ട്വൻ്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ വിറപ്പിച്ച് നേപ്പാൾ. അവസാന പന്തിൽ വരെ ആവേശം നിറച്ച മത്സരത്തിൽ 4 റൺസിന് കഷ്ടിച്ച് ജയിച്ച് ഇംഗ്ലണ്ട്. ദീപേന്ദ്ര സിങ്ങാണ് നേപ്പാളിൻ്റെ ടോപ് സ്കോറർ . 29 പന്തിൽ 44 റൺസാണ് ദീപേന്ദ്ര സിങ്ങ് നേടിയത്.
നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 184 റൺസ് നേടിയപ്പോൾ അവസാന പന്ത് വരെ പിടിച്ചു നിന്ന നേപ്പാളിന് 180ൽ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. 15-ാം ഓവറിൽ 124ന് 3 എന്ന നിലയിലായിരുന്ന നേപ്പാൾ 18-ാം ഓവറിൽ 22 റൺസ് അടിച്ചെടുത്തതോടെയാണ് കളി അവേശത്തിലേക്ക് നീങ്ങിയത്. അടുത്ത ഓവറിൽ 14 റൺസ് കൂടെ നേടിയതോടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്കെത്തി. അവസാന ഓവറിൽ ജയിക്കാൻ 10 റൺസ് മാത്രം മതിയെന്നിരിക്കേയാണ് 5 റൺസിൽ നേപ്പാളിന് കളിയവസാനിപ്പിക്കേണ്ടി വന്നത്.
ക്യാപ്റ്റൻ ഹാരി ബ്രൂക്കും ജേക്കബ് ബേതേലുമാണ് ഇംഗ്ലണ്ടിൻ്റെ സ്കോർ ഉയർത്താൻ സഹായിച്ചത്. ഇരുവരുടേയും അർധ സെഞ്ച്വറി ഇംഗ്ലണ്ടിൻ്റെ സ്കോർ 180ൽ എത്തിച്ചു. ബേതേൽ 35 പന്തിൽ 55 റൺസെടുത്തപ്പോൾ ബ്രൂക്ക് 32 പന്തിൽ 53 റൺസെടുത്തു. 39 റൺസെടുത്ത വിൽ ജാക്സും, 26 റൺസ് നേടിയ ഓപ്പണർ ജോസ് ബട്ലറും ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തി. നേപ്പാളിനായി 17 പന്തിൽ 29 റൺസെടുത്ത കുശാൽ ഭർട്ടറും, 34 പന്തിൽ 39 റൺസെടുത്ത രോഹിത് പൗഡേലും മികച്ച പ്രകടനം കാഴ്ചവെച്ചു.