പ്രതിക റാവൽ  Image: X
CRICKET

ഓസ്‌ട്രേലിയക്കെതിരായ സെമി ഇന്ത്യക്ക് പണിയാകുമോ? പരിക്കു മൂലം പ്രതിക റാവല്‍ പുറത്ത്

പ്രതികയ്ക്കു പകരം ഷഫാലി വര്‍മ ഓപ്പണറാകും

Author : ന്യൂസ് ഡെസ്ക്

ലോകകപ്പ് സെമിയില്‍ ശക്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. വന്‍ ഫോമില്‍ തുടരുന്ന ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടിയായിരിക്കുകയാണ് ഓപ്പണര്‍ പ്രതിക റാവലിന്റെ പരിക്ക്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പരിക്കേറ്റ പ്രതിക റാവല്‍ സെമിയില്‍ ഇന്ത്യക്കു വേണ്ടി കളിക്കില്ല.

പ്രതികയ്ക്കു പകരം ഷഫാലി വര്‍മ ഓപ്പണറാകും. ഞായറാഴ്ച ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെയാണ് പ്രതികയ്ക്ക് പരിക്കേറ്റത്. ഒക്ടോബര്‍ 31 നാണ് ഇന്ത്യ-ഓസ്‌ട്രേലിയ സെമി ഫൈനല്‍ പോരാട്ടം.

പരിക്കിനെ തുടര്‍ന്ന് പ്രതികയ്ക്ക് ബാറ്റിങ്ങിന് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. ഇനിയുള്ള നിര്‍ണായക മത്സരങ്ങളിലും പ്രതികയുണ്ടാകില്ലെന്ന് ഇപ്പോള്‍ ഉറപ്പായിരിക്കുകയാണ്. ബിസിസിഐയും ഇക്കാര്യം സ്ഥിരീകരിച്ചു.

ലോകകപ്പില്‍ ഇന്ത്യയുടെ സ്റ്റാര്‍ പെര്‍ഫോമറാണ് പ്രതിക. നിലവില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാമതുള്ളത് ഈ ഇന്ത്യന്‍ താരമാണ്. ഒക്ടോബര്‍ 23 ന് ന്യൂസിലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യക്കു വേണ്ടി പ്രതിക നേടിയത് 122 റണ്‍സാണ്. ഒരു വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.

വനിതാ ക്രിക്കറ്റ് ചരിത്രത്തില്‍ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടിയ ബാറ്റര്‍ എന്ന റെക്കോര്‍ഡും പ്രതികയുടെ പേരിലാണ്. 23 ഇന്നിങ്‌സിലാണ് പ്രതിയുടെ നേട്ടം. വനിതാ ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അവര്‍ (2025 ല്‍ ഇതുവരെ 21 ഏകദിനങ്ങളില്‍ നിന്ന് 976 റണ്‍സ്).

പ്രതികയ്ക്കു പകരം അമന്‍ജോത് കൗര്‍ ആയിരുന്നു ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഓപ്പണര്‍. സെമിയില്‍ പരീക്ഷണങ്ങള്‍ക്ക് സ്ഥാനമില്ലെന്ന ബോധ്യത്തിലാണ് ഷഫാലിയെ ഓപ്പണറായി ഇറക്കുന്നത്.

SCROLL FOR NEXT