കൊച്ചി: ടി20 ലോകകകപ്പിൽ പ്ലേയർ ഓഫ് ദി ടൂർണമെൻ്റായി തിളങ്ങി രാജ്യത്തിന് വിശ്വകിരീടം സമ്മാനിച്ച സഞ്ജു സാംസണെ കുറിച്ച് ഓർക്കുമ്പോൾ വലിയ ആവേശത്തിലാണ് കേരള ക്രിക്കറ്റ് ടീമിലെ യുവതാരമായ അഖിൽ സ്കറിയ. ഇന്ത്യൻ ടീം ലോകകപ്പ് നേടുമ്പോൾ വിമാനത്തിൽ പറക്കുകയായിരുന്നു അഖിൽ. എന്നാൽ മനസ് നിറയെ അഹമ്മദാബാദിലെ മൊട്ടേരയിൽ നടക്കുന്ന ഫൈനലിനെ കുറിച്ചുള്ള ആശങ്കകളായിരുന്നു. ഇന്ത്യ-ന്യൂസിലൻഡ് ഫൈനലിൻ്റെ ആദ്യ പകുതി കണ്ട ശേഷമാണ് അഖിൽ ഫ്ലൈറ്റിൽ കയറിയത്.
ലോകകപ്പ് ഫൈനൽ നടക്കുമ്പോൾ യാത്ര ചെയ്യേണ്ടിവന്നതിൻ്റെ നിരാശ മനസിൽ പുകയുമ്പോഴാണ്.. പൈലറ്റിൻ്റെ കോക്‌പിറ്റിൽ നിന്നൊരു അനൗൺസ്‌മെൻ്റ് വരുന്നത്... "ടീം ഇന്ത്യ ലിഫ്റ്റ് ടി20 വേൾഡ് കപ്പ്"... പിന്നാലെ വിമാനത്തിലാകെ കുറേനേരം നിലയ്ക്കാത്ത കയ്യടി... ഇന്ത്യ ലോകകപ്പ് ഉയർത്തിയ ദിവസത്തെ കുറിച്ചും പ്രിയപ്പെട്ട സഞ്ജു ചേട്ടനെകുറിച്ചും ന്യൂസ് മലയാളം വെബ് ടീമിനോട് മനസ് തുറക്കുകയാണ് കേരള ക്രിക്കറ്റ് ടീമിലെ ഓൾറൗണ്ടറും, കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗിലെ പ്ലേയർ ഓഫ് ദി ടൂർണമെൻ്റുമായ അഖിൽ സ്കറിയ.
"ഇന്ത്യ വേൾഡ് കപ്പ് അടിച്ചതിൽ എല്ലാ ഇന്ത്യക്കാരെയും പോലെ എനിക്കും അതിയായ സന്തോഷമുണ്ട്. കോഹ്ലി, രോഹിത്, ധോണി എന്നീ ലെജൻഡ്സ് ഒന്നുമില്ലാതെ.. പുതിയൊരു കൂട്ടം കളിക്കാർ വന്ന് പുതിയൊരു ബ്രാൻഡ് ക്രിക്കറ്റ് കളിച്ച് ലോകകപ്പ് നേടിയെന്നത് എനിക്ക് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്. ഇത്തവണ ഇന്ത്യ ലോകകപ്പ് നേടുമ്പോൾ എനിക്ക് കാണാൻ പറ്റിയില്ല. വിമാനത്തിൽ വച്ച് പൈലറ്റാണ് ഇന്ത്യ ലോകകപ്പ് നേടിയ വിവരം അനൗൺസ് ചെയ്യുന്നത്. ഫ്ലൈറ്റിൽ മൊത്തം കയ്യടിയും ബഹളവുമൊക്കെ ആയിരുന്നു. എൻ്റെ ലൈഫിലെ ആദ്യത്തെ അനുഭവമായിരുന്നു ഇങ്ങനെ ഒരു ലോകകപ്പ് വിജയം എക്സ്പീരിയൻസ് ചെയ്യുന്നത്. പകുതി കളി കണ്ടിട്ട് പിന്നീട് ഫ്ലൈറ്റിൽ കേറി പോകുമ്പോൾ എന്താകുമെന്ന് ഒന്നും അറിയില്ല. നമ്മൾ ഇങ്ങനെ ആലോചിക്കാണ്... എന്താണ് കളിയെന്നും, എന്തായിക്കാണും കളിയെന്നും! അങ്ങനെ ഇരിക്കുമ്പോഴാണ് പൈലറ്റിൻ്റെ അനൗൺസ്മെൻ്റ് വരുന്നത്!!," അഖിൽ ആ ത്രില്ലിങ് നിമിഷങ്ങൾ ഓർത്തെടുത്തു.
