Image: X
CRICKET

പുതിയ താരങ്ങള്‍ക്ക് അവസരം ലഭിക്കട്ടെ; ടി20 യില്‍ നിന്ന് വിരമിച്ച് കെയ്ന്‍ വില്യംസണ്‍

ന്യൂസിലന്‍ഡിനെ ടി20 യില്‍ ഏറ്റവും കൂടുതല്‍ തവണ നയിച്ച നായകനാണ് വില്യംസണ്‍

Author : ന്യൂസ് ഡെസ്ക്

ടി20 യില്‍ നിന്ന് വിരമിച്ച് ന്യൂസിലന്റ് ക്രിക്കറ്റ് താരം കെയ്ന്‍ വില്യംസണ്‍. ടി20 ലോകകപ്പിന് നാല് മാസം മാത്രം ബാക്കി നില്‍ക്കേയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഇതോടെ,

93 മത്സരങ്ങള്‍ നീണ്ടുനിന്ന കരിയറിനാണ് വിരാമമിട്ടത്.

ടി20 യില്‍ ന്യൂസിലന്‍ഡിനു വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് 35 കാരനായ കെയ്ന്‍ വില്യംസണ്‍. 18 അര്‍ധ സെഞ്ച്വറികളടക്കം 33 ശരാശരിയില്‍ 2575 റണ്‍സാണ് ടി20 യില്‍ വില്യംസന്റെ സമ്പാദ്യം. 2011 ല്‍ അരങ്ങേറ്റം കുറിച്ച താരം 75 മത്സരങ്ങളില്‍ ടീമിനെ നയിച്ചു. 95 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ട് ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിലും (2016, 2022) ഒരു ഫൈനലിലും ന്യൂസിലന്‍ഡിനെ നയിച്ചതും കെയ്ന്‍ വില്യംസണ്‍ ആയിരുന്നു.

നീണ്ട കാലം ഇഷ്ടത്തോടെ ചെയ്തിരുന്ന ജോലിയായിരുന്നു. ഇതിലൂടെ ലഭിച്ച ഓര്‍മകള്‍ക്കും അനുഭവങ്ങള്‍ക്കും ഞാന്‍ എന്നും കടപ്പെട്ടിരിക്കും. ടീമിനും എനിക്കും ഇതാണ് ശരിയായ സമയമെന്നും കെയ്ന്‍ വില്യംസണ്‍ പറഞ്ഞു.

ലോകകപ്പ് വരാനിരിക്കേ കഴിവുള്ള പുതിയ ആളുകള്‍ക്ക് വഴിമാറിക്കൊടുക്കാനാണ് വിരമിക്കുന്നതെന്നാണ് ടി20 യിലെ ക്ലാസിക് താരം വ്യക്തമാക്കിയത്. ടി20 യില്‍ ധാരാളം പ്രതിഭകള്‍ ഉണ്ട്. അവരുടെ കൈകളിലേക്ക് ഉത്തരവാദിത്തം ഏല്‍പ്പിക്കേണ്ട സമയമാണിത്. മിച്ചല്‍ സാന്റര്‍ മിടുക്കനായ ക്യാപ്റ്റനാണ്. ടീമില്‍ സ്വന്തം സ്ഥാനം നേടാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ടി20 യില്‍ ടീമിനെ മുന്നോട്ടു നയിക്കാനുള്ള സമയമാണിത്. ഒപ്പമില്ലെങ്കിലും ടീമിനെ താന്‍ പിന്തുണയ്ക്കും.- വില്യംസണ്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനെ ടി20 യില്‍ ഏറ്റവും കൂടുതല്‍ തവണ നയിച്ച നായകനാണ് വില്യംസണ്‍.

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും, ആഗോള ടി20 ലീഗുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് വില്യംസന്റെ തീരുമാനം. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ അദ്ദേഹം ന്യൂസിലന്‍ഡിനായി തുടര്‍ന്നും കളിക്കും.

SCROLL FOR NEXT