. ഡാരില്‍ മിച്ചല്‍ (ന്യൂസിലന്‍ഡ് ,5), ചരിത് അസലങ്ക (ശ്രീലങ്ക, 6), ഹാരി ടെക്ടര്‍ (അയര്‍ലന്‍ഡ്, 7), ഇബ്രാഹീം സദ്‌റാന്‍ (അഫ്ഗാനിസ്ഥാന്‍, 9), കുശാല്‍ മെന്‍ഡിസ് (ശ്രീലങ്ക, 10) എന്നീ താരങ്ങളാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ താരം കെ.എല്‍. രാഹുല്‍ പതിനഞ്ചാം സ്ഥാനത്താണുള്ളത്.
ബൗളര്‍മാരുടെ പട്ടികയില്‍ കുല്‍ദീപ് യാദവ് (3), രവീന്ദ്ര ജഡേജ (9)യുമാണ് ആദ്യ പത്തിലുള്ളത്.