കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് 
CRICKET

ആലപ്പിയെ തകർത്ത് 'സ്റ്റാറായി' കാലിക്കറ്റ്; ഗ്ലോബ്‌സ്റ്റാർസിന് 44 റണ്‍സ് വിജയം

എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് കാലിക്കറ്റ് നേടിയത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പുഴ റിപ്പിള്‍സിനെ പരാജയപ്പെടുത്തി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ്. 44 റണ്‍സിനാണ് കാലിക്കറ്റിന്റെ ആധികാരിക വിജയം. കാലിക്കറ്റ് ഉയർത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന റിപ്പിള്‍സിന് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

ടോസ് നേടിയ ആലപ്പി റിപ്പിള്‍സ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിന് മൂന്നാം ഓവറില്‍ ഓപ്പണർ സച്ചിന്‍ സുരേഷിനെ (4) നഷ്ടമായി. എന്നാല്‍ നായകന്‍ റോഹന്‍ കുന്നുമ്മല്‍ ഒരറ്റത്ത് നിന്ന് ആഞ്ഞടിച്ചു. 16 പന്തുകള്‍ നേരിട്ട റോഹന്‍ 31 റണ്‍സെടുത്താണ് പുറത്തായത്. അഞ്ച് ഫോറും ഒരു സിക്സും ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്സ്.

റോഹന് പിന്നാലെ എത്തിയ എം. അജിനാസ് ആറ് റണ്‍സിന് പുറത്തായി. എന്നാല്‍, അന്‍ഫലുമായി ചേർന്ന് അഖില്‍ സ്കറിയ സ്കോർ ഉയർത്തി. 30 പന്തുകളിൽ 45 റൺസെടുത്ത അഖിൽ സ്കറിയ തുടർച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങി. 15ാം ഓവറില്‍ അഖില്‍ പുറത്താകുമ്പോള്‍ നാലിന് 112 റണ്‍സ് എന്ന നിലയിലായിരുന്നു കാലിക്കറ്റ്. അഖിലിന് പിന്നാലെ അന്‍ഫലും (20) പുറത്തായി. അവസാന ഓവറുകളിൽ തിളങ്ങിയ മനുകൃഷ്ണൻ (26) - കൃഷ്ണദേവൻ (20) കൂട്ടുകെട്ടുമാണ് കാലിക്കറ്റിന് മികച്ച സ്കോർ സമ്മാനിച്ചത്. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് കാലിക്കറ്റ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആലപ്പിക്കായി ജലജ് സക്‌സേന മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 33 പന്തില്‍ 43 റണ്‍സെടുത്താണ് സക്സേന പുറത്തായത്. ഓപ്പണർ അരുണ്‍ കെ.എയെ ആദ്യ ഓവറില്‍ തന്നെ പുറത്തായി. നാല് റണ്‍സെടുത്ത അരുണിനെ മോനു കൃഷ്ണയാണ് പുറത്താക്കിയത്. മുഹമ്മദ് അസ്സറുദ്ദീന്‍ 21 റണ്‍സും അക്ഷയ് ചന്ദ്രന്‍ 15 റണ്‍സുമെടുത്തു. അഭിഷേക് പി. നായര്‍ (0), മുഹമ്മദ് കൈഫ് (0) അക്ഷയ് ടി.കെ. (11) എന്നിവർക്കും കാര്യമായ സംഭാവന നല്‍കാനായില്ല. നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എടുത്താണ് ആലപ്പി കളി അവസാനിപ്പച്ചത്.

കാലിക്കറ്റിനായി മോനു കൃഷ്ണ 30 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അഖില്‍ സ്കറിയ, സുധേശന്‍ മിഥുന്‍ എന്നിവർ രണ്ടു വീതവും മനു കൃഷ്ണ, ഇബ്നുല്‍ അഫ്താബ് എന്നിവർ ഓരോ വിക്കറ്റും വീഴത്തി. മോനു കൃഷ്ണയാണ് കളിയിലെ താരം.

SCROLL FOR NEXT