കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാൻഡ്രം റോയല്‍സിനെതിരെ ഏരീസ് കൊല്ലം സെയിലേഴ്‌സിന് 11 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് മാത്രമാണ് നേടാനായത്. അർധ സെഞ്ചുറിയുമായി സെയിലേഴ്‌സിന് വിജയമൊരുക്കിയ അരുണ്‍ പൗലോസാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ഏരീസ് കൊല്ലം സെയിലേഴ്‌സ് - 20 ഓവറില്‍ 202/6, ട്രിവാണ്‍ഡ്രം റോയല്‍സ് - 20 ഓവറില്‍ 191/7.
അരുണ്‍ പൗലോസിൻ്റെ വെടിക്കെട്ട് തുടക്കമാണ് കൊല്ലത്തിന് കൂറ്റന്‍ സ്കോർ സമ്മാനിച്ചത്. ടൂര്‍ണമെൻ്റിലെ ഏറ്റവും പ്രായമേറിയ താരമായ അരുണ്‍ 32 പന്തുകളില്‍ നിന്ന് 62 റണ്‍സാണ് നേടിയത്. ആറ് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു അരുണിൻ്റെ ഇന്നിങ്‌സ്. അരുണിൻ്റെ മികവില്‍ 10.1 ഓവറില്‍ കൊല്ലത്തിൻ്റെ സ്‌കോര്‍ 100 കടന്നു.
തുടര്‍ന്ന് നായകന്‍ വത്സല്‍ ഗോവിന്ദും (43) ആനന്ദ് കൃഷ്ണനും (35) ചേര്‍ന്ന കൂട്ടുകെട്ടും കൊല്ലത്തിൻ്റെ സ്‌കോര്‍ മുന്നോട്ട് ചലിപ്പിച്ചു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച അജിനാസിൻ്റേയും അര്‍ജുന്‍ വേണുഗോപാലിൻ്റേയും ഇന്നിങ്‌സുകളാണ് കൊല്ലത്തിൻ്റെ സ്‌കോര്‍ 200 കടത്തിയത്. അജിനാസ് ഏഴ് പന്തുകളില്‍ 16 റണ്‍സും അര്‍ജുന്‍ ആറ് പന്തുകളില്‍ 17 റണ്‍സും നേടി. ട്രിവാൻഡ്രം റോയല്‍സിന് വേണ്ടി രാഹുല്‍ ചന്ദ്രനും എം. നിഖിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രിവാൻഡ്രം റോയല്‍സിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. അഭിഷേക് പി. നായരും കൃഷ്ണപ്രസാദും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 25 റണ്‍സെടുത്ത അഭിഷേക് പുറത്തായെങ്കിലും, പകരമെത്തിയ വിഷ്ണു വിനോദുമായി ചേര്‍ന്ന് ക്യാപ്റ്റന്‍ കൃഷ്ണപ്രസാദ് അതിവേഗം ഇന്നിങ്‌സ് മുന്നോട്ടു നീക്കി. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ 48 റണ്‍സ് പിറന്നു. 26 റണ്‍സെടുത്ത വിഷ്ണു വിനോദിനെ പുറത്താക്കി കെ.ജി. അഖിലാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്.
കൃഷ്ണപ്രസാദും ഗോവിന്ദ് ദേവ് പൈയും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടും റോയല്‍സിന് പ്രതീക്ഷ നല്‍കി. എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ ഇരുവരും പുറത്തായത് റോയല്‍സിന് തിരിച്ചടിയായി. റോയല്‍സിൻ്റെ മറുപടി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സിലവസാനിച്ചു. കൃഷ്ണപ്രസാദ് (53) ഗോവിന്ദ് പൈ (32) എന്നിവർ മാത്രമാണ് തിളങ്ങിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കെ.ജി. അഖിലാണ് കൊല്ലം ബൗളിങ് നിരയില്‍ തിളങ്ങിയത്.