"സഞ്ജു ചേട്ടനെ കുറിച്ച് പറയുകയാണെങ്കിൽ.. ലോകകപ്പിന് മുമ്പ് സഞ്ജു ഭായ്ക്ക് അത്ര നല്ലൊരു പരമ്പര ആയിരുന്നില്ല. പ്ലേയിങ് ഇലവനിൽ നിന്ന് ആദ്യം മാറി നിന്നിട്ട്... പിന്നീട് ഒരു നിർണായക സന്ദർഭത്തിൽ ഇങ്ങിനെയൊരു പെർഫോമൻസ് കാഴ്ചവയ്ക്കും എന്നത് നമുക്കും ഒരു ഇൻസ്പിരേഷനാണ്. അപ്പോൾ ഇതുപോലത്തെ ഇന്നിങ്സുകൾ കളിച്ച് ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുക്കുകയെന്നത് ഏതൊരു കളിക്കാരൻ്റേയും സ്വപ്നമാണ്. സഞ്ജു ഭായ്ക്ക് അങ്ങനെ ചെയ്യാനായതിൽ ഭയങ്കര സന്തോഷമുണ്ട്. നമ്മള് കാണുന്നതാണ് സഞ്ജു ഭായ് നന്നായിട്ട് വർക്ക് ചെയ്യുന്നത്. നമ്മള് കാണുന്നതിലും ഒരുപാട് ഇരട്ടി അദ്ദേഹം വർക്ക് ചെയ്യുന്നുണ്ടാകും. ഇത്രയും കാലത്തെ പ്രയത്നം.. ഇതുപോലൊരു വലിയ സ്റ്റേജിൽ സഞ്ജു ചേട്ടന് ഡെലിവർ ചെയ്യാൻ പറ്റിയതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. സഞ്ജു ഭായ്ക്ക് ഇനിയും ഒരുപാട് നല്ല ടൂർണമെൻ്റുകൾ വരാനുണ്ട്. അദ്ദേഹം അത്രയും ഡിസർവ് ചെയ്യുന്നുണ്ടായി... ഭായ്ക്ക് ഇത്രേം നേടാനായതിൽ എനിക്കും വലിയ സന്തോഷം," അഖിൽ പറഞ്ഞു.
"കേരള ടീമിൽ സഞ്ജു ഭായ് ക്യാപ്റ്റനായിരുന്നപ്പോൾ അദ്ദേഹത്തിന് കീഴിൽ ഞാൻ കളിച്ചിട്ടുണ്ട്. ഇപ്പോഴും കളിച്ചു വരികയാണ്. സഞ്ജു ഭായ് ഒരുപാട് സപ്പോർട്ടീവാണ്. നമുക്ക് വേണ്ട ഫീൽഡിങ് സെറ്റ് ചെയ്തുതരും. ഉപദേശങ്ങൾ തരും... നമ്മളെയൊക്കെ വിശ്വസിച്ചിട്ടാണ് ടീമിൽ ഒരു പൊസിഷനിൽ കളിപ്പിക്കുന്നത്. അങ്ങിനെയൊരു പിന്തുണ തരുമ്പോൾ വലിയ വ്യത്യാസമാണ് അത് ഉണ്ടാക്കുക. ഭായ് ജിം സെഷനിലും മറ്റു ട്രെയ്നിങ്ങിലാണെങ്കിലും ഉപദേശങ്ങൾ തരും. ഇങ്ങനെ ചെയ്താൽ നിൻ്റെ കളിയിൽ വലിയ മാറ്റങ്ങൾ വരുമെന്നൊക്കെ പറയും. രണ്ട് മൂന്ന് തവണ ഇങ്ങോട്ടേക്ക് വന്ന് നിർദേശങ്ങളൊക്കെ തന്നിട്ടുണ്ട്. ഇങ്ങനെ ചെയ്യണം... ഈ മാറ്റങ്ങൾ വരുത്തിയാൽ ഗെയിമിൽ നമ്മൾ ചിന്തിക്കുന്നതിൽ അപ്പുറം ഒരുപാട് മാറ്റങ്ങൾ വരുമെന്നൊക്കെ സഞ്ജു ചേട്ടൻ പറഞ്ഞ് തന്നിട്ടുണ്ട്. അതിൽ കൂടുതൽ വർക്ക് ചെയ്യാനും നിർദേശിക്കാറുണ്ട്. എല്ലാ സീനിയർ പ്ലേയേഴ്സും നമുക്ക് പല കാര്യങ്ങളും പറഞ്ഞു തരാറുണ്ട്. സഞ്ജു ഭായ് അതിലേറെ കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ട്. നമ്മളെ ഇത്രയും സപ്പോർട്ട് ചെയ്യുന്ന സഞ്ജു ചേട്ടൻ... ഇത്രയും വലിയൊരു പ്ലാറ്റ്‌ഫോമിൽ നന്നായി പെർഫോം ചെയ്യുമ്പോൾ വലിയ സന്തോഷമുണ്ട്. സഞ്ജു ഭായ്ക്ക് ഭാവിയിലേക്കും ഓൾ ദി ബെസ്റ്റ്," അഖിൽ സ്കറിയ പറഞ്ഞുനിർത്തി.
കേരള ക്രിക്കറ്റ് ടീമിലെ സ്ഥിര സാന്നിധ്യമായ അഖിൽ തോമസ് സ്കറിയ (27 വയസ്) മികച്ചൊരു റൈറ്റ് ആം മീഡിയം ഫാസ്റ്റ് ബൗളറും ഇടങ്കയ്യൻ ബാറ്ററുമാണ്. കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സിന്റെ മികച്ച ഓൾറൗണ്ടറാണ് അഖിൽ സ്കറിയ. 2024, 2025 സീസണുകളിലെ മികച്ച ബൌളിങ് പ്രകടനങ്ങളിലൂടെ അദ്ദേഹം പർപ്പിൾ ക്യാപ്പ് നേടി. കെസിഎൽ സീസൺ രണ്ടിൽ (2025) 25 വിക്കറ്റുകളും 314 റൺസും നേടി പ്ലേയർ ഓഫ് ദി ടൂർണമെൻ്റായിരുന്നു. കെസിഎൽ പതിപ്പുകളിൽ 50 വിക്കറ്റ് നേടുന്ന ആദ്യ കളിക്കാരനാണ് അഖിൽ.