CRICKET

വീണ്ടും ഐസിസി ചെയർമാനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ജയ് ഷാ

ബോർഡ് അംഗങ്ങൾ അർപ്പിച്ച വിശ്വാസത്തെ വളരെയധികം ബഹുമാനിക്കുന്നുവെന്നും ഓരോ ഡയറക്ടർമാരുടെയും തുടർച്ചയായ വിശ്വാസത്തിനും പിന്തുണയ്ക്കും ഞാൻ നന്ദിയുള്ളവനാണെന്നും ജയ് ഷാ പ്രതികരിച്ചു.

Author : ന്യൂസ് ഡെസ്ക്

ദുബായ്: തുടർച്ചയായ രണ്ടാം തവണയും ഐസിസി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട് ജയ് ഷാ. ബാലിയിൽ നടന്ന ഐസിസി ബോർഡ് യോഗങ്ങൾക്ക് പിന്നാലെ ഡയറക്ടർമാരുടെ നിർദേശത്തെ തുടർന്ന് ജയ് ഷാ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഐസിസി ബോർഡ് അംഗങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തെ ഞാൻ വളരെയധികം ബഹുമാനിക്കുന്നുവെന്നും, ഓരോ ഡയറക്ടർമാരുടെയും തുടർച്ചയായ വിശ്വാസത്തിനും പിന്തുണയ്ക്കും ഞാൻ നന്ദിയുള്ളവനാണെന്നും ജയ് ഷാ പ്രതികരിച്ചു. "ഐസിസിയുടെ ചെയർമാനായി സേവനമനുഷ്ഠിക്കുന്നത് വലിയൊരു പദവിയും ഉത്തരവാദിത്തവുമാണ്. ലോകമെമ്പാടുമുള്ള ക്രിക്കറ്റിൻ്റെ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഞങ്ങളുടെ അംഗങ്ങളുമായി പ്രവർത്തിക്കാൻ ഞാൻ ഇപ്പോഴും പ്രതിജ്ഞാബദ്ധനാണ്," ജയ് ഷാ പറഞ്ഞു.

"നമ്മുടെ കായിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ആവേശകരവുമായ ഒരു കാലഘട്ടത്തിലേക്ക് നാം പ്രവേശിക്കുകയാണ്. 2028ലെ ലോസ് ആഞ്ചൽസ് ഒളിമ്പിക് ഗെയിംസിലൂടെ ക്രിക്കറ്റിൻ്റെ തിരിച്ചുവരവ്, ക്രിക്കറ്റിനെ പുതിയ പ്രേക്ഷകർക്ക് പരിചയപ്പെടുത്താനും പുതിയ തലമുറയിലെ കളിക്കാരെയും ആരാധകരെയും പ്രചോദിപ്പിക്കാനുമുള്ള അസാധാരണമായ ഒരു അവസരം നൽകുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

ഷായുടെ നേതൃത്വത്തിലുള്ള ഐസിസി ബോർഡിന്മേലുള്ള വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്ന തീരുമാനമാണിതെന്ന് ഐസിസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ക്രിക്കറ്റിന് കായികരംഗത്ത് തുടർച്ച നൽകൽ, ആഗോള വികാസം, ആരാധകരുടെ വളർച്ച, വാണിജ്യ വികസനം എന്നിവ ലക്ഷ്യമാക്കി ഒരുക്കിയ രൂപരേഖയുടെ കേന്ദ്രബിന്ദുവാണ് ജയ് ഷാ എന്നാണ് ഐസിസിയുടെ പ്രശംസ. 2028ലെ ലോസ് ആഞ്ചൽസ് ഒളിമ്പിക് ഗെയിംസിലൂടെ ക്രിക്കറ്റ് തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. കൂടാതെ കൂടുതൽ പങ്കാളിത്തവും വികസന പാതകളും നൽകുന്ന വിപുലീകരിച്ച ഒരു ദീർഘദൂര പരിപാടി ഐസിസി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

SCROLL FOR NEXT