ചെന്നൈ: ടി20 ലോകകപ്പിലെ രണ്ടാം ദിവസത്തെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിന് ജയം. ഗ്രൂപ്പ് ഡിയിൽ നടന്ന ആവേശപ്പോരിൽ കരുത്തരായ അഫ്ഗാനിസ്ഥാനെ അഞ്ച് വിക്കറ്റിനാണ് കീവീസ് പട തോൽപ്പിച്ചത്. സ്കോർ അഫ്ഗാനിസ്ഥാൻ 182/6(20), ന്യൂസിലൻഡ് 183/5(17.5).
നേരത്തെ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത ഓവറിൽ ആറിന് 182 റൺസെടുത്തിരുന്നു. അഫ്ഗാൻ ബാറ്റർമാരിൽ ഗുൽബദിൻ നയ്ബ് (35 പന്തിൽ 63), സെദിഖുള്ള അടൽ (29), റഹ്മാനുള്ള ഗുർബാസ് (27), ഡാർവിഷ് റസൂലി (20) എന്നിവർ തിളങ്ങി. ന്യൂസിലൻഡ് ബൗളർമാരിൽ ലോക്കി ഫെർഗ്യൂസൻ രണ്ട് വിക്കറ്റുകളുമായി തിളങ്ങി.
മറുപടിയായി 17.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് ലക്ഷ്യം കണ്ടു. ടിം സൈഫർട്ടും (42 പന്തിൽ 65), ഗ്ലെൻ ഫിലിപ്സും (25 പന്തിൽ 42), മാർക്ക് ചാപ്മാൻ (28), ഡാരിൽ മിച്ചൽ (25) എന്നിവരും കീവീസ് പടയ്ക്കായി തിളങ്ങി. അഫ്ഗാൻ ബൗളർമാരിൽ മുജീബുർ റഹ്മാൻ രണ്ട് വിക്കറ്റുമായി തിളങ്ങി. ടിം സൈഫർട്ട് തന്നെയാണ് പ്ലേയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.