കൊളംബോ: ടി20 ലോകകപ്പില്‍ പാകിസ്ഥാന്റെ സൂപ്പര്‍ 8 പ്രതീക്ഷകള്‍ വെറുതേയായില്ല. ഇന്ത്യയോടേറ്റ ദയനീയ തോല്‍വിയില്‍ നിന്നും കരകയറി എത്തിയ ടീം നമീബിയക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഗംഭീര വിജയം നേടി.
ജീവന്‍മരണ പോരാട്ടത്തില്‍ ആധികാരികമായിട്ടായിരുന്നു പാകിസ്ഥാന്റെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ 199 റണ്‍സ് നേടി. 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയക്ക് പൊരുതാന്‍ പോലും സമയം കിട്ടിയില്ല. മൂന്നക്കം കടക്കാനാകാതെ 97 റണ്‍സിന് ഓള്‍ഔട്ടായി. 17.3 ഓവറിലാണ് നമീബിയ 97 റണ്‍സ് നേടിയത്.
നമീബിയക്കെതിരെ തോറ്റിരുന്നെങ്കില്‍ പാകിസ്ഥാന്റെ സൂപ്പര്‍ 8 മോഹങ്ങള്‍ അസ്തമിക്കുമായിരുന്നു. ഇന്ത്യക്കെതിരെ കളി മറന്ന പാകിസ്ഥാന്‍ നിര്‍ണായക മത്സരത്തില്‍ ജയം ഉറപ്പിച്ചായിരുന്നു ഇറങ്ങിയത്. നമീബിയയ്ക്കാകട്ടെ ഇന്ത്യക്കെതിരെ കാണിച്ച പോരാട്ട വീര്യം പാകിസ്ഥാനെതിരെ പുറത്തെടുക്കാനായില്ല. ഷഹിബ്‌സാദ ഫര്‍ഹാന്റെ ഗംഭീര ബാറ്റിങ്ങാണ് പാകിസ്ഥാനെ മികച്ച സ്‌കോറില്‍ എത്തിച്ചത്.
58 പന്തില്‍ 100 റണ്‍സ് നേടി പുറത്താകാതെ നിന്ന ഷഹിബ്‌സാദ ഫര്‍ഹാന്‍ നേടിയത്. ബൗളിങ്ങില്‍ ഉസ്മാന്‍ താരീഖും ഷദാബ് ഖാനുമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 3.3 ഓവറില്‍ 16 റണ്‍സ് വഴങ്ങി ഉസ്മാന്‍ നേടിയത് നാല് വിക്കറ്റുകളാണ്. ഷദാബ് നാല് ഓവറില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി.
പാകിസ്ഥാനു വേണ്ടി 23 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ 38 റണ്‍സ് നേടി. സയിം അയ്യൂബ് (14), ഖ്വാജ നഫായ് (5) റണ്‍സും നേടി.
നമീബിയക്കു വേണ്ടി സ്റ്റീന്‍കാമ്പിന്‍ (23) നും അലക്സാണ്ടര്‍ വോള്‍ഷെന്‍ക്കും (20) മാത്രമാണ് അല്‍പ നേരമെങ്കിലും പിടിച്ചു നിന്നത്.
ഇന്ത്യ, ശ്രീലങ്ക, സിംബാബ്വെ, വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, പാകിസ്ഥാന്‍ എന്നീ ടീമുകളാണ് സൂപ്പര്‍ 8 ല്‍ ഇടംപിടിച്ചത്.