ദുബായ്: ഏഷ്യ കപ്പിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-പാകിസ്ഥാൻ ഫൈനലിന് അരങ്ങൊരുങ്ങി. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന നിർണായകമായ സൂപ്പർ ഫോർ പോരാട്ടത്തിൽ അയൽക്കാരായ ബംഗ്ലാദേശിനെ 11 റൺസിന് തോൽപ്പിച്ചാണ് പാകിസ്ഥാൻ കലാശപ്പോരിന് ടിക്കറ്റെടുത്തത്. അത്യന്തം വാശിയേറിയ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണ് നേടിയത്. മറുപടിയായി 20 ഓവറിൽ ബംഗ്ലാദേശിന് 9 വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
30 റൺസെടുത്ത ഷമീം ഹൊസൈൻ ആണ് ബംഗ്ലാ നിരയിലെ ടോപ് സ്കോറർ. പാകിസ്ഥാനായി ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും മൂന്ന് വീതവും, സയീം അയൂബ് രണ്ടും വിക്കറ്റെടുത്തു. ടസ്കിൻ അഹമ്മദ് (4), തൻസിം ഹൊസൈൻ (10), സൈഫ് ഹസൻ (18) എന്നിവരെയാണ് ഹാരിസ് റൗഫ് മടക്കിയത്.
ഷമീം ഹൊസൈൻ (30), പർവേസ് ഹൊസൈൻ ഇമോൺ (0), തൗഹിദ് ഹൃദോയ് (5) എന്നിവരാണ് ഷഹീൻ അഫ്രീദിക്ക് വിക്കറ്റുകൾ സമ്മാനിച്ച് മടങ്ങിയത്. നൂറുൾ ഹസനെയും (16) ജാക്കർ അലിയേയും (5) സയീം അയൂബിൻ്റെ പന്തുകളിൽ മുഹമ്മദ് നവാസ് ക്യാച്ചെടുത്ത് പുറത്താക്കി. മഹെദി ഹസനെ (11) മൊഹമ്മദ് നവാസും പുറത്താക്കി.
ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് എതിരാളികളെ ആദ്യം ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ പാക് ബാറ്റർമാരെ ആദ്യ ഓവർ മുതൽ വിറപ്പിച്ചുനിർത്താൻ ബംഗ്ലാദേശി ബൗളർമാർക്കായി. 31 റൺസെടുത്ത മൊഹമ്മദ് ഹാരിസാണ് പാക് നിരയിലെ ടോപ് സ്കോറർ. മൊഹമ്മദ് നവാസ് (25), പാക് ക്യാപ്ടൻ സൽമാൻ അലി ആഗ (19), ഷഹീൻ അഫ്രീദി (19) എന്നിവരാണ് പാകിസ്ഥാന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
സ്കോർ ബോർഡിൽ അഞ്ച് റൺസ് ചേർക്കുമ്പോഴേക്കും രണ്ട് വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. പിന്നീട് തുടർച്ചയായ ഇടവേളകളിൽ പാകിസ്ഥാന് തുരുതുരെ വിക്കറ്റുകൾ നഷ്ടമായി കൊണ്ടിരുന്നു. ബംഗ്ലാദേശ് ഫീൽഡർമാർ എതാനും ക്യാച്ചുകൾ കൂടി നിലത്തിട്ടില്ലായിരുന്നു എങ്കിൽ പാകിസ്ഥാൻ്റെ അവസ്ഥ ഇതിലും ദയനീയമായിരുന്നേനെ.
ബംഗ്ലാദേശ് ബൗളർമാരിൽ ടസ്കിൻ അഹമ്മദ് മൂന്നും, റിഷാദ് ഹൊസൈനും മഹെദി ഹസനും രണ്ട് വീതവും വിക്കറ്റെടുത്തു. മുസ്തഫിസുർ റഹ്മാൻ ഒരു വിക്കറ്റെടുത്തു. ടസ്കിൻ അഹമ്മദ് ടി20യിൽ 100 വിക്കറ്റെന്ന നേട്ടവും ഇന്നത്തെ മത്സരത്തിൽ മറികടന്നു.