ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ നിലപാട് അറിയിച്ച് പാകിസ്ഥാന്‍. ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ പങ്കെടുക്കുമെങ്കിലും ശ്രീലങ്കയില്‍ ഫെബ്രുവരി 15 ന് നിശ്ചയിച്ച ഇന്ത്യക്കെതിരായ മത്സരത്തില്‍ കളിക്കില്ലെന്നാണ് രാജ്യത്തിന്റെ നിലപാട്.
പാകിസ്ഥാന്‍ സര്‍ക്കാരാണ് വിഷയത്തില്‍ തീരുമാനം അറിയിച്ചിരിക്കുന്നത്. ടൂര്‍ണമെന്റിലെ മറ്റ് മത്സരങ്ങളില്‍ കളിക്കുമെന്നും പാകിസ്ഥാന്‍ അറിയിച്ചു. പിസിബി ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്‌വിയും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് തീരുമാനം അറിയിച്ചത്.
ഇന്ത്യക്കെതിരായ മത്സരത്തില്‍ നിന്നും പിന്മാറാനുള്ള തീരുമാനം പാക് ക്രിക്കറ്റിന് കനത്ത തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്നും ഒഴിവാക്കിയതിനു പിന്നാലെയാണ് പാകിസ്ഥാനും ഇടഞ്ഞത്. ഇന്ത്യയിലെ വേദി മാറ്റണമെന്നായിരുന്നു ബംഗ്ലാദേശിന്റെ ആവശ്യം. നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് ഐസിസി ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയത്. പകരം സ്‌കോട്ട്‌ലന്റിന് അവസരവും ലഭിച്ചു.
പിന്നാലെ, ബംഗ്ലാദേശിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ലോകകപ്പ് ബഹിഷ്‌കരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നു. വിഷയത്തില്‍ അന്തിമ തീരുമാനം പാക് സര്‍ക്കാരിന്റേതായിരിക്കുമെന്ന് പിസിബിയും വ്യക്തമാക്കി. അവസാന നിമിഷം മത്സരം ബഹിഷ്‌കരിച്ചാല്‍ കനത്ത തിരിച്ചടി നേരിടുമെന്ന് ഐസിസി മുന്നറിയിപ്പും നല്‍കി.
തുടര്‍ന്ന് പാക് പ്രധാനമന്ത്രിയുമായി പിസിബി ചെയര്‍മാന്‍ കൂടിക്കാഴ്ച നടത്തുകയും ലോകകപ്പില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ചയോടെ അന്തിമ തീരുമാനം അറിയിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഈ തീരുമാനമാണ് പാക് സര്‍ക്കാര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇന്ത്യയും പാകിസ്ഥാനുമായിട്ടുള്ള മത്സരം കൊളംബോയിലാണ് തീരുമാനിച്ചിരുന്നത്. ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള മത്സരങ്ങളാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.
ഫെബ്രുവരി ഏഴിന് നെതര്‍ലന്‍ഡ്‌സിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം. ഫെബ്രുവരി 10 ന് യുഎസ്എക്കെതിരെയും ഫെബ്രുവരി 18 ന് നമീബിയക്കെതിരെയും മത്സരങ്ങളുണ്ട്. ഇതിനു ശേഷമാണ് ഏറ്റവും കൂടുതല്‍ കാത്തിരുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നിശ്ചയിച്ചിരുന്നത്.