CRICKET

"സിഎസ്‌കെ ചെയ്തത് മണ്ടത്തരം", ജഡേജയെ വിട്ടുനല്‍കി സഞ്ജുവിനെ വാങ്ങാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് കെ. ശ്രീകാന്ത്

ചെന്നൈയുടെ ഈ നീക്കം ശുദ്ധ മണ്ടത്തരമാണെന്നും ജഡേജയ്ക്ക് ഒരു പകരക്കാരനെ കിട്ടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: ഐപിഎല്ലിൻ്റെ ട്രേഡ് വിന്‍ഡോയില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ വിട്ടുനല്‍കി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ വാങ്ങാനുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിൻ്റെ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ കെ. ശ്രീകാന്ത്. ചെന്നൈയുടെ ഈ നീക്കം ശുദ്ധ മണ്ടത്തരമാണെന്നും ജഡേജയ്ക്ക് ഒരു പകരക്കാരനെ കിട്ടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് രവീന്ദ്ര ജഡേജയെ നല്‍കി സഞ്ജു സാംസണിനെ വാങ്ങാനുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തീരുമാനത്തെ കെ ശ്രീകാന്ത് അതിശക്തമായി വിമര്‍ശിച്ചത്. ചെന്നൈയുടെ കടുത്ത ആരാധകന്‍ കൂടിയായ ശ്രീകാന്ത് ക്ലബ്ബ് തീരുമാനത്തില്‍ ക്ഷുഭിതനായാണ് കാണപ്പെട്ടത്.

"സഞ്ജു സാംസണിനേക്കാള്‍ വളരെയധികം മൂല്യമേറിയ താരമാണ് രവീന്ദ്ര ജഡേജ. ജഡ്ഡുവിനെ കൈവിട്ടാല്‍ ഇങ്ങനെയൊരു കംപ്ലീറ്റ് പാക്കേജായ മറ്റൊരു പ്ലെയറെ ചെന്നൈയ്ക്ക് ലഭിക്കാന്‍ പോവുന്നില്ല. ആളുകള്‍ക്കു പല അഭിപ്രായവും ഉണ്ടായിരിക്കാം. പക്ഷേ സഞ്ജു സാംസണേക്കാള്‍ മൂല്യം രവീന്ദ്ര ജഡേജയ്ക്കാണെന്ന് ഞാന്‍ 100 ശതമാനവും ഉറപ്പിച്ച് പറയും. രണ്ട് താരങ്ങളുടെയും റെക്കോര്‍ഡ് പരിശോധിച്ചാല്‍ തന്നെ നിങ്ങള്‍ക്ക് ഇക്കാര്യം ബോധ്യമാകും," ശ്രീകാന്ത് പറഞ്ഞു.

"എന്തൊക്കെ കാരണങ്ങള്‍ നിരത്തിയാലും മാച്ച് വിന്നിങ് ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയെ ഒഴിവാക്കി പകരം സഞ്ജു സാംസണിനെ വാങ്ങാനുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിൻ്റെ തീരുമാനത്തോട് ഒരിക്കലും യോജുക്കാന്‍ കഴിയില്ല. രവീന്ദ്ര ജഡേജയ്ക്ക് പകരം ഓള്‍റൗണ്ടറായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇനി ആരെയാണ് എടുക്കാന്‍ പോവുന്നത്? ചിലപ്പോള്‍ കാമറൂണ്‍ ഗ്രീനിനെ ടീമിലേക്കു കൊണ്ടുവരാന്‍ ചെന്നൈ ശ്രമിച്ചേക്കും. പക്ഷെ അവന്‍ ഒരുപാട് മല്‍സരങ്ങളില്‍ കളിച്ച് കഴിവ് തെളിയിച്ച ഒരു താരമല്ല. ഗ്രീന്‍ മഹാനായ ഒരു ഓള്‍റൗണ്ടറുമല്ല. ബൗളിങ് കൂടി ചെയ്യാന്‍ സാധിക്കുന്ന ബാറ്ററാണ് അവന്‍. ഗ്രീന്‍ അപകടകാരിയായ ബൗളറൊന്നുമല്ല. ബൗളിങില്‍ നാലോവര്‍ ഉപയോഗിക്കാമെന്ന് മാത്രമേയുള്ളൂ," ശ്രീകാന്ത് ചോദിച്ചു.

"പക്ഷേ ജഡേജ അങ്ങനെയുള്ള താരമല്ല. സ്വന്തം ബൗളിങിലൂടെയും ബാറ്റിങിലൂടെയെല്ലാം ടീമിനെ കളി ജയിപ്പിക്കാന്‍ അവന് സാധിക്കും. ഓവറോള്‍ പാക്കേജ് നോക്കൂ. ജഡേജയെ പോലെയൊരു കളിക്കാരനെ നിങ്ങള്‍ക്കു എവിടെ ലഭിക്കും? അക്ഷര്‍ പട്ടേലാണ് സമാനമായ കഴിവുള്ള മറ്റൊരു താരം. പക്ഷെ അവന്‍ ഇതിനകം തന്നെ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ സ്ഥാനമുറപ്പിച്ചയാളാണ്. ഒരു വലിയ മല്‍സരത്തില്‍, നിര്‍ണായക ഘട്ടത്തില്‍ തന്റെ കളി വേറെ ലെവലിലേക്കു ഉയര്‍ത്തുന്ന താരമാണ് ജഡേജ," ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവിൻ്റെ ടീം മാറ്റത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. രണ്ട് ഫ്രാഞ്ചൈസികളും താരങ്ങളുമെല്ലാം തീരുമാനത്തിൽ എത്തിയതോടെ ഇനി തടസ്സങ്ങളൊന്നുമില്ല. ജഡേജയെ മാത്രമല്ല ഇംഗ്ലണ്ടിൻ്റെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറനെയും സഞ്ജുവിന് വേണ്ടി റോയല്‍സിന് ചെന്നൈ വിട്ടുകൊടുക്കും.

SCROLL FOR NEXT