തിരുവനന്തപുരം: കെസിഎല്‍ രണ്ടാം സീസണില്‍ കന്നി കിരീടം ചൂടി കൊച്ചി ബ്ലൂ ടൈഗേഴ്സ്. ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ 75റണ്‍സിനാണ് കൊച്ചി തകര്‍ത്തത്.
30 പന്തില്‍ 70 റണ്‍സ് നേടിയ ഓപ്പണര്‍ വിനൂപ് മനോഹരനും അവസാന ഓവറുകളില്‍ കത്തിക്കയറിയ ആല്‍ഫി ഫ്രാന്‍സിസ് (25പന്തില്‍ 47) ആണ് കൊച്ചിയെ മികച്ച സ്‌കോറില്‍ എത്തിച്ചത്. മറുപടി ബാറ്റിങ്ങില്‍ കൊല്ലത്തിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഭരത് നെ നഷ്ടമായി.
പിന്നീട് വന്ന ആര്‍ക്കും നിലയുറപ്പിക്കാന്‍ കഴിയാതെ വന്നതോടെ കൊല്ലത്തിന്റെ പോരാട്ടം 16.3 ഓവറില്‍ അവസാനിച്ചു. അഞ്ച് താരങ്ങള്‍ മാത്രമാണ് കൊല്ലത്തിനായി രണ്ടക്കം കടന്നത്. കൊച്ചിക്കായി ജെറിന്‍ പി എസ് മൂന്നും നായകന്‍ സാലി സാംസണ്‍, കെഎം ആസിഫ്, മുഹമ്മദ് ആഷിഖ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും സ്വന്തമാക്കി. സ്‌കോര്‍: കൊച്ചി ബ്ലൂ ടൈഗേഴ്സ് 181-8(20) ഏരീസ് കൊല്ലം സെയ്‌ലേഴ്സ്സ് 106-10(16.3)
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ വിപുലിനെ(1) നഷ്ടമായി. എന്നാല്‍ മറുവശത്ത് തകര്‍ത്ത് അടിച്ച വിനൂപ് മനോഹരന്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു. 30പന്തില്‍ നിന്ന് 70റണ്‍സ് നേടിയ വിനൂപ് പുറത്ത് ആകുമ്പോള്‍ കൊച്ചിയുടെ സ്‌കോര്‍ 7.3ഓവറില്‍ 83റണ്‍സ്.
4 സിക്സും 9 ഫോറും ആണ് വിനൂപിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. പിന്നാലെ കൊച്ചി ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. 13റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് 4വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ അവസാന ഓവറുകളില്‍ ആല്‍ഫി ഫ്രാന്‍സിസ് കത്തിക്കയറിയതോടെ കൊച്ചി മികച്ച സ്‌കോറില്‍ എത്തി. 25പന്ത് നേരിട്ട ആല്‍ഫി മൂന്ന് സിക്‌സ് അടക്കം 47റണ്‍സ് ആണ് അടിച്ചെടുത്തത്.
182 വിജയലക്ഷ്യമായി ഇറങ്ങിയ കൊല്ലത്തിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഭരത്(6)നെ നഷ്ടമായി...പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ കൊച്ചി കൊല്ലത്തിനെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 17റണ്‍സ് എടുത്ത് പുറത്ത് ആയതോടെ കൊല്ലത്തിന്റെ പ്രതീക്ഷകള്‍ അവസാനിച്ചിരുന്നു.
വിഷ്ണു വിനോദും ഫൈനലില്‍ നിരാശപ്പെടുത്തി, അഞ്ച് താരങ്ങള്‍ മാത്രമാണ് കൊല്ലം നിരയില്‍ രണ്ടക്കം കടന്നത്. ജെറിന്‍ പി എസ് 3വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ രണ്ട് വിക്കറ്റ് നേടിയ ക്യാപ്റ്റന്‍ സാലി സാംസണ്‍ മികച്ച പ്രകടനം പുറത്തെടുത്തു. സാലിക്ക് പുറമെ കെഎം ആസിഫ്, മുഹമ്മദ് ആഷിഖ് എന്നിവര്‍ 2വീതം വിക്കറ്റ് സ്വന്തമാക്കി. കൊല്ലത്തിന്റെ നായകന്‍ സച്ചിന്‍ ബേബിയെ അജീഷ് ആണ് പുറത്താക്കിയത്. സഞ്ജു സാംസണിന്റെ അഭാവം ഒരു തരത്തിലും ബാധിക്കാതെ ആയിരുന്നു കൊച്ചിയുടെ പടയോട്ടം.