കൊച്ചി ബ്ലൂ ടൈഗേഴ്സിന് വിജയം Source: X/ Kochi Blue Tigers
CRICKET

കൊച്ചിയുടെ തേരോട്ടം തടയാനാവാതെ കാലിക്കറ്റ്; ബ്ലൂ ടൈഗേഴ്സിന് മൂന്ന് വിക്കറ്റ് ജയം

സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ഇറങ്ങിയത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് വിജയം. മൂന്ന് വിക്കറ്റിനാണ് ടീമന്റെ ജയം. കാലിക്കറ്റ് ഉയർത്തിയ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കൊച്ചി അവസാന ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചുകയറി.

ടോസ് നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. കാലിക്കറ്റിനായി ഓപ്പണ്‍ ചെയ്ത അമീർഷാ എസ്.എന്‍ 28നും രോഹന്‍ കുന്നുമ്മല്‍ 36 റണ്‍സിനും പുറത്തായി. പിന്നാലെ വന്നവർ കാലിക്കറ്റ് ആരാധകരെ തീർത്തും നിരാശരാക്കി. അജിനാസ് (22), പി.അന്‍ഫല്‍ (38), സുരേഷ് സച്ചിന്‍ (18), എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. കഴിഞ്ഞ ദിവസം കൊല്ലത്തിനെതിരെ അവസാന ഓവറില്‍ അഞ്ച് സിക്സ് പറത്തിയ കൃഷ്ണ ദേവന് ആ പ്രകടനം ആവർത്തിക്കാനായില്ല. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് നേടിയത്. കൊച്ചിക്കായി മിഥുന്‍, ജെറിന്‍ പി.എസ്, ജോബിന്‍ ജോബി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കൊച്ചി ഇറങ്ങിയത്. വിനൂപ് മനോഹരനും ജിഷ്ണു എയും മികച്ച തുടക്കമാണ് ഗ്ലോബ്സ്റ്റാർസിന് നല്‍കിയത്. 29 പന്തുകളില്‍ നിന്നായി ജിഷ്ണു 45 റണ്‍സെടുത്തു. വിനൂപ് 14 പന്തില്‍ നിന്ന് 30 റണ്‍സും. പിന്നാലെ എത്തിയവർ ചെറുതെങ്കിലും രണ്ടക്കം നേടി ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. കാലിക്കറ്റിനായി നായകന്‍ അഖില്‍ സ്കറിയ 33 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി.

SCROLL FOR NEXT