Image: ICC/X
CRICKET

"ടീമില്‍ കുറച്ച് പ്രശ്‌നങ്ങളുണ്ട്"; ലോകകപ്പില്‍ നിന്ന് പുറത്തായതിനു പിന്നലെ പാക് ക്യാപ്റ്റന്റെ തുറന്നു പറച്ചില്‍

ടോസ് നേടിയിരുന്നെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നുവെന്നും പാക് ക്യാപ്റ്റൻ

Author : ന്യൂസ് ഡെസ്ക്

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ജയിച്ചിട്ടും ടി20 ലോകകപ്പില്‍ നിന്ന് പുറത്താകേണ്ടി വന്ന സാഹചര്യത്തില്‍ പ്രതികരണവുമായി പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ. ഷഹിബ്‌സാദ ഫര്‍ഹാന്‍ ഒഴികെയുള്ളവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ലെന്ന് പാക് ക്യാപ്റ്റന്‍ തുറന്നു സമ്മതിച്ചു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ടീമിന്റെ മിഡില്‍ ഓര്‍ഡര്‍ ബാറ്റിങ് വലിയ പ്രശ്‌നമാണെന്നും ആഘ തുറന്നു സമ്മതിച്ചു. മോശം ഫോമിനെ തുടര്‍ന്ന് സൂപ്പര്‍ എട്ട് മത്സരത്തില്‍ നിന്ന് ബാബര്‍ അസം, സെയിം അയൂബ് എന്നിവരെ ഒഴിവാക്കിയിരുന്നു.

ടൂര്‍ണമെന്റില്‍ ഒരിക്കലും മികച്ച ബാറ്റിങ് നടത്താന്‍ ടീമിനായിട്ടില്ല. ഫര്‍ഹാന് അല്‍പം പിന്തുണ ലഭിച്ചിരുന്നെങ്കില്‍ ഫലം മെച്ചപ്പെടുമായിരുന്നു. മിഡില്‍ ഓര്‍ഡര്‍ ബാറ്റിങ് കുറച്ച് വര്‍ഷങ്ങളായി പ്രശ്‌നമാണ്, അത് പരിഹരിക്കുമെന്നും ക്യാപ്റ്റന്‍ പറഞ്ഞു.

നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചെങ്കിലും സെമി ഫൈനലില്‍ കടക്കാന്‍ ആവശ്യമായ നെറ്റ് റണ്‍റേറ്റ് മറികടക്കാന്‍ പാകിസ്ഥാന് സാധിച്ചിരുന്നില്ല. ഓപ്പണര്‍ ഷഹിബ്‌സാദ ഫര്‍ഹാന്‍ സെഞ്ച്വറി നേടിയെങ്കിലും മറ്റു ബാറ്റര്‍മാരുടെ പിന്തുണ ലഭിച്ചിരുന്നില്ല.

ഒരു ഘട്ടത്തില്‍ ഓപ്പണര്‍മാരായ ഫര്‍ഹാനും (100) ഫഖര്‍ സമനും (84) ആഞ്ഞടിച്ചപ്പോള്‍ പാകിസ്ഥാന്‍ കുറഞ്ഞത് 225 റണ്ണെങ്കിലും നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിനാണ് അവര്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. മികച്ച തുടക്കം ലഭിച്ചിട്ടും അവസാന ഓവറുകളില്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതാണ് പാകിസ്ഥാന്റെ സ്‌കോര്‍ 225-ല്‍ എത്താതിരിക്കാന്‍ കാരണമായത്.

ഞങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ കളി അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല. 18 ഓവര്‍ വരെ നന്നായി ബാറ്റ് ചെയ്തു, പക്ഷെ ബാക്കി രണ്ട് ഓവറുകളില്‍ എതിരാളികള്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. 160 റണ്‍സ് പോലും പ്രതിരോധിക്കുക പ്രയാസകരമാകുമായിരുന്നുവെന്നും സല്‍മാന്‍ ആഘ പറഞ്ഞു.

ടോസ് നഷ്ടപ്പെട്ടതും തിരിച്ചടിയായെന്നും പാക് ക്യാപ്റ്റന്‍ പറഞ്ഞു. ടോസ് നേടിയിരുന്നെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നു. മഞ്ഞ് ഒരു പ്രധാന ഘടകമായിരുന്നു. പ്ലാനുകള്‍ കൃത്യമായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. ഉസ്മാന്‍ താരീഖിന് ഇന്ന് ഒരു മോശം ദിവസമായിരുന്നു, അത് ആര്‍ക്കും സംഭവിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT