pakistan cricket team Image: X
CRICKET

പാകിസ്ഥാന്‍ വലിയ വില കൊടുക്കേണ്ടി വരും; ഏഷ്യാകപ്പില്‍ നടന്നത് ഗുരുതര ചട്ടലംഘനങ്ങള്‍

ഒന്നിലധികം നിയമലംഘനങ്ങളാണ് നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി

Author : ന്യൂസ് ഡെസ്ക്

അബുദാബി: ഏഷ്യാകപ്പിലെ വിവാദങ്ങള്‍ക്കിടെ, ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ നടപടിക്കൊരുങ്ങി ഐസിസി. ടൂര്‍ണമെന്റില്‍ പാക് ക്രിക്കറ്റ് ടീം ഒന്നിലധികം നിയമലംഘനങ്ങളാണ് നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

യുഎഇയ്‌ക്കെതിരായ മത്സരത്തിനായി മൈതാനത്തെതാന്‍ വൈകിയതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ടീമിനെതിരെ അന്തരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നടപടിക്കൊരുങ്ങുന്നത്. ഏഷ്യാകപ്പില്‍ പിസിബി നടത്തിയത് ഗുരുതര ചട്ടലംഘനങ്ങളാണെന്ന് ഐസിസി കണ്ടെത്തി. യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ മാച്ച് റഫറിയായിരുന്ന പൈക്രോഫ്റ്റുമായി പാക് പരിശീലകന്‍ മൈക്ക് ഹെസനും നായകന്‍ സല്‍മാന്‍ ആഗയും ടീം മനേജര്‍ നാവേദ് അക്രം ചീമയും ചര്‍ച്ച നടത്തുന്നിടത്ത് ടീമിന്റെ നവമാധ്യമ മാനേജര്‍ നയീം ഗിലാനി പ്രവേശിച്ചത് ഗുരുതര വീഴ്ചയായി ആണ് ഐസിസി കണക്കിലെടുത്തിരിക്കുന്നത്.

കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ ഗിലാനി മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും ഐസിസിയുടെ ചട്ടലംഘനമാണെന്നും കണ്ടെത്തി. കൂടാതെ മാച്ച് ഒഫീഷ്യല്‍സും താരങ്ങള്‍ക്കും മാത്രം പ്രവേശിക്കാന്‍ അനുവാദമുള്ള ഇടത്ത് ഗീലാനി കടന്നതില്‍ ഐസിസി പിസിബിയോട് വിശദീകരണം തേടിയിട്ടുണ്ട്. പ്ലെയേഴ്സ് ആന്‍ഡ് മാച്ച് ഒഫീഷ്യല്‍സ് ഏരിയ പ്രോട്ടോക്കോളിന്റെ ലംഘനമാണ് ഗീലാനി നടത്തിയത്തെന്നാണ് കണ്ടത്തല്‍.

മത്സര ദിവസം ആവര്‍ത്തിച്ചുള്ള പിഎംഒഎ ലംഘനങ്ങള്‍ക്ക് ബോര്‍ഡ് കുറ്റക്കാരാണെന്ന് ഐസിസി സിഇഒ സഞ്‌ജോഗ് ഗുപ്ത പിസിബിയെ അറിയിച്ചു. അതേസമയം, ഇന്ത്യ പാക് ഹസ്തദാന വിവാദത്തില്‍ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് ക്ഷമാപണം നടത്തിയെന്ന പിസിബിയുടെ വാദം ഐസിസി തള്ളി. ആശയവിനിമയത്തിലുണ്ടായ അപാകതയില്‍ പൈക്രോഫ്റ്റ് ഖേദം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഐസിസിയുടെ വിശദീകരണം. നേരത്തെ പിസിബിയുടെ വാദം ആന്‍ഡി പൈക്രോഫ്റ്റ് തള്ളിയിരുന്നു.

SCROLL FOR NEXT