CRICKET

ബംഗ്ലാദേശ് ടി20 ലോകകപ്പില്‍ ഇല്ലാത്തത് ദയനീയമാണ്: പാകിസ്ഥാന്‍ ക്യാപ്റ്റന്‍

ബംഗ്ലാദേശികള്‍ ഞങ്ങളുടെ സഹോദരങ്ങളാണെന്നും പാക് ക്യാപ്റ്റൻ

Author : ന്യൂസ് ഡെസ്ക്

ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് ഒഴിവാക്കപ്പെട്ടത് ദയനീയമാണെന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ. ലോകകപ്പിന് മുന്നോടിയായി കൊളംബോയില്‍ ക്യാപ്റ്റന്‍മാരുടെ പത്രസമ്മേളനത്തിലായിരുന്നു ആഗയുടെ പ്രതികരണം.

ബംഗ്ലാദേശ് ഒഴിവാക്കപ്പെട്ടതിനെ കുറിച്ചും ഇന്ത്യയുമായി കളിക്കില്ലെന്ന പാകിസ്ഥാന്‍ നിലപാടിനെ കുറിച്ചുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ക്യാപ്റ്റന്‍. ബംഗ്ലാദേശികള്‍ ഞങ്ങളുടെ സഹോദരങ്ങളാണ്, അവര്‍ പാകിസ്ഥാന് നല്‍കുന്ന പിന്തുണയ്ക്ക് നന്ദിയുണ്ട്. ലോകകപ്പില്‍ ബംഗ്ലാദേശ് ഇല്ലാത്തത് ദയനീയമാണ് എന്നായിരുന്നു ആഗയുടെ പ്രതികരണം.

ഇതിനിടയില്‍ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിച്ച പാക് സര്‍ക്കാരിന് ബംഗ്ലാദേശ് യുവ-കായിക ഉപദേഷ്ടാവ് ആസിഫ് നസ്‌റുള്‍ നന്ദി പറഞ്ഞിരുന്നു. ബംഗ്ലാദേശിനുള്ള പാകിസ്ഥാന്റെ ഐക്യദാര്‍ഢ്യ പ്രഖ്യാപനമാണ് ഇതെന്നാണ് ആസിഫ് നസ്‌റുള്‍ പറഞ്ഞത്. പാക് സര്‍ക്കാരിന് ഫേസ്ബുക്കിലൂടെ നന്ദിയും ആസിഫ് നസ്‌റുള്‍ പറഞ്ഞിരുന്നു.

അതേസമയം, പാകിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ നിന്നും പിന്മാറില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാനെതിരെ കളിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാറും വ്യക്തമാക്കിയിരുന്നു. ക്യാപ്റ്റന്‍മാരുടെ പത്ര സമ്മേളനത്തില്‍ തന്നെയായിരുന്നു സൂര്യകുമാറിന്റെയും പ്രതികരണം.

മത്സരം ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞത് ഇന്ത്യയല്ല. ഫെബ്രുവരി 15 ലെ മത്സരത്തിനായി ഇന്ത്യന്‍ ടീം കൊളംബോയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൊളംബോയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. ഇന്ത്യന്‍ ടീം ഉറപ്പായും അവിടെയുണ്ടാകും.

SCROLL FOR NEXT