Source: X/ Kerala Cricket League
CRICKET

കെസിഎല്‍ സീസണ്‍ രണ്ടിൻ്റെ ഗ്രാൻഡ് ലോഞ്ച് കായിക മന്ത്രി ഉദ്ഘാടനം ചെയ്യും

ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം രാത്രി 8.30 മുതല്‍ പ്രശസ്ത മ്യൂസിക് ബാന്‍ഡായ 'അഗം' അവതരിപ്പിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും.

Author : ന്യൂസ് ഡെസ്ക്

ഒരൊറ്റ ലീഗ് മത്സരം കൊണ്ട് തന്നെ ഹിറ്റായ കേരള ക്രിക്കറ്റ് ലീഗായ (കെസിഎല്‍) സീസണ്‍ രണ്ടിൻ്റെ ഗ്രാൻഡ് ലോഞ്ച് ഞായറാഴ്ച തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കും. വൈകിട്ട് 5.30ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനവും മന്ത്രി നിര്‍വഹിക്കും.

സീസണ്‍ 2ൻ്റെ ഭാഗമായി പുറത്തിറക്കുന്ന ആരാധകര്‍ക്കായുള്ള ഫാന്‍ ജേഴ്‌സിയുടെ പ്രകാശനം ക്രിക്കറ്റ് താരങ്ങളായ സല്‍മാന്‍ നിസാറും സച്ചിന്‍ ബേബിയും ചേര്‍ന്ന് നിര്‍വഹിക്കും. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആറു ടീമുകളെയും ചടങ്ങില്‍ പരിചയപ്പെടുത്തും.

ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം രാത്രി 8.30 മുതല്‍ പ്രശസ്ത മ്യൂസിക് ബാന്‍ഡായ 'അഗം' അവതരിപ്പിക്കുന്ന സംഗീത പരിപാടിയും അരങ്ങേറുമെന്ന് കെസിഎ പത്രക്കുറിപ്പില്‍ അറിയിച്ചു. സംഗീത നിശയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.

ക്രിക്കറ്റ് ലീഗിന്റെ പ്രചാരം വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 16 വരെ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ട്രോഫി ടൂറിനോടൊപ്പം വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. സെലിബ്രിറ്റികള്‍, കായിക താരങ്ങള്‍ എന്നിവര്‍ പരിപാടിയുടെ ഭാഗമാകും. ഓരോ ജില്ലകളിലും നാല് ദിവസമാണ് പ്രചരണ വാഹനം പര്യടനം നടത്തുക.

SCROLL FOR NEXT