ട്രിവാന്‍ഡ്രം റോയല്‍സ് നായകന്‍ കൃഷ്ണ പ്രസാദ് 
CRICKET

കൃഷ്ണ പ്രസാദിന്റെ സെഞ്ച്വറിയില്‍ റോയലായി ട്രിവാന്‍‌ഡ്രം; തൃശൂരിനെതിരെ 17 റണ്‍സ് ജയം

നായകന്റെ സെഞ്ച്വറി പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂർ ടൈറ്റന്‍സിന് എതിരെ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന് ജയം. 17 റണ്‍സിനാണ് റോയല്‍സിന്റെ ജയം. നായകന്‍ കൃഷ്ണ പ്രസാദിന്റെ സെഞ്ച്വറി പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടർന്ന തൃശൂരിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത തൃശൂരിനെ റോയല്‍സ് നായകന്‍ കൃഷ്ണ പ്രസാദ് അക്ഷരാർഥത്തില്‍ നിരായുധരാക്കി. ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത കൃഷ്ണ പ്രസാദ് 62 പന്തില്‍ 119 റണ്‍സ് നേടി പുറത്താകാതെ നിന്നു. സെമി സാധ്യതകള്‍ അവസാനിച്ചതിനാല്‍ ഒന്നും നഷ്ടപ്പെടാനില്ലാത്തതിന്റെ ആത്മവിശ്വാസം താരത്തിന്റെ ശൈലിയില്‍ പ്രകടമായിരുന്നു. ആറ് ഫോറും പത്ത് സിക്‌സും അടങ്ങുന്നതായിരുന്നു കൃഷ്ണപ്രസാദിന്റെ ഇന്നിംഗ്സ്. സമാനമായാണ് മറ്റുള്ളവരും ബാറ്റ് വീശിയതെങ്കിലും ആർക്കും തിളങ്ങാനായില്ല. വിഷ്ണു രാജ് (14), അനന്ദ കൃഷ്ണന്‍ (1), റിയാ ബഷീർ (17), നിഖില്‍ എം (12), അബ്ദുള്‍ ബാസിത് (28) എന്നിവരാണ് റോയല്‍സിനായി ബാറ്റിങ്ങിനിറങ്ങിയത്. തൃശൂരിനായി സിബിന്‍ ഗിരീഷ് രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് രണ്ടാം പന്തില്‍ ഓപ്പണർ രോഹിത് കെ. ആറിന്റെ വിക്കറ്റ് നഷ്ടമായി. 21 പന്തില്‍ 41 റണ്‍സ് നേടി പുറത്താവാതെ നിന്ന സി.വി. വിനോദ് കുമാര്‍ ആണ് തൃശൂർ ടൈറ്റന്‍സിന്റെ ടോപ് സ്‌കോറര്‍. അഹമ്മദ് ഇമ്രാന്‍ (38), ക്യാപ്റ്റന്‍ ഷോണ്‍ റോജര്‍ (37), അക്ഷയ് മനോഹര്‍ (27), ആനന്ദ് കൃഷ്ണന്‍ (17) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ടൈറ്റന്‍സ് താരങ്ങള്‍. ട്രിവാന്‍ഡ്രത്തിനായി ആസിഫ് സലാം മൂന്ന് വിക്കറ്റ് വീഴ്ത്തി. അഭിജിത്ത് പ്രവീണ്‍ രണ്ട് വിക്കറ്റും ബേസില്‍ തമ്പി, അബ്ദുള്‍ ബാസിത്, അജിത്ത് വാസുദേവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

SCROLL FOR NEXT