കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം Source: News Malayalam 24X7
CRICKET

"അടിസ്ഥാന സൗകര്യമില്ല"; വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് കാര്യവട്ടം വേദിയാകില്ല

ഈ വർഷം അവസാനം മെസി ഉള്‍പ്പെടെയുള്ള അർജന്റീന ഫുട്ബോള്‍ സംഘം പന്ത് തട്ടാൻ എത്തുമെന്ന് മന്ത്രി വാ​ഗ്​ദാനം നൽകിയ സ്റ്റേഡിയത്തിനാണ് ഈ ദുരവസ്ഥ.

Author : ന്യൂസ് ഡെസ്ക്

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരവേദിയിൽ നിന്ന് കാര്യവട്ടം പുറത്ത്. അന്താരാഷ്ട്ര സ്റ്റേഡിയത്തിന് അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് അവസരം നഷ്ടപ്പെടാൻ കാരണമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) അറിയിച്ചു. അവസരം നഷ്ടമായതോടെ പരസ്പരം പഴിചാരുകയാണ് കെസിഎയും കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റി ലിമിറ്റഡും.

ഈ വർഷം അവസാനം മെസി ഉള്‍പ്പെടെയുള്ള അർജന്റീന ഫുട്ബോള്‍ സംഘം പന്ത് തട്ടാൻ എത്തുമെന്ന് മന്ത്രി വാ​ഗ്​ദാനം നൽകിയ സ്റ്റേഡിയത്തിനാണ് ഈ ദുരവസ്ഥ. കൃത്യമായ പരിപാലനമില്ലാത്തത് മൂലം അന്താരാഷ്ട്രാ മത്സരങ്ങളും ഐപിഎല്ലും കാര്യവട്ടം സ്റ്റേഡിയത്തിന് നഷ്ടമായിരുന്നു. ഇപ്പോഴിതാ രാജ്യം ആതിഥേയത്വം വഹിക്കുന്ന വനിതാ ഏക​ദിന ലോകകപ്പ് മത്സരവും. സ്റ്റേഡിയം ഒരുക്കേണ്ടത് കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റി ലിമിറ്റഡിന്റെ (കെഎസ്എഫ്എല്‍) ചുമതലയാണെന്നാണ് കെസിഐയുടെ വാദം. അതേസമയം, അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഉത്തരവാദിത്തം കെസിഎയ്ക്കാണെന്ന് കെഎസ്എഫ്എല്ലും പറയുന്നു.

നേരത്തെ ബിസിസിഐ സമര്‍പ്പിച്ച പ്രാഥമിക പട്ടികയില്‍ സ്‌റ്റേഡിയം ഇടംപിടിച്ചിരുന്നു. പക്ഷേ, കഴിഞ്ഞ ദിവസം പുറത്ത് വന്ന ഫിക്സച്ചറിൽ കാര്യവട്ടം ഒഴിവാക്കപ്പെട്ടു. അഞ്ചു മത്സരങ്ങള്‍ക്ക് വേദിയാകാനുള്ള അവസരമാണ് ഇതോടെ കൈവിട്ട് പോയത്. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സ്റ്റേഡിയം വേദിയാക്കുവാന്‍ വേണ്ടി 2017 മുതൽ നിരവധി പ്രവർത്തനങ്ങൾക്കായി 18 കോടി രൂപ കെസിഎ ചിലവാക്കിയിരുന്നു. ഈ തുക നൽകാനും കെഎസ്എഫ്എല്‍ തയാറാകുന്നില്ല. മഴയെത്തിയതോടെ സ്റ്റേഡിയത്തിൻ്റെ അവസ്ഥ ശോചനീയമായെന്നും കെസിഎ പറയുന്നു.

കെഎസ്എഫ്എല്‍ അധികൃതർ സിനിമാ ഷൂട്ടിങ്ങിനും പൊതുപരിപാടികൾക്കും സ്റ്റേഡിയം വിട്ട് നൽകുന്നതാണ് നശീകരണത്തിന് കാരണമെന്നും ആക്ഷേപമുണ്ട്. സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തിൽ ഇടപ്പെട്ടില്ലെങ്കിൽ അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്തുന്നതിനുള്ള അംഗീകാരമടക്കം, സ്റ്റേഡിയത്തിന് നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കെസിഎ ഭാരവാഹികൾ.

SCROLL FOR NEXT