തിരുവനന്തപുരം: കേരള ക്രിക്കറ്റിൻ്റെ മുഖച്ഛായ മാറ്റിയ കേരള ക്രിക്കറ്റ് ലീഗിൻ്റെ രണ്ടാമത് സീസണ് ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തുടക്കമാകും. ഇന്ന് രണ്ട് സൂപ്പർ പോരാട്ടങ്ങളാണ് ഈ ഗ്രൗണ്ടിൽ അരങ്ങേറുന്നത്. വൈകീട്ട് 6.30ന് കെസിഎൽ ബ്രാൻഡ് അംബാസഡറായ മോഹൻലാൽ ആണ് ചാംപ്യൻഷിപ് ഉദ്ഘാടനം ചെയ്യുക.
താരപ്പൊലിമയുടെയും വർണാഭമായ നൃത്ത-സംഗീത വിരുന്നിനുമൊപ്പമാകും കേരളം കാത്തിരിക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാകുക. 50 കലാകാരന്മാർ പങ്കെടുക്കുന്ന കേരളത്തിന്റെ വിവിധ കലാരൂപങ്ങൾ കോർത്തിണക്കിയുള്ള നൃത്ത-സംഗീത പരിപാടികൾ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറും.
നിലവിലെ ചാമ്പ്യൻമാരായ കൊല്ലം സെയിലേഴ്സും റണ്ണറപ്പുകളായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാറും തമ്മിൽ ഉച്ചയ്ക്ക് 2.45നാണ് ആദ്യ മത്സരം. എന്നാൽ, വൈകിട്ട് 6.30നാണ് മോഹൻലാൽ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ് നടക്കാനിരിക്കുന്നത്.
ഇതിന് ശേഷം 7.45ന് ട്രിവാൻഡ്രം റോയൽസും കൊച്ചി ബ്ലൂ സ്ട്രൈക്കേഴ്സും തമ്മിലുള്ള രണ്ടാം മത്സരവും നടക്കും. കൊച്ചിക്കായി ഇന്ത്യൻ താരം സഞ്ജു സാംസണും സഹോദരൻ സാലി സാംസണും ഒന്നിച്ച് കളത്തിലിറങ്ങുന്നു എന്നതാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്ന ഫാക്ടർ.
റണ്ണൊഴുകുന്ന അഞ്ച് പിച്ചുകളാണ് കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ നാല് പിച്ച് മാണ്ഡ്യ ക്ലേയിൽ തയ്യാറാക്കിയതാണ്. ഈ പിച്ചുകൾ ബാറ്റർമാരെ അതിരറ്റു തുണയ്ക്കുന്ന പിച്ചുകളാണ്. അതേസമയം, ഇതേ ഗ്രൗണ്ടിൽ വടകര ക്ലേ ഉപയോഗിച്ച് നിർമിച്ച അഞ്ചാമത്തെ പിച്ചിന് വേഗം കുറവായിരിക്കുമെന്നാണ് സൂചന.
കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് - രോഹൻ കുന്നുമ്മൽ
തൃശ്ശൂർ ടൈറ്റൻസ് - സിജോമോൻ ജോസഫ്
കൊച്ചി ബ്ലൂ ടൈഗേഴ്സ് - സാലി സാംസൺ
ആലപ്പി റിപ്പിൾസ് - മുഹമ്മദ് അസ്ഹറുദ്ദീൻ
ഏരീസ് കൊല്ലം സെയിലേഴ്സ് - സച്ചിൻ ബേബി
ട്രിവാൻഡ്രം റോയൽസ് - കൃഷ്ണപ്രസാദ്
ആദ്യ ദിനം രണ്ട് മത്സരങ്ങളാണുള്ളത്. ഉച്ചയ്ക്ക് 2.45നും വൈകിട്ട് 6.45നും മാച്ചുകൾ ആരംഭിക്കും. സ്റ്റാർ സ്പോർട്സ് 3യിലും ഏഷ്യാനെറ്റ് പ്ലസിലും ഫാൻകോഡിൻ്റെ ഒടിടി പ്ലാറ്റ്ഫോമിലും മത്സരങ്ങൾ ലൈവായി കാണാം. ഡിആർഎസ് റിവ്യൂ സംവിധാനം ഇത്തവണയുണ്ടാകും.