ബെംഗളൂരു ദുരന്തം  Source: X
CRICKET

ബെംഗളൂരു ദുരന്തം: രാജിവെച്ച് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍; രാജി 'ധാര്‍മിക ഉത്തരവാദിത്തം' ഏറ്റെടുത്ത്

കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ആര്‍സിബിയുടെ വിജയാഘോഷ ചടങ്ങ് സംഘടിപ്പിച്ചത്.

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരുവിലെ ദുരന്തത്തിന് പിന്നാലെ രാജിവെച്ച് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍. അസോസിയേഷന്‍ സെക്രട്ടറി എ. ശങ്കര്‍, ട്രഷറര്‍ ഇ.എസ്. ജയ്റാം എന്നിവരാണ് രാജി വെച്ചത്. ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഭാരവാഹികളുടെ രാജി.

കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ആര്‍സിബിയുടെ വിജയാഘോഷ ചടങ്ങ് സംഘടിപ്പിച്ചത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലായിരുന്നു ചടങ്ങ്. എന്നാല്‍ സ്റ്റേഡിയത്തിന് മുന്നിലേക്ക് ആളുകള്‍ നിയന്ത്രണാതീതമായി എത്തിയതോടെ ദുരന്തമായിമാറി. തിക്കിലും തിരക്കിലുംപെട്ട് 11 പേരാണ് മരിച്ചത്.

അതേസമയം ബെംഗളൂരു ദുരന്തത്തില്‍ നിന്ന് മുഖം രക്ഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉദ്യോഗസ്ഥ തല നടപടി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കെ ഗോവിന്ദരാജിനെ പുറത്താക്കിയിരിക്കുകയാണ്. പരേഡിന് അനുമതി നിഷേധിച്ച പൊലീസ് നടപടി പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയത് പൊളിറ്റിക്കല്‍ സെക്രട്ടറി കെ. ഗോവിന്ദരാജ് ആണെന്നാണ് സൂചന.

അവസാന നിമിഷത്തിലാണ് കടുത്ത സമര്‍ദ്ദനത്തിന് വഴങ്ങി പരേഡിന് പൊലീസ് അനുമതി നല്‍കുന്നത്, ആര്‍സിബി മാനേജ്‌മെന്റിനെ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഗോവിന്ദരാജ് സര്‍ക്കാര്‍ തലത്തില്‍ സമര്‍ദ്ദം ചെലുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലക്ഷക്കണക്കിന് ആരാധകര്‍ ഒഴുകിയെത്തുമെന്ന കാര്യത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കാന്‍ ഇന്റലിജന്‍സ് വിഭാഗത്തിന് സാധിച്ചില്ല, വലിയ അപകടത്തിലേക്ക് നയിച്ചതില്‍ ഇന്റലിജന്‍സിന് വീഴ്ച ഉണ്ടായി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഹേമന്ത് നിംബാല്‍ക്കറിനെ സ്ഥലംമാറ്റിയത്.

അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടയാളുടെ പരാതിയില്‍ ആര്‍ സി ബിക്കെതിരെ പൊലീസ് വീണ്ടും കേസെടുത്തു. ദുരന്തത്തിന് കാരണം ആര്‍ സി ബിയുടെയും കര്‍ണാടക ക്രിക്കറ്റ് ബോര്‍ഡിന്റെയും അനാസ്ഥയെന്നാണ് എഫ് ഐ ആര്‍.

അതേസമയം കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനെതിരായ നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കരുതെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കണമെന്ന് KSCAയോടും ഹൈക്കോടതി നിര്‍ദേശിച്ചു.

18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ആര്‍സിബി ഐപിഎല്ലില്‍ കപ്പ് നേടുന്നത്. എന്നാല്‍ കപ്പിന് പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ വിജയാഘോഷം ദുരന്തമായി മാറുകയായിരുന്നു. തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്ക് പറ്റി. എന്നാല്‍ ഇത്രയും വലിയ ദുരന്തം നടന്നപ്പോഴും അകത്ത് പരിപാടി തുടര്‍ന്നതാണ് വിമര്‍ശനത്തിന് കാരണമായത്.

SCROLL FOR NEXT